ആർട്ടെമിസ് ടു ദൗത്യസംഘത്തിന്റെ ഒറൈൺ പേടകം ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും. അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യനെ വീണ്ടും ചന്ദ്രന്റെ സമീപത്തേക്ക് എത്തിച്ച ആർട്ടെമിസ് 2 ദൗത്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിൽ. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ, എന്നിവയുടെ കണക്കു കൂടി ചേർക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തിൽ ചെറിയ വർധന വന്നേക്കാം.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യൽ ഗ്രൂപ്പുകളും തിരിച്ചെത്തിയെന്നും സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു
കേരളത്തില്‍ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് താമര വിരിഞ്ഞെന്ന ബിജെപി നേതാക്കൾ അവകാശപ്പെട്ടു. നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെയും കഴക്കൂട്ടത്ത് വി മുരളീധരന്‍റെയും വിജയം ഉറപ്പെന്ന് വിലയിരുത്തലിലാണ് നേതാക്കൾ.
പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയായിരുന്നു.
യു ഡി എഫിന് വിജയം കിട്ടുമെന്നും എല്ലാ സ്ഥലത്തു നിന്നും കിട്ടുന്ന റിപ്പോർട്ടും സന്തോഷകരമാണെന്നും രമേശ് ചെന്നിത്തല. കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തോട് പ്രത്യേക താല്പര്യം കാണിച്ചെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പരോക്ഷമായി പങ്കുവെച്ച് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. എറണാകുളം ജില്ലയിൽ നിന്നുള്ളയാൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് ആയിരുന്നു ഷിയാസിന്റെ മറുപടി.
സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്, ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. എഫ്സിആർഎ ബില്ല് മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും ഷോൺ ജോർജ് പറഞ്ഞു. അതേസമയം സഭയോട് ഇത്ര സ്നേഹമായിരുന്നെങ്കിൽ എഫ്സിആർഎ കൊണ്ട് വന്നത് എന്തിനെന്നും എന്തായിരുന്നു അതിന്റെ ആവശ്യമെന്നും ജോസ് കെ മാണി
ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.
പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിഗ് ബോസ് മുന്‍ വിജയിയുമായ അഖില്‍ മാരാര്‍. ആറ് ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന തന്‍റെ ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് അഖില്‍ ഇന്നലെ ആരോപിച്ചിരുന്നു.
ഉദ്ഘാടന ദിവസം തിയേറ്ററിൽ തീപിടുത്തം. ആശിർവാദ് സിനിമ കോംപ്ലക്സിലാണ് തീപ്പിടുത്തം ഉണ്ടായത്. പിറവത്താണ് സംഭവം ഉണ്ടായത്. സിനിമ പ്രദർശനം നടക്കുമ്പോഴാണ് തിയേറ്ററിൽ നിന്നും പുക ഉയർന്നത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു. എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപൂരിൽ നിന്ന് എത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് സാബിത്താണ് കേസിൽ പിടിയിലായത്.
2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചാ നിരക്ക് ശുഭസൂചകമാണെന്നും എന്നാൽ ലക്ഷ്യത്തിലെത്താൻ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെയാണ് രാജി.
പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ എഐഎംഐഎം തീരുമാനിച്ചു. ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രഖ്യാപിച്ചു.
തെലങ്കാനയിൽ സ്ത്രീകൾക്കുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഒരു കോടി സാരികൾ നിർമ്മിക്കുന്നതിനായി തെലങ്കാന സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ ഓർഡർ നൽകി. ഏകദേശം 450 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ പണം ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട് ഇത് അനുവദിക്കില്ലെന്നും നടപടി നിർത്തിവെക്കുന്നതാണ് നല്ലതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ഹോര്‍മൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ ടോള്‍ നല്‍കാന്‍ ഇറാന്‍ കപ്പലുകളെ നിര്‍ബന്ധിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാൻ – യുഎസ് സമാധാന ചർച്ചകൾക്ക് വേദിയാകാനിരിക്കുന്ന പാകിസ്ഥാനും ഇസ്രയേലും തമ്മിൽ കടുത്ത നയതന്ത്ര തർക്കം. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഇസ്രയേലിനെതിരെ നടത്തിയ പരാമർശങ്ങളാണ് തർക്കത്തിന് കാരണം. ഇസ്രയേൽ ലെബനനിൽ ‘വംശഹത്യ’ നടത്തുകയാണെന്ന മന്ത്രിയുടെ ആരോപണം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി.
