ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചത് കണ്ടെത്തുന്നതിനായി കസ്റ്റംസ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നു. രാജ്യ വ്യാപകമായി നടത്തുന്ന ഈ നീക്കത്തിന് ഓപ്പറേഷന്‍ നുംഖോര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങൾ അധികൃതര്‍ പരിശോധിച്ചുവരുകയാണ്. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‍യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. അതേസമയം കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രൽ സിൽക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയതെന്നാണ് വിവരം.
ഒരു ദിവസം രണ്ട് റെക്കോർഡ് സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ലോക ചരക്കു കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്‍റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകളെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എംഎസ്‍സി വെറോണ 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞത്ത് ഇന്ന് പുലർച്ചെ നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു. അതേസമയം, രാജ്യത്തിന്‍റെ തെക്കൻ മേഖലയിലെ സുരക്ഷ, നിരീക്ഷണം, പരിശോധന എന്നിവയുടെ ഭാഗമായി നാവിക സേനയുടെ കപ്പൽ ഐഎൻഎസ് കബ്ര കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു.
കേരളത്തിലെ യുഡിഎഫിലും ബിജെപിയിലും കൂട്ട ആത്മഹത്യ നടക്കാൻ പോവുകയാണെന്നും മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പാണെന്നും മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരുമെന്നും തുടർ ഭരണം ഉറപ്പാണ്, എഴുതി വച്ചോളു എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തിയെന്നും ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടാതെ പ്രതിപക്ഷ നേതാവും, ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു എന്നും സജി ചെറിയാന്‍ ചോദിച്ചു.
എസ് ഐ ആറുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമാണ് ഇനി അറിയേണ്ടത് ഇലക്ഷൻ കമ്മീഷനെ രാഷ്ട്രീയചട്ടുകമായിട്ടാണ് ബിജെപി ഉപയോഗിക്കുന്നത് ബീഹാറിൽ അർഹതപ്പെട്ട നിരവധി വോട്ടർമാർ പുറന്തള്ളപ്പെട്ടു കേരളത്തിൽ അർഹരായ വോട്ടർമാരെ പുറന്തള്ളാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപെട്ട് ബിജെപി നേതൃത്വത്തിൽ ഭിന്നത. കാസർകോട് ജില്ലയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടു. എയിംസ് ആലപ്പുഴയ്ക്ക് നൽകുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരസ്യ പ്രതികരണത്തിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം.
കേരളത്തിൽ അര്‍ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയ ആകുമെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. അതേസമയം അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങൾ വിലയിരുത്തും. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാനോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും.
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ഒക്ടോബർ 11ന് ഉച്ചയ്ക്ക് രണ്ടിന് കൊച്ചി കായലിൽ നടക്കും. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സുഗമമായി വള്ളങ്ങൾക്ക് സഞ്ചരിക്കാൻ കായലിലെ ട്രാക്കിന്റെ പരിശോധന നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ എംഎൽഎ നിർദ്ദേശം നൽകി.
ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം കൺവീനർ സ്ഥാനത്ത് നിന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ വിസി മോഹന്‍ കുന്നുമ്മല്‍ നിർദ്ദേശിച്ചു. പകരം സർവകലാശാല യൂണിയന്‍ ചെയര്‍മാനെ കണ്‍വീനറായി നിയോഗിച്ചു. നന്ദൻ മെഡിക്കൽ വിദ്യാർത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ വിസി നിർദ്ദേശിച്ചത്.
തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ സെപ്റ്റംബര്‍ 29ന് ടാഗോർ തിയറ്ററിൽ പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുന്നു. പരിപാടിയിൽ ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പങ്കെടുക്കും. അന്ന് തന്നെ അംബാസിഡർ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും. സിപിഎം നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് കോഴിക്കോട്ടും പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കൗൺസിലർ അനിൽകുമാർ നേതൃത്വം നൽകിയിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമെന്ന് സഹകരണവകുപ്പ്. ചട്ട വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്നാണ് അസി.രജിസ്ട്രാറുടെ റിപ്പോർട്ട്. സംഘത്തിന് 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പലിശ സഹിതം സെക്രട്ടറിയിൽ നിന്നും ഈടാക്കമെന്നും റിപ്പോർട്ട് വിശദമാക്കുന്നു. അനിൽ കുമാറിന്റെ ആത്മഹത്യ കേസ് ഡിവൈഎസ്പി തലത്തിലുള്ള മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറും.
സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യം തേടി. ഇന്നലെ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഫോൺ പിടിച്ചെടുത്തിരുന്നു. അതേസമയം,യൂട്യൂബർ കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തി മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു.
സൈബർ ആക്രമണത്തിൽ സിപിഎം നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്. അശ്ലീല കഥകൾ കൊണ്ട് പൊതുരംഗത്തുള്ള സ്ത്രീകളെ തളർത്താനാവില്ലെന്നും ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട എന്നുമാണ് റിനി ആൻ ജോർജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷൈനിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് റിനി ആൻ ജോർജിന്‍റെ പോസ്റ്റ്.
പസഫിക് ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം വരാനിരിക്കുന്ന ന്യുനമർദ്ദം എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളിൽ മാസാവസാനം വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 25,26 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ച കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെ പൊലീസ് പിടികൂടി. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്ത ദിവസം നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പർ ഉൾപ്പെടെ 52 ലോട്ടറികളാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്തെ ലോട്ടറി സ്റ്റാളിൽ നിന്ന് ഇയാൾ മോഷ്ടിച്ചത്.
ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ സി എം സെബാസ്റ്റ്യൻ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുകയാണ് സെബാസ്റ്റ്യൻ. ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ച് പുനരന്വേഷണം തുടങ്ങിയത്.
സിങ്കപ്പുരില്‍ സ്‌കൂബാ ഡൈവിങ്ങിനിടെ മരിച്ച ഗായകന്‍ സുബീന്‍ ഗാര്‍ഗിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. വെള്ളിയാഴ്ച മരിച്ച താരത്തിന്റെ മൃതദേഹം പതിനായിരങ്ങളെ സാക്ഷിയാക്കി അസം കമാര്‍കുച്ചിയിലെ ശ്മാശാനത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 52-ാം വയസ്സിലാണ് ബോളിവുഡ് ഗാനമായ ‘യാ ആലീ’യിലൂടെ ശ്രദ്ധേയനായ ഗായകന്റെ അകാലമരണം. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ദില്ലി വിഗ്യാൻ ഭവനിൽ നടക്കും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും.
ടെക്‌സസില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്റെ പ്രതിമയ്ക്കുനേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് വിവാദത്തില്‍. ഷുഗര്‍ലാന്‍ഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്‍ പ്രതിമയ്ക്കു നേരെ സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അലക്‌സാണ്ടര്‍ ഡന്‍കന്റെ മോശം പരാമര്‍ശം. യുഎസ് ക്രിസ്ത്യന്‍ രാഷ്ട്രമാണെന്നും ടെക്‌സസില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കാന്‍ എന്തിന് അനുമതി നല്‍കണമെന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെ ഇന്ത്യയും നടപടി നീട്ടി. പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. എന്നാൽ വ്യോമപാത അടയ്ക്കുന്നത് തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്കെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സർവീസുകളെ ബാധിക്കുമ്പോൾ പാകിസ്ഥാന് പ്രതിസന്ധിയാകുന്നത് 6 ഷെഡ്യൂളുകൾ മാത്രമെന്നാണ് വിവരം.
സിപിഐ പാർട്ടി കോൺഗ്രസിൽ എഴുപത്തഞ്ച് വയസ്സ് കഴിഞ്ഞവർ മാറണം എന്ന നിർദേശവുമായി കേരള ഘടകം. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്ന് യോഗത്തിൽ ആവശ്യപ്പെടും. ഇന്ന് ചേർന്ന കേരള ഘടകം യോഗത്തിൽ ഇക്കാര്യം കേരള പ്രതിനിധികൾ ഒറ്റക്കെട്ടായി അറിയിക്കണം എന്ന് വി എസ് സുനിൽ കുമാർ, ഡി സജി എന്നിവർ ആവശ്യപ്പെട്ടു. അതേ സമയം, ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി രാജ മാറുന്നതിൽ തർക്കം നിലനിൽക്കെ പാർട്ടിയിൽ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കുന്നതിനെതിരെ ഡി എം കെ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പ്രതിമയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.പൊതുപണം ഉപയോഗിച്ച് എന്തിനാണ് മുൻകാല നേതാക്കളെ മഹത്വവൽക്കരിക്കുന്നതെന്ന് കോടതി ആരാഞ്ഞു.
വിദ്വേഷ പ്രസംഗങ്ങൾക്കും സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിനും ഒടുവിൽ ബുക്കർ പുരസ്കാര ജേതാവും കന്നട എഴുത്തുകാരിയുമായി ബാനു മുഷ്താഖ് തന്നെ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തന്നെ ക്ഷണിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തിക്കൊണ്ട്, സംസ്‌കാരമാണ് നമ്മുടെ ഊർജം, ഐക്യമാണ് നമ്മുടെ ശക്തി ആകാശവും ഭൂമിയും ആരെയും വേർതിരിക്കുന്നില്ല, എന്ന് പ്രഖ്യാപിച്ചു.
വിജയ് യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം.മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്ക് നിർദേശം ബാധകമാണ്.വാര്‍ത്ത സ്ഥിരീകരിച്ച് മന്ത്രിമാരായ കെ.എൻ.നെഹ്‌റുവും ആർ. ഗാന്ധിയും രംഗത്തെത്തി.ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശം ഉണ്ടെന്ന് മന്ത്രി ഗാന്ധി പറഞ്ഞു.വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ മന്ത്രി നെഹ്‌റു വ്യക്തമാക്കി.
കർണാടകയിലെ ബെലഗാവിൽ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി കത്തിച്ചത്. ലോറി കത്തിച്ചത് കൂടാതെ ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം കത്തിച്ചതെന്നാണ് വിവരം.സംഭവം നടന്ന അയിനാപൂർ ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ധർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ആറ് മാസങ്ങൾക്ക് മുൻപ് 3 ലക്ഷം രൂപ കൈമാറിയ 11 പേർക്ക് എസ്ഐടി നോട്ടീസയച്ചു. ആംസ് ആക്ട് പ്രകാരമെടുത്ത കേസിൽ അറസ്റ്റിനുള്ള സാധ്യതകൾ ഏറിയതോടെ ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടി മുൻകൂർ ജാമ്യം തേടി.
ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾ വിലക്കിക്കൊണ്ട് യുപി സർക്കാർ ഉത്തരവിറക്കി. ഒക്ടോബറിൽ ബിഎസ്പി ഉൾപ്പെടെ റാലി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം. പൊതു സ്ഥലങ്ങളിൽ ജാതി സംബന്ധിച്ച പ്രദർശനങ്ങൾ ഒഴിവാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എഫ്ഐആറുകളിലും ജാതി പരാമർശിക്കരുതെന്ന നിർദ്ദേശവും കോടതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, പാകിസ്ഥാനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ. ഇന്ത്യക്കെതിരെ ഒരു ക്രിക്കറ്റ് മത്സരത്തിൽ വിജയിക്കണമെങ്കിൽ നഖ്‌വിയും സൈനിക മേധാവി ആസിം മുനീറും ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങണമെന്ന് ഇമ്രാൻ ഖാൻ പരിഹസിച്ചു.