55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ കുട്ടികളുടെ കാറ്റഗറിയിലെ അവാർഡുകൾ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നും കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും മന്ത്രി പറഞ്ഞു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പരിഗണനയ്ക്കായി കുട്ടികളുടെ കാറ്റഗറിയിൽ അപേക്ഷിച്ചത് 6 സിനിമകൾ. ഇതിൽ അന്തിമ റൗണ്ടിൽ എത്തിയത് 2 ചിത്രങ്ങൾ മാത്രമാണ്. സ്കൂള്‍ ചലേ ഹം, ഇരുനിറം എന്നീ 2 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുമ്പാകെ എത്തിയത്. രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. അതിനാലാണ് കുട്ടികളുടെ മികച്ച ചിത്രങ്ങൾക്കോ ബാലതാരങ്ങൾക്കോ അവാർഡ് നൽകാതിരുന്നത് എന്നുള്ളതാണ് ജൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റഗറി അവഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ്. കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം ഇല്ലെങ്കിൽ സിനിമകൾ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. ഇത്തവണ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരത്തിൽ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുട്ടികളുടെ ചിത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് സിനിമ മേഖലയിലുള്ളവര്‍ ചിന്തിക്കണമെന്നായിരുന്നു ജൂറി ചെയര്‍മാൻ പ്രകാശ് രാജ് ഇന്നലെ പ്രതികരിച്ചത്.
2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ ജൂറി ചെയര്‍മാനെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്നും ദേവനന്ദ പറയുന്നു.
ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. ഈ മാസം മുതൽ ആശമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വർധനവാണ് ലഭിച്ചത്. 26,125 ആശാ വർക്കർമാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ എന്നും സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളിൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് ആവശ്യത്തിനുള്ള കെ എസ് ആർ ടി സി ബസുകൾ ഇന്നലെ രാത്രി തന്നെ എത്തിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ വിവരിച്ചു.
സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർക്ക് ഒരേ സമയം രണ്ട് ജോലി ചെയ്യേണ്ടി വരുമെന്ന് റിപ്പോർട്ട്. എസ്സ് ഐ ആർ ചുമതലയുള്ള ബി എൽ ഒ മാരെ മറ്റു ജോലികളിൽ നിന്നൊഴിവാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആദ്യം ഉത്തരവിറക്കി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്ക് ഈ ഒഴിവാക്കൽ ബാധകം അല്ലെന്ന് കാട്ടി വീണ്ടും ഉത്തരവ് ഇറക്കി. ബി എൽ ഒ മാരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോർ വാഹനവകുപ്പ് കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും. അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശ ചെയ്ത പൊലീസുകാർക്കും എതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്യാത്ത കിഫ്ബി ഒരു വെള്ളാനയാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തിയ കിഫ്ബിയുടെ വിവിധ ഇടപാടുകൾ സംശയാസ്പദമാണ്. കിഫ്ബിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയുള്ള ധനവിനിയോഗവും കരാർ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജൻ ബിജെപിയിൽ വരാൻ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് എ പി അബ്ദുള്ളക്കുട്ടി. ജയരാജൻ വേണ്ടെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിച്ചുവെന്നും അതിന്‍റെ ഭാഗമായി തന്നെയാണ് ജാവ്ദേകർ ചർച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പി ജയരാജൻ ആത്മകഥ എഴുതിയാൽ ഇപിയുടെ കഥ മുഴുവൻ പുറത്തുവരും. ഇപി പുസ്തകം എഴുതിയത് തന്നെ എം വി ഗോവിന്ദനെ ലക്‌ഷ്യംവച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപി ജയരാജന്‍റെ ഇതാണെന്‍റെ ജീവിതമെന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഎമ്മിൽ അമര്‍ഷം പുകയുന്നു. പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് ഇപി ജയരാജനെതിരെ പാര്‍ട്ടിയിൽ അതൃപ്തിയുള്ളത്. സംഘടനയ്ക്കുള്ളിൽ പി ജയരാജൻ ഇപിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളടക്കം തുറന്നെഴുതിയതിലടക്കമാണ് അതൃപ്തിയുള്ളത്.
സ്വകാര്യ ബസുകളുടെ ഹോൺ അടിക്കും മരണപ്പാച്ചിലിനുമെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുടെ ഹോൺ അടി പൊതു ശല്യം ആണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദേശത്ത് ഒക്കെ ആണേൽ ഈ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്ക് എടുത്ത് വെടി വെച്ച് കളയുമെന്നും ഗണേഷ് പറഞ്ഞു. ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണ് സ്വകാര്യ ബസുകൾ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
കലൂർ സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് സ്പോൺസറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിൽ കായികവകുപ്പും ജിസിഡിഎയും. സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചിരുന്നു. കരാർ ഉണ്ടെന്ന അവകാശവാദങ്ങളിൽ വ്യക്തത വരുത്താൻ മാധ്യമപ്രവർത്തകരടക്കം വിവരാവകാശനിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ‘ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ്’ എല്ലാ ജില്ലകളിലും ആരംഭിച്ചു. 40 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള, ചരക്കുകൾ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സിൽ സേവനം കൂടി ഉൾപ്പെടുന്നുണ്ടെങ്കിൽ 20 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകാരും നിയമപ്രകാരം നിർബന്ധമായും ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്.
ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാനിറക്കിയ ഉത്തരവിലാണ് പരാമർശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിന് നൽകാമെന്നാണ് ഉത്തരവിലുള്ളത്. 2024ൽ ദേവസ്വം സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകർപ്പാണ് പുറത്ത് വന്നിട്ടുള്ളത്.
തിരുവനന്തപുരത്തും കോഴിക്കോടും നാളെ രാത്രി 11.30 വരെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയുമാണ് കള്ളക്കടൽ ജാഗ്രതാ നിർദേശമുള്ളത്. ഈ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഫിറ്റ്‌നസ് ഇല്ലാത്ത ഗുഡ്‌സ് വാഹനത്തിൽ ഫൈബർ വള്ളം അശാസ്ത്രീയമായി കെട്ടിവെച്ച് കൊണ്ടുപോവുകയായിരുന്ന വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ശക്തൻ നഗർ പരിസരത്ത് വെച്ചാണ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞ് പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചത്. വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനും, തിരക്ക് പിടിച്ച റോഡിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ചരക്ക് വള്ളം കയറ്റിയതിനുമാണ് നിയമനടപടി സ്വീകരിച്ചത്.
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ പ്രതികളായ അഞ്ച് എസ്‍ഡിപിഐ പ്രവർത്തകരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി സുപ്രീംകോടതി. അതേസമയം കേസുമായി ബന്ധപ്പെട്ട് വിചാരണനടപടികൾ തുടരാമെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാഥന്‍റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെതുടര്‍ന്ന് കുടിയാന്മല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
സിറോ മലബാർ സഭാ നേതൃത്വം ഇന്ന് പ്രധാനമന്ത്രിയെ കാണും. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൂടിക്കാഴ്ച. ഫരീദാബാദിനെ അതിരൂപതയാക്കി ഉയർത്തിയതിനുശേഷമുള്ള സൗഹൃദ സന്ദർശനമെന്നാണ് സഭാ നേതൃത്വം വിശദീകരിക്കുന്നത്.
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്. സംഭവത്തിൽ തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കും. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. ഇതുകൂടാതെ കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടു. ഇതെല്ലാം പൊലീസിന്‍റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ.
നാല് പതിറ്റാണ്ടിലേറെ കൊലപാതക കേസിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യം വേദമിനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതികൾ. ഇത് സംബന്ധിച്ച് യുഎസ് കോടതികൾ ഇമിഗ്രേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെയാണ് സുബ്രഹ്മണ്യം കുറ്റവിമുക്തനാക്കപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ കേസ് പുനഃപരിശോധിക്കണോ എന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അപ്പീൽസ് തീരുമാനിക്കുന്നത് വരെ നാടുകടത്തൽ താൽക്കാലികമായി നിർത്തിവെക്കാനാണ് ഉത്തരവ്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ലേഖനമെഴുതിയതിന് പിന്നാലെ പ്രശംസയും ഒപ്പം മുന്നറിയിപ്പുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല. തരൂർ അപകടത്തെ ഭയക്കാതെ കളിക്കുന്നയാൾ ആയി മാറിയെന്ന് പൂനാവാല പ്രശംസിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചായിരുന്നു തരൂരിന്റെ ലേഖനം. എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ എന്നായിരുന്നു ഗാന്ധി കുടുംബത്തെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് പൂനാവാലയുടെ പ്രതികരണം.
ഖത്തർ യൂണിവേഴ്‌സിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഔദ്യോഗികമായി ആഘോഷിക്കുന്നതിന് അംഗീകാരം നൽകി ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന യുനെസ്കോയുടെ 43-ാമത് സെഷനിൽ, 2026-2027 ലെ യുനെസ്കോ അനുസ്മരണ പരിപാടികളുടെ പട്ടികയിൽ ഖത്തർ യൂണിവേഴ്‌സിറ്റി (ക്യു.യു) സ്ഥാപിതമായതിന്റെ 50-ാം വാർഷികം ഉൾപ്പെടുത്തുന്നതിന് ഔദ്യോഗികമായി അംഗീകാരം നൽകിയതായി ഖത്തർ സർവകലാശാല അറിയിച്ചു.
ഇസ്രായേൽ സൈന്യത്തിലെ ഉന്നത നിയമോപദേഷ്ടാവായിരുന്ന മേജർ ജനറൽ യിഫാത്ത് ടോമർ യെരുശൽമി അറസ്റ്റിൽ. കഴിഞ്ഞ ആഴ്ച വരെ ഇസ്രായേൽ സൈന്യത്തിലെ ഉന്നത നിയമോപദേഷ്ടാവായിരുന്ന യിഫാത്ത് ടോമർ-യെരുശൽമിയുടെ പെട്ടെന്നുള്ള രാജിയും ഹ്രസ്വമായ തിരോധാനവും ടെൽ അവീവ് ബീച്ചിൽ അവരെ കണ്ടെത്തിയതിലേക്ക് നയിച്ച തീവ്രമായ തിരച്ചിലും ഉൾപ്പെട്ട സംഭവങ്ങളുടെ പരമ്പര രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു വിവാദത്തിനാണ് കാരണമായിട്ടുള്ളത്.
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്നവസാനിക്കാനിരിക്കെ ഏറ്റവും പുതിയ സർവെ ഫലം പുറത്ത്. എൻ ഡി എ സഖ്യത്തിന് മഹാ വിജയം പ്രവചിക്കുന്നതാണ് ദൈനിക് ഭാസ്കർ ദിനപത്രത്തിന്‍റെ സർവെ ഫലം. 153 മുതൽ 160 സീറ്റ് വരെ നേടി എൻ ഡി എ അധികാരം തുടരുമെന്നാണ് പ്രവചനം. തേജസ്വി യാദവും രാഹുൽ ഗാന്ധിയും നടത്തുന്ന വമ്പൻ പ്രചരണങ്ങളൊന്നും ബിഹാർ ജനതയുടെ മനം കവരില്ലെന്നാണ് സർവെ ഫലം സൂചിപ്പിക്കുന്നത്.
പഞ്ച്ഗൂരിൽ പാകിസ്ഥാന്‍ സുരക്ഷാ സേന തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡിപ്പിച്ച യുവതി മരിച്ചതായി റിപ്പോർട്ടുകൾ. പഞ്ച്ഗൂരിൽ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ പാക് സുരക്ഷാ സേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി പീഡിപ്പിച്ച് ഗുരുതരാവസ്ഥയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കാലിഫോർണിയയിൽ ഒരു മാസം മുമ്പ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടത്തിൽ പ്രതിയായ ഇന്ത്യൻ യുവാവ് മദ്യലഹരിയിലായിരുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഡ്രൈവർ ജഷൻപ്രീത് സിംഗ് മദ്യലഹരിയിലായിരുന്നില്ലെന്ന് യു.എസ്. അധികൃതരാണ് വ്യക്തമാക്കിയത്. നേരത്തെ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു അറിയിച്ചിരുന്നത്.
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന നിർദേശവുമായി മുന്‍ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയെ കരുതി 36കാരിയായ ഹര്‍മന്‍പ്രീത് സ്ഥാനമൊഴിഞ്ഞ് വൈസ് ക്യാപ്റ്റനായ 29കാരി സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കണമെന്നും ശാന്താ രംഗസ്വാമി പിടിഐയോട് പറഞ്ഞു. ക്യാപ്റ്റൻസിയുടെ ഭാരം ഒഴിയുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാനും ടീമിനായി കൂടുതല്‍ സംഭാവന ചെയ്യാനും ഹര്‍മനാവുമെന്നും അവർ വ്യക്തമാക്കി.
