മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണെന്നും ഇതിന് തെളിവുകൾ ഉണ്ടെന്നും ഹർജിക്കാർ പറയുന്നു.
ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമർശനം. മുഖ്യമന്ത്രിക്ക് എം ആർ അജിത്കുമാറുമായി വഴിവിട്ട ബന്ധം ഉണ്ടെന്നും അജിത്കുമാർ ചെയ്യുന്നതിന് എല്ലാം കൂട്ട് നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് വിമര്‍ശനം. കൂടാതെ ആഭ്യന്തര വകുപ്പിനെ ബിനോയ് വിശ്വം സംരക്ഷിക്കുന്നു എന്ന രീതിയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ധനമന്ത്രി മന്ത്രിമാർക്ക് ഫണ്ട് അനുവദിക്കുന്നതിൽ പക്ഷഭേദം കാണിക്കുന്നു എന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് പണം ലഭിക്കുന്നില്ല എന്നും വിമർശനം ഉയര്‍ന്നു. ധനവകുപ്പ് അവഗണിക്കുമ്പോൾ അതിനെ ചോദ്യം ചെയ്ത് ഫണ്ട് വാങ്ങി എടുക്കാനുള്ള ആർജവം മന്ത്രിമാർ കാണിക്കണം എന്നും വിമര്‍ശനം ഉയര്‍ന്നു.
പൂരംകലക്കൽ മുതൽ കസ്റ്റഡി മർദ്ദനങ്ങളുൽ വരെ പൊലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികൾ. ആഭ്യന്തര വകപ്പുനെ ഇങ്ങനെ തഴുകുന്നത് എന്തിനെന്നും പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ പുകമറ എന്തിനെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു.
പൊലീസ് കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും, ആഭ്യന്തര വകുപ്പിനെതിരായ ആരോപണത്തിന് മന്ത്രി ശിവൻകുട്ടി മറുപടി പറഞ്ഞാൽ പോരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് ഗുണ്ടാസംഘത്തിനും ക്രിമിനൽ സംഘത്തിനും മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
തൃശ്ശൂരിൽ വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് അഖിൽ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മർദ്ദനം.എസ് ഐ അരിസ്റ്റോട്ടിൽ സിപിഒ വിനോദ്, മഹേഷ്, എന്നിവർക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.
ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ ആഭ്യന്തരവകുപ്പ് ഉന്നതതല അന്വേഷണം തുടങ്ങി. വിജിലൻസ് മേധാവി എന്ന നിലയിൽ അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കിയെന്ന പരാതിയിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് രഹസ്യ അന്വേഷണം. സർക്കാരിന് അനഭിമതനായ യോഗേഷ് ഗുപ്‌തയെ വിജിലൻസിൻ്റെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു.
മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഏരിയാ കമ്മിറ്റിയില്‍ നിന്ന് തന്നെ തരം താഴ്ത്തിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞ് സിപിഎം പ്രാദേശിക നേതാവ്. നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, നിബിന്‍റെ ആരോപണം പാര്‍ട്ടി തള്ളി. ക്രമക്കേടുണ്ടായിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.
തന്‍റെ ‘വൈഫ് ഇൻ ചാര്‍ജ്’ പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. താൻ അധിക്ഷേപിച്ചുകൊണ്ട് പ്രസംഗത്തിൽ സംസാരിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ല. ദുഷ്ടലാക്കോട് കൂടി ചിലര്‍, താന്‍ പറഞ്ഞത് വിവാദമാക്കുകയായിരുന്നു. തന്‍റെ വിമര്‍ശനം ചിലര്‍ക്ക് പൊള്ളി മന്ത്രിമാരെ മാത്രം അല്ല പറഞ്ഞത് ഉദ്യോഗസ്ഥര്‍ എന്നാണ് ആദ്യം പറഞ്ഞത്. എന്നിട്ടും ചിലര്‍ ആ രീതിയിൽ പ്രസ്താവനയെ വളച്ചൊടിച്ചു പറഞ്ഞ വസ്തുത നിലനിൽക്കുന്നതാണെന്നും ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു.
കെ.ടി. ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. നാണം കേട്ട് രാജിവെച്ചതിലെ പക മാത്രമല്ല കെ ടി ജലീലിന് ഉള്ളത് മന്ത്രി ആയപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്നതിലെ വെപ്രാളമാണ് ജലീൽ കാണിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. നിയമവിരുദ്ധമായ ബിസിനസ് താൻ നടത്തിയില്ലെന്നും, തനിക്ക് അമേരിക്കൻ,യുകെ ബിസിനസ് വിസ ഉണ്ടെന്നും പല സ്ഥലങ്ങളിലും ബിസിനസ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് പേര്‍ക്ക് പുതുജീവൻ നല്‍കി കൊട്ടാരക്കര സ്വദേശിയായ ഐസക്ക്. കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേൽക്കുന്നത് തുടർന്ന് മസ്തിഷ്ക്ക മരണം സംഭവിക്കുകയായിരുന്നു. ഐസക്കിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. ഐസക്കിന്‍റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവൻ നൽകുക.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരോക്ഷമായി പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടിയും ബിജെപി നേതാവ് പത്മജാ വേണുഗോപാലും. ഉറങ്ങാന്‍ പാരസെറ്റാമോളും സിട്രിസിനും കഴിച്ചാണ് താന്‍ കിടക്കുന്നതെന്നും കടുത്ത മാനസികസംഘര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും രാഹുല്‍ പറയുന്നതിന്റെ ഓഡിയോ കഴിഞ്ഞദിവസം രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശിവന്‍കുട്ടിയും പത്മജയും പരിഹാസവുമായെത്തിയത്.
ആരോഗ്യ വകുപ്പിനെതിരെ മുൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പള്‍ സെക്രട്ടറി രാജീവ് സദാനന്ദൻ. ആരോഗ്യ മേഖലയിൽ കേരളം ഒന്നാമതെന്ന തള്ള് അപകടകരമെന്ന് രാജീവ് സദാനന്ദൻ വിമര്‍ശിച്ചു. ആരോഗ്യ സംവിധാനം ഇപ്പോഴും പ്രാകൃത അവസ്ഥയിലാണ്. ഡെങ്കിപ്പനി നിയന്ത്രിക്കാൻ കഴിയാത്തതും നിപ്പയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാക്കത്തും നാണക്കേടാണന്നും രാജീവ് സദാനന്ദൻ കുറ്റപ്പെടുത്തി.
ഈ മാസം 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി. 19, 20 തീയതികളിൽ ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നില്ലെന്നും ഭക്തരെ തടഞ്ഞാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഹൈന്ദവ സംഘടനകൾ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ബോർഡിൻ്റെ വിശദീകരണം.
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി ഇളക്കിയ നടപടിയിൽ ബോർഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപ്പാളി നീക്കിയതെന്നും, ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല എന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ചാണ് ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
റാപ്പര്‍ വേടനെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്‍റെ സഹോദരൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമമെന്നുമാണ് പരാതിയിൽ പറയുന്നത്.
ബെംഗളൂരുവിലെ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പിങ്ക് ലൈനിലെ ശിവാജിനഗർ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാൻ ശുപാർശ ചെയ്യുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിൽ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.
ഇസ്ലാമിക ഗ്രന്ഥമായ ഖുറാന്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി കാസർകോട് മേൽപ്പറമ്പ് ചളിയങ്കോട് സ്വദേശിയായ 17കാരി. 75 ദിവസം കൊണ്ടാണ് മേൽപ്പറമ്പ് സ്വദേശിയായ ഫാത്തിമത്ത് മുഫീദ ഖുർആൻ കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. കാസർകോട് മേൽപ്പറമ്പ് ചളിയങ്കോട് സ്വദേശി മുഹമ്മദ്കുഞ്ഞിയുടേയും സാബിറയുടേയും മകൾ ഫാത്തിമത്ത് മുഫീദ. കാലിഗ്രാഫി വരച്ച് മനോഹരമാക്കിയാണ് താളുകൾ ഒരുക്കിയിരിക്കുന്നത്.
പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ കായിക അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് താക്കോൽ കൊണ്ട് മര്‍ദിച്ചെന്നാണ് കേസ്. സംഭവത്തിൽ അധ്യാപകനെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭർത്താവ് അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
കോഴിക്കോട് കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ്. അസീമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം ആറാം തീയതിയാണ് കോണോട് ബീച്ച് സ്വദേശിയായ 40കാരൻ അസീമിന് വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഖബര്‍സ്ഥാനിൽ വെച്ച് തന്നെ ഫോറൻസിക് സര്‍ജൻ ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹം പരിശോധിക്കും.
ഉപരാഷ്ട്രതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് ഒരുമയില്ലെന്ന് സിപിഎം. ചിലർ വോട്ടുകൾ മനപൂർവ്വം അസാധുവാക്കിയെന്നും വോട്ടു ചോർച്ച നിരാശാജനകമെന്നും സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്. എന്നാൽ ബി. സുദർശൻ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകൾ മാത്രമാണ്. ചില ചെറിയ പാർട്ടികളെ കേന്ദ്രസർക്കാർ സ്വാധീനിച്ചുവെന്നും, ചില എംപിമാർ ബാലറ്റ് മനപ്പൂർവം അസാധുവാക്കിയെന്നും നേതാക്കൾ സംശയിക്കുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്ര അഭിഷേക് ബാനർജി ആരോപിച്ചു. എംപിമാരെ വിലയ്ക്കുവാങ്ങാം, ജനങ്ങളെ വിലയ്ക്കുവാങ്ങാൻ സാധിക്കില്ല ടിഎംസി എംപിമാർ എല്ലാവരും സുദർശൻ റെഡ്ഡിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിഎംസിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളുന്നയിക്കുന്നതിൽ പ്രതിപക്ഷം മത്സരിക്കുകയാണെന്നും സ്വന്തം എംപിമാരെ കുറിച്ചാണ് അസംബന്ധം വിളിച്ചു പറയുന്നതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.
കുവൈത്തിൽ മംഗഫ് പ്രദേശത്ത് അനധികൃത മദ്യ ഫാക്ടറി കണ്ടെത്തി അധികൃതർ.സാൽമിയ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റിലെ അന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് മദ്യ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു.
ഗുരുതരാവസ്ഥയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്തിലെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാസവസ്തു കഴിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷമദ്യമാണോ ഇവർ കുടിച്ചതെന്ന സംശയവുമുണ്ട്. ഒരേ രാജ്യക്കാരും ഒരുമിച്ച് താമസിക്കുന്നവരുമായ 25ഉം 26ഉം വയസ്സുള്ള പ്രവാസികളെയാണ് രാവിലെ എട്ട് മണിയോടെ കോമ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേൽ ബുള്ളിയിങ് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും. അർത്ഥവത്തായ നടപടി ഉണ്ടാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആർഎസ്എസ് അനുകൂല വിദ്യാർത്ഥി വിഭാഗമായ എബിവിപി നടത്തുന്ന രഥയാത്ര കോൺഗ്രസ് നേതാവായ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉദ്ഘാടനം ചെയ്‌തതിനെ ചൊല്ലി പുതിയ വിവാദം. തുംകുരു ജില്ലയിലെ തിപ്തൂരിൽ സംഘടിപ്പിച്ച പരിപാടിയാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാസം നിയമസഭയിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആർഎസ്എസ് ഗണഗീതം ചൊല്ലിയത് വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം.
ദേശീയ പാതയിൽ പൊട്ടിത്തെറിച്ച് ഗ്യാസ് ടാങ്കർ.മെക്സിക്കോ സിറ്റിയിലെ ദേശീയപാതയിലെ ഓവർ പാസിൽ വച്ചാണ് ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചത്. റോഡിലുണ്ടായിരുന്ന 30 കാറുകൾ കത്തിക്കരിഞ്ഞത് നിമിഷ നേരത്തിനുള്ളിൽ. 3 പേർ കൊല്ലപ്പെട്ട ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുള്ളത് 70 പേർക്കാണ്.
വജ്ര കിരീടവും വജ്രമാലയും സ്വർണവാളും മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. കൊല്ലൂര്‍ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുള്‍പ്പെടുന്ന സ്വര്‍ണ മുഖരൂപവും വാളുമാണ് ഇളയരാജ സമര്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദര്‍ശനം നടത്തിയശേഷം ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുകയായിരുന്നു.
പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ എസ്. നാരായണിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മരുമകൾ പവിത്രയുടെ പരാതിയിലാണ് കേസ്. ഭർത്താവ് പവനും മാതാപിതാക്കളും ചേർന്ന് വീട്ടിൽനിന്ന് അടിച്ചിറക്കി എന്ന് പവിത്ര ആരോപിച്ചു. ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
നേപ്പാളിൽ ഇടക്കാല സര്‍ക്കാരിനെ ആര് നയിക്കുമെന്നതില്‍ അന്തിമ ധാരണയായില്ല. സര്‍ക്കാരിന്‍റെ തലപ്പത്ത് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയോ കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷായോ എന്നതില്‍ ഇനിയും പ്രക്ഷോഭകര്‍ക്കിടയില്‍ ധാരണയായിട്ടില്ല. ഇടക്കാല പ്രധാനമന്ത്രി പദത്തിലേക്ക് സുശീല കര്‍ക്കിയെ ബലേന്ദ്ര ഷാ പിന്തുണച്ചു. ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഒഴിവാക്കി എത്രയും വേഗം സമവായത്തിലെത്താന്‍ സൈന്യം നിര്‍ദേശം നല്‍കി.
പന്നിയിറച്ചി, മദ്യം, ലോട്ടറി ടിക്കറ്റുകൾ എന്നിവ വിൽക്കുന്നതുമായി ബന്ധപ്പെട്ട വിവാദ വീഡിയോയെ തുടർന്ന്, ടെക്സാസിൽ ശരിയത്ത് നിയമം നിരോധിച്ചുകൊണ്ട് ഗവർണർ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. “ശരിയത്ത് നിയമം അടിച്ചേൽപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് ഉടൻ തന്നെ പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളെയോ ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയെയോ അറിയിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
പാക് നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതി സമൻസ് പുറപ്പെടുവിച്ചു. ഒക്ടോബർ 15ന് ചെന്നൈ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. ഇയാൾ ഇന്ത്യയിലെ യുഎസ്, ഇസ്രായേൽ കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ പദ്ധതിയിട്ടുവെന്നും നോട്ടീസിൽ പറയുന്നു. തമിഴ്നാട്ടിലെ പത്രങ്ങളിൽ കോടതി ഇത് സംബന്ധിച്ച് പരസ്യവും നൽകിയിരുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കം വിവരങ്ങൾ നോട്ടീസിൽ രേഖപ്പെടുത്തി.
വിദേശത്തേക്ക് പോകാൻ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ദില്ലി വിമാനത്താവളത്തിൽ നിന്ന് സിങ്കപ്പൂരിലേക്ക് പോകേണ്ട എഐ2380 ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിലാണ് സംഭവം. എന്നാൽ എയർ ഇന്ത്യ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജന്മദിനത്തിൽ ആർഎസ്എസ് മേധാവിയെ പുകഴ്ത്തി നരേന്ദ്ര മോദി. മോഹൻ ഭാഗവത് ‘വസുധൈവ കുടുംബകത്തിൻറെ പ്രതീകമെന്നും കഠിനാദ്ധ്വാനിയായ സർസംഘചാലക് എന്നും മോദി പ്രശംസിച്ചു. മോഹൻ ഭാഗവതിൻറേത് സാഹോദര്യവും സമത്വവും ശക്തമാക്കുന്ന നയം എന്നും മോദി പറഞ്ഞു. മോഹൻ ഭാഗവതിന് 75 വയസ്സ് പൂർത്തിയായ ദിനത്തിലാണ് മോദിയുടെ ആശംസ.
ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിലുണ്ടായ ഉത്തരകാശി, ചമോലി ജില്ലകളിൽ മോദി വ്യോമ നിരീക്ഷണം നടത്തും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും എന്നാണ് സൂചന.
ഇസ്രയേൽ ഖത്തറിൽ വ്യോമാക്രമണം നടത്തിയ വാർത്ത പുറത്തുവന്നതോടെ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. ബ്രെന്‍റ് ക്രൂഡ് ഓയിൽ 37 സെന്‍റ് അഥവാ 0.6 ശതമാനം ഉയർന്ന് ബാരലിന് വില 66.39 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് ക്രൂഡ് ഓയിൽ (ഡബ്ല്യൂ.ടി.ഐ) ബാരലിന് 62.63 ഡോളറിലെത്തി. മിഡിൽ ഈസ്റ്റിൽ നിലവിലെ സാഹചര്യങ്ങളിൽ സംഘർഷം വർധിക്കുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്.
ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഈയടുത്ത് റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വിഷമതകളെക്കുറിച്ചും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പലവട്ടം സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും വിദേശകാര്യ സെക്രട്ടറി രണ്‍ദീപ് ജയ്‌സ്വാള്‍ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അറിയിച്ചു.
2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമാവുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഈമാസം പതിനെട്ടിന് ഫിഫ പുറത്തിറക്കുന്ന റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്.
ഇന്ത്യ – പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. ഹര്‍ജി നാളെത്തന്നെ പരിഗണിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല. ഞാറാഴ്ച്ചയാണ് മത്സരം. പൂനെയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന്‍ തിരോദ്കറാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.