ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 ആയി. 1590 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു. രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. രാത്രിയില്‍ ഹമാസിന്‍റെ താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തുടങ്ങിയ ശക്തമായ ആക്രമണം തുടരുകയാണ്.
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് വെളിപ്പെടുത്തി. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാൻ. എന്നാൽ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ് പലസ്തീൻ. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു.
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിർദേശം നൽകും. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കലിന് നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്.മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ എംബസി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘം പലസ്തീനില്‍ കുടുങ്ങിയതായി റിപ്പോർട്ട്. ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. ബെത്‌ലഹേമിലെ ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്നാണ് റിപ്പോർട്ട്.പത്തുദിവസത്തെ തീര്‍ഥാടനത്തിനായി ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍നിന്ന് പുറപ്പെട്ടതാണ് സംഘം.
രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും,കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പിന്നിൽ സിപിഎമ്മും എൽഡിഎഫുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
സഹകരണ പ്രതിസന്ധിയിൽ സര്‍ക്കാരിനേയും സിപിഎമ്മിനേയും സമ്മർദ്ദത്തിലാക്കിയ മുന്‍മന്ത്രി ജി.സുധാകരന്‍റെ തുറന്ന് പറച്ചിലിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.സത്യം പറയുന്ന നേതാവാണ് ജി.സുധാകരന്‍.അഴിമതിക്ക് എതിരെ ശക്തമായി നടപടി എടുക്കുന്ന ആളാണ് അദ്ദേഹം.ജി.സുധാകരനോട് പൂർണ്ണ യോജിപ്പാണ്.അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട്ട് വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍റെ മാലിന്യ സംസ്കരണകേന്ദ്രത്തില്‍ തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. മനഃപൂര്‍വം തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
സാഹിത്യ സംഭാവനയ്ക്കുള്ള 47–ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ജീവിതം ഒരു പെന്‍ഡുലം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
കോഴിക്കോട് മെഡിക്കൽ കോളജിലെ നിയമന തട്ടിപ്പിലെ പ്രതി ദിദിന്‍ കുമാറിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്. ഇയാളുടെ പൊക്കുന്നിലെ വീട്ടിൽ നിന്ന് പാസ്പോർട്ട് അടക്കമുള്ളവ പിടിച്ചെടുത്തു.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം മലയോര മേഖലയിൽ ഇടി മിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും, കാലവർഷം കഴിഞ്ഞ് തുലാവർഷം തുടങ്ങുന്നതിന്റെ ഭാഗമായി പകൽസമയത്ത് അന്തരീക്ഷ താപനില കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ കിഫ്‌ബി വഴി സമാഹരിച്ച് കേന്ദ്രത്തിന് നൽകിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാർഷിക വായ്‌പാ പരിധിയിൽനിന്ന് കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനെ നേരിൽ കണ്ടാണ് ആവശ്യം മുന്നോട്ടുവച്ചത്.
തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ഇ ഡി അരങ്ങൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എസി മൊയ്തീൻ ആരോപിച്ചു.ഇ ഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്.സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്‍റെ ഭാഗമാണ്.ഇ ഡി കരിവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്‍റെ പ്രവർത്തനം തടയാനാണെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്ക നടപടി എടുത്തവരെ തിരിച്ചെടുക്കണമെന്ന് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് ബെന്നി ബെഹ്‌നാനും കെ സി ജോസഫും കെപിസിസി നേതൃത്വത്തിന് കത്ത് നൽകി. പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി പി ചാക്കോ, കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫ് അടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം.
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിൽ പ്രതികൾക്ക് അനുകൂല നിലപാടാണ് സഹകരണ വകുപ്പും പൊലീസും സ്വീകരിക്കുന്നതെന്ന് ആരോപണം. എട്ടുകോടി 34 ലക്ഷം രൂപ പ്രതികളിൽ നിന്ന് ഈടാക്കാൻ സർചാർജ് ഉത്തരവിറങ്ങി ഒരു വർഷമായിട്ടും ഒരു തുടർനടപടിയും ഉണ്ടായില്ലെന്നാണ് പരാതി.
കൊച്ചി മുനമ്പം ബോട്ടപകടത്തില്‍ മരിച്ച മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ചാപ്പാ കടപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജുവിനെയാണ് ഇനി കണ്ടെത്താനുള്ളത്.
പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.ഇന്ത്യയിലെ പ്രതിപക്ഷമായ യുപിഎ ശത്രുക്കളുമായി കരാറില്‍ ഏർപ്പെടുന്നവരാണ്. സൈന്യത്തെ ചോദ്യം ചെയ്ത് ആത്മവീര്യവും ആത്മവിശ്വാസവും നശിപ്പിക്കുന്നവരാണ്. ഇസ്രായേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നത് കാണുക. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാഷ്ട്ര താൽപ്പര്യങ്ങൾക്കായി മുന്നേറുന്നു എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
സിക്കിം പ്രളയത്തിൽ കണാതായ 142 പേരിൽ 62 പേരെ ജീവനോടെ കണ്ടെത്തിയതായി റിപ്പോർട്ട്. തെരച്ചിൽ തുടരുന്നെന്നും ,ഇപ്പോൾ പലയിടത്തായി 81 പേരെ കണ്ടെത്താനുണ്ടെന്നും സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെന്നൈയിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക.സ്വന്തം നാട്ടുകാർക്ക് മുന്നിൽ കളിക്കുന്നതിന്റെ ആത്മ വിശ്വാസത്തിനൊപ്പം ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്‍റെ തിളക്കവുമുണ്ട് ഇന്ത്യക്ക്.