സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്നും, വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ വ്യക്തമാക്കി.
എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു. നിരപരാധികൾ കണ്ണൂരിൽ ബോംബ് പൊട്ടി മരിക്കുന്നത് ആവർത്തിക്കുകയാണ്. കണ്ണൂരിൽ ബോംബ് നിർമ്മാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണ്. പാർട്ടി ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ ഡിസിസി ഓഫീസിൽ പലതരം ബോംബുകൾ പ്രദർശിപ്പിച്ച നില വരെ ഉണ്ടായിട്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എരഞ്ഞോളി സ്ഫോടനത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിഹസിച്ചു. സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു. ക്രിമിനലുകൾ എങ്ങിനെ രക്ത സാക്ഷികൾ ആകും. സിപിഎം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം ജോണിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്‍യു നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ ഒരു വിഭാഗം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പാലക്കാട് ബാരിക്കേഡിന് മുകളിൽ കയറിയും കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ യാത്രാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. ദുരന്ത മുഖത്ത് വിവാദത്തിനില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടത് ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ പരിഗണനകൾ പാടില്ല. ദുരന്ത മുഖത്ത് വേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനമാണ്. മന്ത്രി വീണക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവർത്തി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിന്‍റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു. എന്നാൽ സ്കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവർത്തിക്കുന്നതെന്നും വർഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹർജിക്കാർ അറിയിച്ചു. പ്രായോഗികമായി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ചോദിച്ച കോടതി സർക്കാരിന്‍റെ മറുപടിയ്ക്കായി ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.
കൊച്ചി കാക്കനാടുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യ വകുപ്പ്. രോഗലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ പൂർത്തിയാക്കി. ഫ്ലാറ്റിൽ എത്തുന്ന വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. വെള്ളത്തിന്‍റെ പരിശോധന ഫലം ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേതുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടി. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡല്‍ഹിയിലേക്ക് തിരിച്ചുപോയിരുന്നു.
കൊല്ലം കുണ്ടറയിൽ എംഎൽഎ ഫണ്ടിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ടെന്ന് നെടുമ്പന ഗ്രാമപഞ്ചായത്ത്. പരിപാലനത്തിന് പണമില്ലാത്തതിനാൽ ലൈറ്റുകൾ ഏറ്റെടുക്കുന്നത് ബാധ്യതയാകുമെന്നാണ് എൽഡിഎഫ് ഭരണസമിതിയുടെ മറുപടി. എന്നാൽ ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം.
സൂക്ഷ്മമായ ചില കാര്യങ്ങളിൽ ഇടതുപക്ഷം കൃത്യമായ ചില മാറ്റങ്ങൾ വരുത്തിയാൽ പഞ്ചായത്തിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്ന് ഇടതുപക്ഷ സഹയാത്രികൻ പ്രേം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതുവരെ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്നപോലെ പറഞ്ഞാൽ, ഒന്നുകൂടി സ്ട്രാറ്റജിക്കായി കാര്യങ്ങൾ അവതരിപ്പിച്ചാൽ, പ്രിയങ്കാ വധേര വയനാട്ടിൽ സുഖായിരിക്കുകയേയുള്ളുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
തൃശൂരിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ചു തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ അറ്റക്കുറ്റപണികൾക്കായി തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. രണ്ടു മാസത്തിനകം നവീകരണം പൂർത്തിയാക്കി പ്രതിമ പുന:സ്ഥാപിക്കും. ജൂൺ ഒൻപതിനു പുലർച്ചെയായിരുന്നു ശക്തൻ തമ്പുരാന്റെ പ്രതിമ കെ.എസ്.ആർ.ടി.സി. ബസിടിച്ച് വീണത്.
തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ, എറണാകുളം , കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ , എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ പ്രത്യേക അമ്പേഷണ സംഘം മുംബൈയ്ക്കടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ ചെറുതുരുത്തിയില്‍ ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തിയവർ തമ്മിൽ സംഘർഷം. വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. യുവാക്കൾ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തതതിനെ തുടർന്നായിരുന്നു സംഘർഷം. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് സ്വമേധയ കേസെടുത്തു.
മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകൾ. സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവർ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുലിനെ ജന്മദിനാശംസകൾ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അനുകമ്പയും രാഹുലിന്‍റെ സവിശേഷമായ ഗുണങ്ങളാണെന്ന് ഖാർഗെ കുറിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി നിരവധി നേതാക്കൾ രാഹുലിന് ആശംസകൾ നേർന്നു.
നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്‍റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നളന്ദയെന്നത് വെറുമൊരു പേരല്ല. അത് ഒരു സ്വത്വവുമാണ്. മൂന്നാം തവണയും അധികാരമേറ്റ് പത്ത് ദിവസത്തിനുള്ളില്‍ നളന്ദയില്‍ സന്ദർശിക്കാൻ കഴിഞ്ഞുവെന്നത് സന്തോഷകരം. അഗ്നിക്ക് പുസ്തകങ്ങളെ ഇല്ലാതാക്കാൻ കഴിയും എന്നാല്‍, അറിവിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു.
ആന്ധ്രയിലെ ക്ഷേമ പദ്ധതികളുടെ പേര് മാറ്റി. ജഗനണ്ണാ, വൈഎസ്ആർ തുടങ്ങിയ പേരുകൾ ഒഴിവാക്കി ചന്ദ്രണ്ണാ, എൻടിആർ എന്ന പേരുകളിലാകും ഇനി പദ്ധതികൾ അറിയപ്പെടുക. ചന്ദ്രബാബു നായിഡു സർക്കാരിന്റേതാണ് ഉത്തരവ്. ആറ് ക്ഷേമ പദ്ധതികളുടെ പേരിലാണ് മാറ്റം. ഇതിന് മുൻപ് നൽകിയിരുന്ന അതേ ആനുകൂല്യങ്ങളാവും നൽകുക, പേരിൽ മാത്രമാണ് മാറ്റം.
ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് സാമൂഹ്യ സുരക്ഷാ വകുപ്പ് സെക്രട്ടറി പുറത്തിറക്കി.
കന്നഡ താരം ദര്‍ശന്‍റെ മനേജര്‍ ശ്രീധറിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. തന്‍റെ സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിന്‍റെ സഹോദരി വ്യക്തമാക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ദർശന്റെ മാനേജർ ശ്രീധറിനെ ദര്‍ശന്‍റെ ഫാം ഹൗസില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഫര്‍വാനിയയില്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ കോര്‍ട് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ടി20 ലോകകപ്പിൽ നിന്ന് തോറ്റ് പുറത്തായതിന് പിന്നാലെ പരിഹസിച്ച ആരാധകനെ തല്ലാനായി ഓടിച്ച സംഭവത്തില്‍ വിശദീകരണവുമായി പാക് പേസര്‍ ഹാരിസ് റൗഫ് . ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വരരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും. ക്രിക്കറ്റ് താരമെന്ന നിലയില്‍ ആരാധകരുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളുമെല്ലാം കേള്‍ക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അവര്‍ക്കതിനുള്ള അവകാശവുമുണ്ട്. എന്നാല്‍ എന്‍റെ മാതാപിതാക്കളെയോ കുടുംബത്തെയോ അവഹേളിക്കാന്‍ അവര്‍ക്ക് അവകാശമില്ല. ഏത് പ്രഫഷനായാലും ആളുകളോടും അവരുടെ കുടുംബത്തോടും മാന്യമായി പെരുമാറുക എന്നത് പ്രധാനമാണെന്നും ഹാരിസ് റൗഫ് എക്സ് വ്യക്തമാക്കി.