Untitled design 20240521 135515 0000

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും എറണാകുളത്തും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരളത്തിൽ ഇത്തവണ അതിവർഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

കൊല്ലത്തും തിരുവനനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് കാവനാട്, പറക്കുളം ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. തിരുവനന്തപുരത്ത് വർക്കല പാപനാശത്ത് കനത്ത മഴയെ തുടർന്ന് കുന്നിടിഞ്ഞു. കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിലേക്ക് പതിച്ചു.

 

കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലീമീറ്റർ മഴ. മേഘവിസ്ഫോടനം ആകാമെന്നാണ് സൂചന എന്നാൽ ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങി. ആലുവ ഇടക്കാളി റോഡിലും, സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ്. ആലപ്പുഴ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കളമശേരിയിൽ വെളളം ഉയർന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി.

 

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തി. കൊച്ചിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ഭൂചലനമുണ്ടായത് രാത്രി 8.56 നായിരുന്നു. ലക്ഷദ്വീപിനോ കേരളത്തിനോ ഇതുവരെ മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

 

ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കൂടാതെ അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 90 സെ.മീ ഉയർത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഇനിയും ഉയർത്തുമെന്നും പരിസരവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

 

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് ഇന്ന് ദില്ലിയിൽ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റി. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. യോഗം മാറ്റിയതിൻ്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

 

എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തുവെന്നും എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. മദ്യനയത്തിൽ ചർച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. പക്ഷേ പ്രതിപക്ഷം തെളിവ് ഹാജരാക്കി. വിഷയത്തിൽ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടി. വിഷയത്തില്‍ വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍ മണ്ണിട്ട് മൂടിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തിങ്കളാഴ്ച മഴ ശമിച്ചതോടെ അതിവേഗം നിര്‍മാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയതെന്ന് ആര്യ പറഞ്ഞു. സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കെആര്‍എഫ്ബി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

 

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ ഫോർമുല കണ്ടെത്തി. ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി യുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

 

മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രത്തെ കുറിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങൾ തെറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകി. പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കുറ്റപത്രം ദുർബലമാണെന്നുമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. നിലവിലെ സാഹചര്യത്തിൽ പ്രോസിക്യൂട്ടറെ മാറ്റിയേക്കുമെന്നാണ് സൂചന.

 

താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഘം യാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ എത്തിയ ഒരാളെ സീറ്റില്ലെന്ന് പറഞ്ഞ് ജീവനക്കാർ മടക്കിയിരുന്നു. ഇതിൽ പ്രകോപിതരായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്ന് ജീവനക്കാർ പറയുന്നു.

 

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ പിൻമാറി. ഇതേതുടർന്ന് ഹർജി ജസ്റ്റിസ് പിജി അജിത് കുമാർ പിന്നീട് പരിഗണിക്കും. വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയിരുന്നത്.

 

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പല വിധ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാല്‍, രാജ്യസഭ സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയ്ക്കും സഹോദരിയ്ക്കും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും, അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കണം എന്നും കോടതി നിർദേശിച്ചു.

 

നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടർ ഗായത്രിക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

എസ്പിയായി സ്ഥാനക്കയറ്റം കിട്ടാത്തതിന്‍റെ നീരസത്തിൽ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട അഡീഷണൽ എസ്പി ആർ. പ്രദീപ്കുമാർ. ജില്ലാ പൊലീസ് മേധാവി ഒരുക്കിയ യാത്രയപ്പ് ബഹിഷ്കരിച്ച അഡീഷണൽ എസ്പി നാളെ പൊലീസ് അസോസിയേഷൻ നടത്തുന്ന യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കുന്നില്ലെന്നാണ് സൂചന.

 

തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരിച്ചതിന് പിന്നാലെ ഹോട്ടലിന് നിലവിൽ ലൈസൻസില്ലെന്ന് റിപ്പോർട്ട്. കാറളം സ്വദേശി ഷിയാസിന്റെ ലൈസൻസിലായിരുന്നു ഈ ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ശനിയാഴ്ച വൈകിട്ട് വിറ്റ കുഴി മന്തി കഴിച്ച 180 പേരാണ് ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

 

കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസാണ് മരിച്ചത്.

 

മുംബൈ ധാരാവിയിലുണ്ടായ തീപ്പിടിത്തത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെ ധാരാവി അശോക് മിൽ കോംമ്പൗണ്ടിലാണ് തീപടർന്നത്. ചെറുകിട വ്യവസായങ്ങൾ ഏറെയുളള മേഖലയിലെ വസ്ത്ര നിർമ്മാണ ശാലയ്ക്കാണ് ആണ് ആദ്യം തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

 

ലോക്സഭാ തെരഞ്ഞെടുപ്പിൻറെ പ്രചാരണം അവസാനിക്കാനിരിക്കെ ഹരിയാനയിലും പഞ്ചാബിലും കോൺഗ്രസ് പാർട്ടി എൺപതിലധികം സീറ്റു നേടുമെന്ന് ഉറപ്പാണെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെട്ടു. പഞ്ചാബിലെ നാലു മണ്ഡലങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായെത്തി പ്രാദേശിക നേതാക്കളെ കണ്ടിരുന്നു.

 

ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക മുസ്ലീംലീഗിന്‍റേതെന്നും അദ്ദേഹം ആവർത്തിച്ചു. വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്. പ്രതിപക്ഷത്തിന്‍റെ പദ്ധതികളെ കുറിച്ച് താന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.

 

മിസോറാമിൽ ദുരന്തം വിതച്ച് റേമൽ ചുഴലിക്കാറ്റ്. ഐസ്വാളിൽ കനത്ത മഴയെ തുടർന്ന് കരിങ്കൽ ക്വാറി തകർന്ന് 10 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ക്വാറിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിച്ചു. സമീപത്തെ ധാരാളം വീടുകളും ചുഴലിക്കാറ്റിൽ തകർന്നിട്ടുണ്ട്. കൂടാതെ മിസോറാമിൽ പലയിടത്തും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്.

 

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെവിവേകാനന്ദ പാറയിൽ രണ്ടു ദിവസത്തെ ധ്യാനമിരിക്കുമെന്ന് സൂചന. അദ്ദേഹം 2019ൽ കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു.

 

ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിലെ മുഖ്യപ്രതിയും ഗെയ്മിങ് സെന്റർ സഹഉടമയുമായ ധവാൽ താക്കർ രാജസ്ഥാനിൽ നിന്നും പിടിയിൽ. അപകടം നടന്നതിന് പിന്നാലെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

 

മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കാൻ ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കലക്ടർമാർ ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിഉത്തരവ് പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പിന്‍റെ ലംഘനമാകുമെന്ന് കലക്ടർമാർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

 

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 3000ത്തോളം അപേക്ഷകളെന്ന് റിപ്പോർട്ട് . പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എം എസ് ധോണി വരെയുള്ള പ്രമുഖരുടെ പേര് വ്യാജമായി ഉപയോഗിച്ച് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *