mid day hd 1

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ വീണ്ടും സൈനികന് വീരമൃത്യു. ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമാണെന്നും, പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്നും സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചു. എന്നാൽ ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്.

 

 

 

 

കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാൽ. ചെറിയ കാര്യങ്ങൾ പർവതീകരിക്കുകയാണെന്നും, തെറ്റായ വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ സുധാകരനും വിഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്. ഒരുമിച്ചാണ് ഇരുവരും തീരുമാനങ്ങൾ എടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേതൃത്വം ഒരുമിച്ച് തന്നെ നേരിടും. അക്കാര്യത്തിൽ ആശയകുഴപ്പം ഇല്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

 

 

 

കോൺഗ്രസ് പാർട്ടിയിൽ തർക്കമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിമർശനം നല്ലതാണ്. വിമർശനം ശരിയാണെങ്കിൽ തിരുത്തും. അല്ലെങ്കിൽ വിമർശിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കും. നേതാക്കൾ സ്വയം നവീകരണത്തിനു വിധേയരാകണം. എന്നാൽ വിമർശനം മനപ്പൂർവം ആകരുത്. അത് ഗുണപ്രദമാകണം. മാധ്യമങ്ങൾക്ക് വാർത്തകൾ കൊടുക്കുന്നത് ചിലർക്ക് രോഗമാണ്. ഉള്ളതും ഇല്ലാത്തതും പറഞ്ഞതും പറയാത്തതും കൊടുക്കുന്നു. അത് മാധ്യമങ്ങൾ വാർത്തയാക്കുകയാണ്. ദൈവം പോലും വിമർശിക്കപ്പെടുന്ന കാലമാണെന്നും സതീശൻ പറഞ്ഞു.

 

 

 

കെപിസിസിയിലെ ഉൾപ്പാര്‍ട്ടി തര്‍ക്കം ഏട്ടൻ അനിയന്മാർ തമ്മിലുള്ള സ്വാഭാവിക തര്‍ക്കമെന്ന് എംകെ രാഘവൻ എംപി. ഈ തർക്കങ്ങൾ പാർട്ടിയെ ബാധിക്കില്ല. ഈ വിഷയം കെട്ടടങ്ങും. പാർട്ടിക്കുള്ളിൽ തന്നെ തീരും. ഹൈക്കമാൻഡ് ഇടപെടേണ്ട സാഹചര്യമില്ല. പാർട്ടിയിൽ പുകയും തീയുമില്ല. മാധ്യമങ്ങൾ ഇനി കത്തിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

മിഷൻ 2025-മായി ബന്ധപ്പെട്ട് കെപിസിസിയിലെ തര്‍ക്കം പരിഹരിച്ച് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിമര്‍ശനങ്ങൾ ഉയര്‍ന്നാൽ നേതാക്കൾ തിരുത്തണമെന്ന നിലപാടുമായി കെ മുരളീധരനും രംഗത്ത് വന്നു. അതേസമയം ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ ഇനി മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

 

 

 

സിപിഎം മാതൃകയിൽ എറണാകുളം ജില്ലയിലെ എംഎൽഎമാരും എംപിമാരും അവർക്ക് ലഭിക്കുന്ന ഓണറേറിയത്തിൻ്റെ ഒരു വിഹിതം പാർട്ടിക്ക് നൽകണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സിപിഎം ജനപ്രതിനിധികൾ കൃത്യമായി ലെവി നൽകാറുണ്ടെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്തരിച്ച കോൺഗ്രസ് നേതാവ് ജോർജ് ഈഡൻ്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് ജോർജ് ഈഡൻ ഇങ്ങനെ തുക പാര്‍ട്ടിക്ക് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

 

 

 

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സംഘം മുമ്പും സമാനമായ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തവർ. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ഈശ്വർ മാൽപെ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ഇവർ ഷിരൂരിലെത്തിയത്. കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുക. റഡാർ ഉപയോഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്തുമെന്നും അവർ പറഞ്ഞു.

 

 

 

 

 

തൃശൂർ വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ 20 കോടി തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.

കേസിലെ പ്രതിയായ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാൻ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി.

 

 

 

കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ പൊലീസ് കേസെടുത്തു. അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എം.ജി റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു.

 

 

 

 

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും 51.4 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായെന്നും കെഎസ്ഇബി അറിയിച്ചു.

 

 

 

 

സംസ്ഥാന സർക്കാരിന്‍റെ ഖരമാലിന്യ സംസ്കരണ പദ്ധതി വഴി ഏറ്റവും കൂടുതൽ മാലിന്യമല നീക്കം ചെയ്യേണ്ട എറണാകുളം ജില്ലയിലും പദ്ധതി നടത്തിപ്പിൽ മെല്ലപ്പോക്കെന്ന് പരാതി. അഞ്ചിൽ രണ്ടിടങ്ങളിൽ ബയോമൈനിംഗ് മെഷീൻ എത്തിച്ചെങ്കിലും പ്രാഥമിക അനുമതി ഇല്ലാത്തതിനാൽ എവിടെയും ഒരു ലോഡ് മാലിന്യം പോലും നീക്കം ചെയ്തിട്ടില്ല. അടുത്ത മെയ് മാസത്തിനുള്ളിൽ ബയോ മൈനിംഗ് നടത്തി ഭൂമി വീണ്ടെടുത്തില്ലെങ്കിൽ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണവും വൈകും.

 

 

 

സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇൻ കേരളയിലൂടെ നടപ്പാക്കുക.

 

 

 

കായംകുളത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് പൊലീസിനെ വട്ടം ചുറ്റിച്ച് മോഷ്ടാവ് ഒടുവിൽ ഓടയിൽ ഒളിച്ചു. ഫയർഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് സാഹസികമായി മോഷ്ടാവിനെ പൊലിസ് പുറത്തെത്തിച്ചത്. ഇതേ തുടർന്ന് തമിഴ്നാട് സ്വദേശി രാജശേഖരനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.

 

 

 

തിയറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സംഘം കേരളത്തില്‍ പിടിയിലായി. മധുരയില്‍ നിന്നുള്ളവരാണ് പിടിയിലായത്. തിരുവനന്തപുരം ഏരീസ്പ്ലെക്സ് തിയറ്ററില്‍ നിന്ന് ധനുഷ് നായകനായ തമിഴ് ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. സിനിമ പകര്‍ത്തിയ മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

 

 

 

മാള മേലഡൂരില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. എരവത്തൂര്‍ സ്വദേശി ജോമിയെ ആണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി അറസ്റ്റു ചെയ്തത്. മേലഡൂര്‍ സ്വദേശിയായ കുട്ടപ്പന്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

 

 

 

 

മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ലക്ഷങ്ങളുടെ നാശനഷ്ടം. കൽകുണ്ട്, കേരള തുടങ്ങിയ ഭാഗങ്ങളിൽ കാറ്റ് കനത്ത നാശം വിതച്ചു. കൽക്കുണ്ടിൽ മാത്രം ഏക്കർ കണക്കിന് സ്ഥലത്തെ ജാതി, റബ്ബർ, കവുങ്ങ് മരങ്ങള്‍ കടപുഴകി. നിരവധി വൈദ്യുതി തൂണുകളും പൊട്ടിവീണു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. കേരളയിൽ സ്കൂളിന് സമീപം മരം പൊട്ടിവീണെങ്കിലും വിദ്യാർഥികളെ സുരക്ഷിതമായി മാറ്റി.

 

 

 

കേരള ഹൈക്കോടതി ജസ്റ്റിസിന്റെ കൊച്ചിയിലെ വീടിന് മുന്നിൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നഗരത്തിലെ കെ.ടി കോശി റോഡിൽ ജസ്റ്റിൽ അനിൽ കെ നരേന്ദ്രൻ്റെ വീടിന് മുന്നിൽ കണ്ടെത്തിയ മാലിന്യം നിറഞ്ഞ കവറുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. എറണാകുളം നഗരത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടുക്കി, കാസർകോട് സ്വദേശികളായ ഷാഹുൽ, കാര്‍ത്തിക് എന്നീ യുവാക്കളാണ് അറസ്റ്റിലായത്.

 

 

 

മന്ത്രവാദത്തിന്റെ മറവില്‍ ലഹരി വസ്തുക്കൾ കച്ചവടം നടത്തി വന്നയാള്‍ അറസ്റ്റില്‍. വട്ടപ്പാറ വേറ്റിനാട് മാതുശേരിവീട്ടില്‍ സുരേന്ദ്രനെയാണ ഡാന്‍സാഫ് ടീമും വട്ടപ്പാറ പൊലീസും ചേര്‍ന്ന് പിടികൂടിയത്. വട്ടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ഉൽപന്നങ്ങള്‍ വിൽപന നടത്തിയിരുന്ന ഇയാള്‍ വേറ്റിനാട് മന്ത്രവാദകേന്ദ്രവും സ്ഥാപിച്ചിരുന്നു.

 

 

 

പൊലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതിയായ ചെമ്മനാട് സ്വദേശിനിയായ ശ്രുതി ചന്ദ്രശേഖരനെ ഉടുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പൊലീസ് പിടികൂടി. ഐഎസ്ആ‌ഒയുടെയും ഇൻകം ടാക്സിന്റെയും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ശ്രുതി തട്ടിപ്പ് നടത്തിയത്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 30കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രുതിയെ പിടികൂടിയത്.

 

 

 

എൽഡി ക്ലര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 3.30 വരെയാണ് സമയം. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന തിരുവനന്തപുരത്ത് 272 കേന്ദ്രങ്ങളുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി അധിക സർവീസുകൾ നടത്തും.

 

 

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിൽ നൽകിയ കേസ് അടക്കം കെഎം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ധനവകുപ്പിൻറ പരാതി. ഇതിന് പിന്നാലെ വായ്പയെടുത്തതടക്കം തന്നിഷ്ട പ്രകാരം ഉള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുക്കാനും ധനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

 

 

 

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

 

 

 

തിരുവല്ലയിൽ പാടശേഖരത്തിന് നടുവിലെ പാതയില്‍ കാറില്‍ വയോധിക ദമ്പതിമാരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല നഗരസഭയിലെ 24-ാം വാര്‍ഡില്‍ തുകലശ്ശേരി ചെമ്പോലിമുക്കിന് സമീപം വേങ്ങശ്ശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (62) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങള്‍മൂലം ഇരുവരും ആത്മഹത്യചെയ്തതാണെന്ന് തിരുവല്ല ഡിവൈ.എസ്.പി. എസ്. അഷാദ് പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് ഡല്‍ഹിയില്‍ പുതിയ വസതി അനുവദിച്ച് ഹൗസിങ് കമ്മിറ്റി. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവാണ് രാഹുലിന് അനുവദിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ടൈപ് എട്ട് ബംഗ്ലാവിന് അര്‍ഹനാണ് രാഹുല്‍ഗാന്ധി. ക്യാബിനറ്റ് മന്ത്രിമാര്‍, സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാര്‍, കേന്ദ്രമന്ത്രിമാര്‍, സര്‍ക്കാരിലെ പ്രധാന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ടൈപ് എട്ട് ബംഗ്ലാവ് അനുവദിക്കുന്നത്.

 

 

 

എറണാകുളം–ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26വരെ. ബുധന്‍,വെള്ളി,ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലായിരിക്കും. സര്‍വീസ് സ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്. തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

 

 

 

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയിൽ യദകുമേരി – കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. ബെംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാർക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആർടിസി ബസ്സിൽ യാത്രയൊരുക്കി.

 

 

2024 പാരിസ് ഒളിമ്പിക്‌സിലെ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് നിരാശ. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകള്‍ക്കും യോഗ്യത റൗണ്ടിൽ നിന്ന് മുന്നേറാനായില്ല.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *