Screenshot 2024 07 29 13 19 57 079 com.android.chrome edit 1

ഇന്ത്യയ്ക്ക് വൻ നിരാശ. പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഗുസ്തിയില്‍ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അയോഗ്യയാക്കിയത്.

 

 

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി സ്വര്‍ണമെഡലിനായി ഫൈനലില്‍ മത്സരിക്കാനിരിക്കെ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്നും ഇപ്പോഴത്തെ തിരിച്ചടി വേദനാജനകമാണെന്നും പ്രധാനമന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു.

 

 

 

ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് ഇനി വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തും. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് നല്‍കുക.

 

 

 

വയനാട്ടിൽ തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ പ്രധാന അജണ്ട. ടൗൺഷിപ്പ് തന്നെ നിര്‍മിച്ച് ദുരന്തഭൂമിയിലെ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരും. ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടു കണ്ടെത്തുമെന്നും, ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 

 

 

റീ ബിൽഡ് വയനാടിനായി അഞ്ച് ദിവസത്തെ ശമ്പളം നൽകാം എന്ന സർവീസ് സംഘടനകളുടെ നിർദേശം സർക്കാർ അംഗീകരിച്ചു. കൂടുതൽ തുക നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്. മേലധികാരിക്ക് സമ്മത പത്രം നൽകുന്നവരുടെ ശമ്പളം സ്പാർക്കിൽ ക്രമീകരണം വരുത്തി ഈടാക്കും. ഒറ്റ തവണ ആയോ മൂന്ന് തവണ ആയോ നൽകാം എന്നും തീരുമാനമായി. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.

 

 

 

 

വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

 

 

 

വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഒൻപതാം ദിവസവും തുടരുന്നു. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 413 ആയി തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതോടൊപ്പം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.

 

 

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. രാഷ്ട്രീയവും മറ്റു ചിന്തകളും മറന്ന് ദുരുതത്തിൽ അകപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്നും 50,000 രൂപയുടെ ചെക്ക് താനും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

 

 

 

സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഉണ്ടാവില്ല ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം.

 

 

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രായോഗികമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കമ്മിറ്റി ചെയര്‍മാൻ ഡോ. എം.എ. ഖാദര്‍. രാഷ്ട്രീയ പ്രേരണ കൊണ്ടാണ് മന്ത്രി വിമര്‍ശിച്ചത്. എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ട് തുല്യതകൊണ്ടുവരാനാണെന്നും സ്കൂള്‍ സമയമാറ്റ ശുപാര്‍ശ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. നിയമ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

മുസ്‌ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം നാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്‍റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു. ഈയാഴ്ച തന്നെ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും.

 

 

ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂർ വൈകി. കൊച്ചി വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് തായ് എയർലൈൻസിൽ തായ്‍ലൻഡിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയത്. ബാഗിലെന്തുണ്ടെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് പ്രശാന്ത് ബോംബാണ് ബാഗിലെന്ന് പറഞ്ഞതെന്നാണ് വിവരം.

 

 

കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് പോക്സോ കേസിൽ അറസ്റ്റിലായി. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്. കൂടാതെ രണ്ടാം ഭാര്യ നൽകിയ പീഡനക്കേസിൽ നിലവിൽ അബ്ദുൽ റസാഖ് സസ്പെൻഷനിലാണ്.

 

 

തിരുവല്ലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. കുറ്റപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടറാണ് ചാടിപ്പോയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാർ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ കസ്റ്റഡിയിൽ എടുത്തതായിരുന്നു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബിനെ. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേരും ചികിത്സയിൽ തുടരുന്നു. രോഗലക്ഷണങ്ങളുമായി രണ്ട് പേർ നിരീക്ഷണത്തിൽ ഉണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, ഒരു പേരൂർക്കട സ്വദേശി എന്നിങ്ങനെ ആകെ അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നാല് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

 

തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ തുമ്പ സ്വദേശി സെബാസ്റ്റ്യനെ കാണാതായി. രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരുണ്ടായിരുന്ന വള്ളത്തില്‍ നാലുപേര്‍ നീന്തി കരകയറി. സെബാസ്റ്റ്യനെ തിരച്ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

 

 

 

സംസ്ഥാന വ്യാപകമായി 21 പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 32.51 കോടിയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസമായി ഇവരെ ജി.എസ്.ടി. ഇന്റലിജൻസ് നിരീക്ഷിച്ചുവരികയായിരുന്നു. താരങ്ങളിൽനിന്നുള്ളതും വിവാഹങ്ങളുടേയും മേക്കപ്പിലൂടെ ലഭിക്കുന്ന വരുമാനവും മറച്ചുെവച്ചായിരുന്നു നികുതിവെട്ടിപ്പെന്നാണ് വിവരം.

 

 

 

 

 

 

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ അന്തരിച്ചു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തിട്ടുണ്ട്.

 

 

 

കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരൻ്റെ അടിയേറ്റ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ മരിച്ചു. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

 

 

താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധനം. സന്ദര്‍ശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട്

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. താജ്മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പിടിയിലായ പശ്ചാത്തലത്തിലാണ് തീരുമാനം.

 

 

 

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തൽക്കാലം ഇന്ത്യ അഭയം നൽകിയേക്കുമെന്ന് സൂചന. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചർച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ ഷെയ്ഖ് ഹസീനയെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് വിവരം.

 

 

 

ബംഗ്ലാദേശിലെ ധാക്കയിൽ സ്റ്റാർ ഹോട്ടലിന് പ്രതിഷേധക്കാർ തീവെച്ചതിനെ തുടർന്ന് 24 പേർ വെന്തുമരിച്ചു. 150ലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് ശേഷവും അക്രമം വർധിക്കുകയാണെന്നാണ് റിപ്പോർട്ട്.

 

 

ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായ ആഗോള ഐടി പ്രതിസന്ധിയില്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിനെതിരെ അമേരിക്കയിലെ വിമാന കമ്പനികള്‍ കോടതിയെ സമീപിച്ചു. അതേസമയം കേസിന് മെറിറ്റ് ഇല്ല എന്നാണ് ക്രൗഡ്‌സ്ട്രൈക്കിന്‍റെ വാദം. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്‌ഡേറ്റിലുണ്ടായ പിഴവ് ജൂലൈയില്‍ ലോകമെമ്പാടുമുള്ള 85 ലക്ഷം മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളെ ബാധിച്ചിരുന്നു.

 

 

 

 

ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസിന്റെ പുതിയ തലവനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയ കഴിഞ്ഞ ആഴ്ച ടെഹ്‌റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്. എന്നാൽ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്ക് ശേഷം, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിൻ്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *