Untitled design 20240624 134401 0000

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രത്യേക ചർച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പാർലമെൻറ് അവരോടൊപ്പം എന്ന സന്ദേശം നൽകണം. പാർലമെൻറിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റിൽ പ്രത്യേക ചർച്ച വേണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. എന്നാൽ പ്രത്യേക ചർച്ച അനുവദിക്കാത്തതിനാൽ പ്രതിപക്ഷം ഇറങ്ങിപോയി.

 

 

 

 

പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മര്‍ദ്ദവും അടക്കമുള്ള പ്രശ്നങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസി വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ യോഗ ഉൾപ്പെടെ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകളിൽ തന്നെ മെന്‍ററിങ് സംവിധാനമുണ്ട്, എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സേനയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഗൗരവമായി പരിശോധിക്കും. പോലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

 

 

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം കരമന ഹരിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു പരാമർശം. മുതലാളി ആരെന്ന് പറയണമെന്ന് ജില്ലാ കമ്മറ്റി യോഗത്തില്‍ എം സ്വരാജ് ആവശ്യപ്പെട്ടു. പേര് പറയാൻ കരമന ഹരി തയ്യാറായില്ല. തുടർന്നാണ് ആരോപണത്തിൽ വിശദീകരണം തേടിയത്.

 

 

 

സിപിഎം ജില്ലാകമ്മിറ്റിയില്‍ മന്ത്രി മുഹമ്മദ് റിയാസിനും സ്പീക്കര്‍ എ.എന്‍. ഷംസീറിനുമെതിരെ രൂക്ഷവിമര്‍ശനം. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ കടകംപള്ളി സുരേന്ദ്രനോടുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്നും റിയാസ് മുതിര്‍ന്ന നേതാക്കളോട് ബഹുമാനമില്ലാതെ സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി. അതോടൊപ്പം സ്പീക്കര്‍ എ.എന്‍.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും, സ്പീക്കര്‍ക്ക് ബിജെപി ബന്ധമുള്ള വ്യവസായിയുമായിവരെ ബന്ധമുണ്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

 

 

 

 

 

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം. കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി എന്നും, മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു, പൊതു ജനങ്ങൾക്കിടയിൽ ഈ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. ബസ്സിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

 

 

 

സർവ്വകലാശാല വി സി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗർവണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. കഴിഞ്ഞ 28ാം തീയതി പുറപ്പെടുവിച്ച വി‍ജ്ഞാപനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് എ ജി കോടതിയിൽ വ്യക്തമാക്കി. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ നിലവിൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. ചാൻസിലറായ ഗവർണറുടെയും യുജിസിയുടെയും നോമിനികൾ മാത്രമാണ് സെർച്ച് കമ്മിറ്റിയിൽ ഉള്ളത്.

 

 

 

സൗകര്യം വിലയിരുത്തി അധിക ബാച്ച് അനുവദിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്ന് ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ. പരിമിതികൾ അറിയിച്ച സ്കൂളുകൾ നേരിട്ട് സന്ദർശിക്കുമെന്ന് ആർ സുരേഷ് കുമാർ പറഞ്ഞു. മലപ്പുറത്തെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ മലപ്പുറത്തെത്തിയത്. ജൂലൈ 4ന് വൈകിട്ട് കുറവുള്ള സീറ്റുകൾ കൃത്യമായി അറിയാൻ കഴിയും. അതിന് ശേഷം ഉടനടി റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് തിരുവനന്തപുരം അഡീഷണൽ കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്.

 

 

 

ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് പ്രതികരിച്ചു. കൃത്യമായ കാരാറോടെയാണ് ഭൂമി വിൽപ്പനയിൽ ഏർപ്പെട്ടത്. മൂന്നു മാസം കഴിഞ്ഞിട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി വ്യക്തമാക്കി.

 

 

 

പ്രോപ്പർട്ടിയിൽ യാതൊരു ബാധ്യതയില്ലെന്നു പറഞ്ഞിരുന്നുവെന്ന് ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ഉമർ ശരീഫ്. ഇടപാടുകളെല്ലാം ഡിജിപി ദർവേസ് സാഹിബുമായി ബന്ധപ്പെട്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നൽകിയിരുന്നു. വീണ്ടും രൂപ ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ ആധാരം കാണണമെന്ന് താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉമർ ശരീഫ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥലത്തിന് ആൽത്തറ എസ്ബിഐ ബ്രാഞ്ചിൽ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കരാറിൽ നിന്ന് പിൻമാറുകയുമായിരുന്നു. അവഹേളിക്കണമെന്ന് ആഗ്രഹമില്ലെന്നും. പണം തരാത്തതിനാലാണ് നിയമപരമായി നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. അടുത്ത 15 ദിവസത്തിനകം ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടും. 2023 ഒക്ടോബർ വരെ ജോലിക്ക് ഹാജരാകാത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആരോഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെ സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാർ ഒരുമാസത്തിനകം സർവീസിൽ കയറണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

 

സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് നൽകണം. സ്കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കണമെന്ന കണ്ണൂർ പട്ടാന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപിക നൽകിയ ഹർജിയിലാണ് ഉത്തരവ്.

 

 

 

 

കാസർകോട് ബോവിക്കാനം എയുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്. ക്ലാസ് മുറിക്കുള്ളിൽ പ്രവേശിച്ചല്ല, ജനൽ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കൾ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടർന്നിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമല്ല.

 

 

 

 

ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ജീവനക്കാരുടെ സുരക്ഷ പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

 

പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളില്‍ നിന്ന് തത്ക്കാലം ടോൾ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിവ് വേണ്ടെന്ന് വെക്കുകയായിരുന്നു. സർവകക്ഷിയോഗത്തിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക. ഇന്നലെ അർധരാത്രി മുതൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധമുയർന്നിരുന്നു.

 

 

സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ സഹായമുള്ള മുഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും സംസ്ഥാനത്ത് മാസങ്ങളായി കുടിശികയിലെന്നിപ്പോർട്ട്. അയ്യായിരം കോടിയിലേറെ രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാരിന് കണ്ടത്തേണ്ടത്. പെന്‍ഷന്‍ വിഷയം സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

 

 

 

 

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം റിപ്പോർട്ട് ചെയ്യാനായി എത്തിയ പത്ര–ദൃശ്യമാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ ശേഷം ബൗൺസർമാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തന്ന് കൊച്ചിയിലെ മാധ്യമപ്രവർത്തകർ. സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധക്കുറിപ്പ് പുറത്തിറക്കി.

 

 

 

 

ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.

 

 

 

ആലപ്പുഴയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി. ഹരിപ്പാട് കുമാരപുരം സ്വദേശികളായ ചിങ്ങംത്തറയിൽ ശിവപ്രസാദ്, താമല്ലാക്കൽ കൃഷ്ണ കൃപ വീട്ടിൽ രാഹുൽ എന്നിവരെയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നാടുകടത്തിയത്.

ഹരിപ്പാട് എസ് എച്ച് ഒ അഭിലാഷ് കുമാർ എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

 

 

 

പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നെന്ന് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ജഗദീഷ്. ഇരുവരും വിസമ്മതം അറിയിച്ചതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്. പരിഭവിച്ച് നില്‍ക്കുന്നവരെയും ഒപ്പം ചേര്‍ത്ത് മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു.

 

 

 

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.

 

 

 

മലപ്പുറം കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആരോഗ്യ വകുപ്പ് ഷിഗല്ല സ്ഥിരീകരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികളാണ് ചികിത്സ തേടിയിരുന്നത്. ഇതിൽ 4 കുട്ടികളെ പരിശോധിച്ചതിൽ ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

 

 

പ്രതിഷേധം ശക്തമായതോടെ റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു. തിരൂർ സ്റ്റേഷനിൽ അമൃത് ഭാരത് വികസന പദ്ധതിയുടെ ഭാഗമായി എസ്കലേറ്റർ നിർമിക്കാനെന്നു പറഞ്ഞാണ് മെയിൽ സർവീസ് കേന്ദ്രം ഇവിടെ നിന്നും ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ റെയിൽവേ ലൈനിൽ തന്നെ ആർ എം എസ് ഓഫീസിന് പുതിയ സ്ഥലം അനുവദിക്കാൻ തീരുമാനമായി.

 

 

 

ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തി സോയില്‍ നെയ്‌ലിങ്‌ നടത്തിയ ഭാഗമാണ് വന്‍തോതില്‍ ഇടിഞ്ഞുവീണത്. ദേശീയപാതയുടെ ഒരു ഭാഗത്തേക്കാണ് മണ്ണിടിഞ്ഞത്.

 

 

 

 

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു. അത്താണിക്കലിൽ 284 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുവെന്നും, വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായും അധികൃതർ അറിയിച്ചു. ചേലേമ്പ്രയിൽ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്കൂളുകൾക്കുൾപ്പെടെ ജാഗ്രത നിർദേശം നൽകി.

 

 

അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജനാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയംവയൽ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മീനയുടെ ഭർത്താവ് ശങ്കരനെയും കാണാതായി. മീനയുടെ മരണത്തിൽ ദുരൂഹത ഉയർന്നതോടെ ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങി.

 

 

 

പൂണെ ലോണാവാലയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു കുടുംബത്തിലെ ഏഴുപേർ ഒലിച്ചുപോയി. ഇവരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിലാണ് സംഭവമുണ്ടായത്. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം.

 

 

 

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നശേഷമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്. റോഡ് തടസപ്പെടുത്തിയതിന് തെരുവുകച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 285-ാം വകുപ്പ് പ്രകാരമാണ് കേസ്. ബിഹാര്‍ സ്വദേശി പങ്കജ് കുമാറാണ് രാജ്യത്തെ ഭാരതീയ ന്യായ് സംഹിത പ്രകാരം രജിസ്റ്റര്‍ചെയ്ത ആദ്യ കേസിലെ പ്രതി.

 

 

 

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. 1563 വിദ്യാർത്ഥികളിൽ 813 പേർ വീണ്ടും പരീക്ഷയെഴുതി. ആറ് നഗരങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തിയത്.

എന്നാൽ വീണ്ടും പരീക്ഷ എഴുതിയ 813 പേരിൽ ആർക്കും 720/720 മാർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേർക്കാണ് മുഴുവൻ മാർക്കും ലഭിച്ചിരുന്നത്.

 

 

 

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് ഇന്ത്യന്‍വംശജയായ സുനിതാ വില്യംസിന്റെ മടങ്ങിവരവ് വൈകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എസ്.ആര്‍ ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. സുരക്ഷിതമായി ഭൂമിയിലെത്താനുള്ള കഴിവ് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഇതേതുടർന്ന് ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെ പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും.

 

 

 

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ പോരാട്ടം. രാത്രി 9.30ന് ഫ്രാന്‍സ് ബെല്‍ജിയത്തെയും പോര്‍ച്ചുഗല്‍ രാത്രി 12.30ന് സ്ലോവേനിയയേയും നേരിടും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *