mid day hd 13

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെയും, യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കാൻ. ആദായനികുതി അടക്കാൻ 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. പാ‍ര്‍ട്ടി ഇൻകംടാക്സ് അതോരിറ്റിയെ സമീപിച്ചതായി അജയ് മാക്കാൻ അറിയിച്ചു. ബിജെപി ഭരണഘടന വിരുദ്ധമായി ഇലക്ട്രല്‍ ബോണ്ടിലൂടെ ആറായിരം കോടി സമാഹരിച്ച ബാങ്ക് അക്കൗണ്ട് നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്‍റ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്. നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അനധികൃതമായി 6500 കോടി സമാഹരിച്ചിട്ടുണ്ട്. ആ അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സാധാരണക്കാരായ പ്രവ‍‍ര്‍ത്തകരിലൂടെ സമാഹരിച്ച തുകയാണ് കോൺഗ്രസിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ജനാധിപത്യപരമായ രീതിയിൽ ഇതിനെതിരെ പോരാടും. നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. സെര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധിയെ  നിശ്ചയിക്കേണ്ടെന്ന പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു. ഇതേ തുടർന്ന് പ്രമേയം പാസായി എന്ന് മന്ത്രിയും, പാസായില്ലെന്ന് വൈസ് ചാന്‍സിലറും അറിയിച്ചു. തുടർന്ന് എതിര്‍പ്പുമായി ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ രംഗത്തെത്തി.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനായി എകെജി സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഇ.പി.ജയരാജന് പാർട്ടി നിർദ്ദേശം. എം.വി.ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് നിന്നിരുന്ന ഇ.പി.ജയരാജൻ ഇനി മുതൽ എകെജി സെന്‍ററിൻെറ ചുമതലകളിലും സജീവമാകും.

ലോക്സഭാ തെരഞ്ഞ‌ടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചയ്ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്.  15 സീറ്റുകളിൽ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ ജനപ്രീതിയുളള മുതിര്‍ന്ന നേതാക്കളെയും എംഎൽഎമാരെയുമാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്ന പട്ടികയിൽ കെ കെ ശൈലജ, എ പ്രദീപ് കുമാ‍ര്‍, ടി വി രാജേഷ് എന്നിവർക്കാണ് മുൻതൂക്കം.

തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലീഗ് ഉൾപ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്, അതൊക്കെ പരിഗണിക്കുമെന്നും   ലീഗ് നേതാക്കൾ ഡൽഹിയിലാണ്. അവർ തിരിച്ചെത്തിയാൽ ചർച്ചകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോൺ​ഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ. ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയത്. എന്നാലിത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്. ഇപ്പോൾ അത് കേരളത്തിലും തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 27 ന് തിരുവനന്തപുരത്ത് കെ.സുരേന്ദ്രന്റെ പദയാത്രാ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ഈ മാസം 21, 22 തീയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിരസിച്ചെന്ന് എറണാകുളം കളക്ടര്‍ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. കണയന്നൂര്‍ തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.  ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുവശം റോഡും, റോഡിന്റെ കിഴക്ക് വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ട്. ഗ്രൗണ്ടില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കൊളജ് ഹയർ സെക്കന്‍ഡറി ഗ്രൗണ്ടിൽ ഈ മാസം 18ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കുന്ന മുഖാമുഖം പരിപാടിയുടെ പന്തലിന് 18 ലക്ഷം രൂപ അനുവദിച്ചു.  എസ്റ്റിമേറ്റ് തുകയായ 17,03,490 രൂപയും ജിഎസ്ടിയും കൂടാതെ ആര്‍ച്ച്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവക്ക് അധികമായി ചെലവാകുന്ന ഒരു ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 18,03,490 രൂപക്കുള്ള ഭരണാനുമതി നല്‍കണമെന്നാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തി. സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ, സിനിമാ നിർമാതാവ് അജിത് വിനായക, വഡോദ്ര സ്വദേശി യതിൻ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതേ തുടർന്ന് രാജ്യ വ്യാപകമായി 34 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ ആലത്തൂർ എസ് ഐ റെനീഷിനെ ഹൈക്കോടതി വിമർശിച്ചു. മോശം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും സാഹചര്യ സമ്മ‍‍ര്‍ദ്ദം ഉണ്ടായിരുന്നുവെന്നുമായിരുന്നു മാപ്പപേക്ഷാ സത്യവാങ്മൂലത്തിൽ എസ് ഐ പരാമർശിച്ചിരുന്നത്. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അനുമതി നൽകി. ഹർജി മാർച്ച്‌ 1 ന് പരിഗണിക്കും.

ബേലൂർ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം തുടരുന്നു. ഡോക്ടർ അരുൺ സഖറിയയും ഇന്ന് സംഘത്തിനൊപ്പം ചേരും. ആന ഇപ്പോഴുള്ളത് വനത്തിലാണെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ  പറഞ്ഞു. കഴിഞ്ഞദിവസം കണ്ട മോഴയും ബേലൂർ മഖ്നയുടെ കൂടെ ഉണ്ടെന്നു കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ആന ഇപ്പോൾ നിൽക്കുന്നത് കുത്തനെയുള്ള പ്രദേശത്താണെന്നും അവിടെ മയക്കുവെടി സാധ്യത ഇല്ലെന്നും ഡിഎഫ്ഒ വിശദമാക്കി.

പാലക്കാട്‌ അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന വൈക്കോൽ കയറ്റി വന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. അതേസമയം ഇതുവഴി വന്ന പുതുർ ആർആർടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ  വൻ അപകടം ഒഴിവായി. ലോറി മുന്നോട്ടെടുത്തതും കത്തിയ വൈക്കോൽ ലോറിയിൽ നിന്നും മാറ്റിയതും ആർആർടി സംഘമാണ്. മഞ്ചിക്കണ്ടി ഭാഗത്തു നിന്നും ആനയെ തുരത്തിയ ശേഷം പുതൂരിലേക്ക് തിരിച്ചു വരികയായിരുന്നു സംഘം.

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ സീതത്തോട് കൊടുമുടി അനിതയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ  ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹം കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തി. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ആദിത്യനും അമലും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡൻ്റ് ഉൾപ്പെടെ 10 പേർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ പക്കൽ നിന്ന് തോക്കും തിരകളും നഷ്ടമായത്.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയിൽ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ആക്രമണമുണ്ടായി. ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഇരുപത് പേർക്ക് പരിക്കേറ്റു.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവിൽ (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എംടിഎച്ച്എല്‍)  വാഹനം നിർത്തി സെല്‍ഫി എടുത്ത 1612 പേർക്ക് പിഴ ചുമത്തി. 12 ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ മാത്രമായി ലഭിച്ചുവെന്ന് പിഴ ചുമത്തിയ മുംബൈ പൊലീസും നവി മുംബൈ പൊലീസും അറിയിച്ചു.

ദില്ലിയിൽ പെയിന്റ് ഫാക്ടറിയിൽ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ മരണം പതിനൊന്നായി. അലിപ്പൂര്‍ മാർക്കറ്റിൽ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 22 അംഗ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

മലയാളികളായ ആനന്ദ് ഹെൻറി, ഭാര്യ ആലിസ് ബെൻസിഗർ, രണ്ട് ഇരട്ട കുട്ടികൾ എന്നിവരെയാണ് കാലിഫോർണിയയിലെ സാൻ മറ്റെയോ നഗരത്തിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭർത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.  കുട്ടികളുടെ മരണകാരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി അവകാശപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നിരവധി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്.

ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ  ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ 117-ാം സ്ഥാനത്ത്. ദോഹ വേദിയായ എഎഫ്സി ഏഷ്യന്‍ കപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെ 102ല്‍ നിന്ന് 15 സ്ഥാനങ്ങള്‍ പിന്നോട്ടുപോയി ഇന്ത്യ 117ലേക്കായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *