bf91e7f5 a54c 4182 b27c 2d7a9c563b6b 20250324 141707 0000

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതൽ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി.

 

 

 

 

ഇന്ന് പുലർച്ചെ ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബില്ല് ലോക്സഭയിലും അവതരിപ്പിച്ചത്. ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കും.

 

 

 

മുനമ്പം പ്രശ്നത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. വഖഫ് ബില്ല് എങ്ങനെയാണ് മുനമ്പം ജനതയെ സഹായിക്കുക എന്ന് വ്യക്തമാക്കണമെന്നും ബില്ല് പാസായി എന്നു കരുതി മുനമ്പം വിഷയം പരിഹരിക്കാൻ കഴിയില്ല, ഇതിന് മുൻകാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു. മുനമ്പത്തേത് രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാക്കാൻ ഉള്ള ശ്രമങ്ങൾക്ക് സർക്കാർ കുട പിടിക്കാൻ പാടില്ലെന്നും പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്നും വി.ഡി സതീശൻ പറ‌ഞ്ഞു.

 

 

 

 

 

ഊടുവഴികളിലൂടെ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വഖഫ് ഭേദഗതി ബില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബില്ലിനെതിരെ പ്രതിപക്ഷം ഉയർത്തിയ എതിർപ്പ് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. മുനമ്പത്തെ മുൻനിർത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. വഖഫ് ബോർഡിലും ട്രിബ്യൂണലിലും നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നൽകുന്നതാണ്. അമുസ്ലീം അംഗത്തെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

 

 

 

 

 

മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്നും അത് അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസിൽ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ എംപിമാർക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നുവെന്നും, പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത് അതല്ലാതെ അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

ലോക്സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതാണെന്ന് സിറോ മലബാർ സഭ. എന്നാൽ സിറോ മലബാർ സഭയുടെ നിലപാട് ഏതെങ്കിലും പാർട്ടിക്കുള്ള തുറന്ന പിന്തുണയല്ലെന്നും വക്താവ് ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു. ജനപ്രതിനിധികൾ എല്ലാവരും മുനമ്പം ജനതയോടൊപ്പമാണ്. ഇക്കാര്യത്തിൽ സർക്കാർ കൃതതയോടെ നിലപാട് എടുത്തുവെന്നും കേരളത്തിൽ നിന്ന് സംസാരിച്ച എല്ലാ ജനപ്രതിനിധികളും മുനമ്പത്തിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

വഖഫ് വിഷയത്തിൽ കേരളത്തില്‍ ക്രൈസ്തവ സഭകളുമായുള്ള കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ഇത് സംഘപരിവാർ വിദ്വേഷ പ്രചാരണത്തിന് അവസരമാക്കിയെന്നും, മുനമ്പത്ത് ഏറെ നാളായി താമസിച്ച് വരുന്നവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. അതില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും എം കെ മുനീർ കൂട്ടിച്ചേര്‍ത്തു.

 

 

 

ദേശീയതലത്തിൽ ബിജെപി വിരുദ്ധ നീക്കത്തിന്‍റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കേണ്ടെന്ന് സിപിഎം കേരള ഘടകം. പ്രാദേശിക പാർട്ടികളുമായി പാർട്ടി ബന്ധം ശക്തമാക്കണം. ഡിഎംകെ, ആർജെഡി, എഎപി, ടിആർഎസ് എന്നിവരുമായി നല്ല ബന്ധം വേണം. ടിഎംസിയുമായി ദേശീയതലത്തിൽ സഹകരിക്കാനും ശ്രമിക്കണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ ഗ്രൂപ്പ് ചർച്ചയിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നത്.

 

 

 

 

ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നു എളമരം കരീം വ്യക്തമാക്കി. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ലെന്നും സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ല,ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

യുകെ മലയാളി സിപിഎം പാർട്ടി കോൺഗ്രസിൽ എത്തിയതിൽ കേരളത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്. രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്താൻ ഇടയായ സാഹചര്യം സമ്മേളനം കഴിഞ്ഞാലും പാർട്ടിയിൽ വിവാദമായി ഉയരും. വിഷയത്തില്‍ ചർച്ച ആവശ്യപ്പെടാനും സാധ്യതയുണ്ട് . പാർട്ടി കോൺഗ്രസിന് യുകെയിൽ നിന്നെത്തിയ യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ഇന്നലെയാണ് കേന്ദ്ര കമ്മിറ്റി തിരിച്ചയച്ചത്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ പുറത്താക്കൽ.

 

 

 

 

സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരവുമായി വനിതാ പൊലീസ് റാങ്ക് ഹോൾഡർമാർ. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സർക്കാരിന്‍റെ കനിവ് തേടി വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 20 നാണ് 964 പേരുൾപ്പെട്ട വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

 

 

 

 

കായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈൽ വീഡിയോയുമായി വിനോദസഞ്ചാരി. ഇതേ തുടർന്ന് ഗായകൻ എംജി ശ്രീകുമാറിന് പിഴയിട്ട് പഞ്ചായത്ത് അധികൃതർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്. മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടിൽ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല.

 

 

 

 

 

നിയമങ്ങൾ ലംഘിച്ച് ഇടുക്കിയിലെ മലയോരത്ത് വ്യാപക ഖനനമെന്ന് കണക്കുകൾ. ജില്ലയിൽ 65 ഇടങ്ങളിലാണ് അനധികൃത ഖനനം നടക്കുന്നതെന്നാണ് ജിയോളജി വകുപ്പിന്‍റെ കണ്ടെത്തൽ. അതീവ പരിസ്ഥിതി ദുർബല മേഖലയിലാണ് പല ഖനനങ്ങളും നടക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇടുക്കിയിലെ പീരുമേട്, ഉടുമ്പൻചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലായി കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം നടന്ന് 65 ചട്ടലംഘനങ്ങളെന്നാണ് വിവരം.

 

 

 

 

 

മലയാളിയായ സിബിഐ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്ന എസ് ഉണ്ണികൃഷ്ണൻ നായരെയാണ് പിരിച്ചുവിട്ടത്. കൊച്ചി സിബിഐ എസ് പിയായിരുന്ന എസ് ഷൈനിയുടെ ടെലിഫോൺ കോളുകൾ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്തു, കേസ് രേഖകളും തെളിവുകളും അടക്കമുള്ളവ കൈവശം സൂക്ഷിച്ചു തുടങ്ങിയവയാണ് ഉണ്ണികൃഷ്ണനെതിരായ കുറ്റങ്ങൾ. 2012 മുതൽ 2016 വരെ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെ പിന്നീട് കോൽക്കത്തയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

 

 

 

 

 

ലഹരിക്കേസുകളിലെ തൊണ്ടിമുതൽ തിരിമറി തുടർക്കഥയാകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും ആറ് വർഷം മുമ്പ് പൊലീസ് പിടിച്ച എൽഎസ്‍ഡി സ്റ്റാമ്പുകൾ കാണാതായതിനാൽ ഇതുവരെ കേസിന്‍റെ വിചാരണ പോലും തുടങ്ങിയില്ല. ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണവേഗത്തിലാക്കണമെന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കോടതിക്കും സംശയം തോന്നിയത്. അട്ടിമറി നടത്തിയത് പൊലീസാണോ കോടതി ജീവനക്കാരാണോ എന്നും കണ്ടെത്താനായിട്ടില്ല.

 

 

 

കടയ്ക്കൽ ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും പൊലീസ് കേസെടുക്കേണ്ടതായിരുന്നുവെന്നുംഹൈക്കോടതി നിരീക്ഷിച്ചു. ഗാനമേളക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും നിർദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്.

 

 

 

 

 

എമ്പുരാന് ബദലായി സബർമതി റിപ്പോർട്ട് പ്രദർശനം. സംഘ പരിവാർ അനുകൂല സംഘടനയാണ് കേരളത്തിൽ വീണ്ടും റിലീസിന് മുൻകയ്യെടുക്കുന്നത്. ഗോധ്ര കലാപം ആസ്പദമാക്കിയുള്ളതാണ് സിനിമ. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമയാണ് വീണ്ടും കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. എമ്പുരാൻ സിനിമ പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ കടുത്ത വിമർശനം സംഘപരിവാർ തുടരുകയാണ്.

 

 

 

 

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസാണ് മൂന്നംഗ സംഘം തടഞ്ഞത്. വിവരമറിഞ്ഞ് കോട്ടക്കൽ പൊലീസ് എത്തി ഡ്രൈവറെയും പരാതിക്കാരെയും വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞില്ല. ഇതോടെ ഇരട്ട സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.

 

 

 

 

 

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ നിന്ന് വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് തുടരാനുള്ള സാഹചര്യം ഇല്ലാത്തതിനാലും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതിനാലുമാണ് ആശുപത്രി മാറ്റമെന്ന് കുടുംബം അറിയിച്ചു. ചികിത്സാ പിഴവിൽ ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായേക്കും.

 

 

 

 

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പറഞ്ഞു. പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു.

 

 

 

 

മാല മോഷ്ടിക്കുന്നതിനിടെ പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം പൂർത്തിയായി. ഏപ്രിൽ 10 ന് കേസിൽ വിധി പറയും. 2022 ഫെബ്രുവരി ആറിന് പട്ടാപ്പകലാണ് തമിഴ്‌നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശിയായ രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ക്രൂരകൃത്യം.

 

 

 

 

ലോക്സഭയിലെ വഖഫ് നിയമ ഭേദഗതി ബില്‍ ചർച്ചയില്‍ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു. ചർച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക പങ്കെടുത്തില്ല. വിപ്പ് നൽകിയിട്ടും പങ്കെടുത്തില്ല. അസാന്നിധ്യത്തിൻ്റെ കാരണം പ്രിയങ്കയും പാർട്ടിയും വ്യക്തമാക്കിയില്ല. അതേ സമയം വഖഫ് നിയമ ഭേദഗതി ബില്ലിലെ കോൺഗ്രസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ബില്ല് അടിച്ചേൽപ്പിക്കുകയായിരുന്നു, ഭരണഘടന ലംഘനമാണ് നടന്നതെന്നും ബിജെപിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു.

 

 

 

മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മുന്നിലിട്ട് മർദിച്ചുവെന്ന് ആരോപണം. ക്രൂരമായ മർദനം ഏറ്റുവെന്ന് മർദനമേറ്റ മലയാളികളായ ഫാദർ ഡേവിസ് ജോർജും, ഫാദർ ജോർജും പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചു.

 

 

മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച ആരോപണത്തിൽ ഉറച്ചു നിന്ന് വിശ്വ ഹിന്ദു പരിഷത്ത്. മണ്ട്ലയിൽ വ്യാപകമായി നിർബന്ധിത മത പരിവർത്തനം നടക്കുന്നുവെന്നും ബസിൽ യാത്ര ചെയ്യുകയായിരുന്ന പലരുടെയും രേഖകൾ പരിശോധിച്ചപ്പോൾ അവർ ആദിവാസി വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കൾ ആണെന്ന് മനസിലായെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

 

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചതായി വാർത്തകൾ പ്രചരിക്കുന്നതിനിടെ വീഡിയോ സന്ദേശവുമായി നിത്യാനന്ദ. താന്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ചാണ് നിത്യാനന്ദയുടെ വീഡിയോ. താന്‍ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവര്‍ ഒന്നിച്ചിരുന്നു ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്നുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിത്യാനന്ദ പറയുന്നു.

 

 

കുവൈത്തിലെ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്താനും രാജ്യത്ത് ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്താനും ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. പതിവ് പരിശോധനക്കിടെയാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ആത്മഹത്യ മാത്രമാണ് ഏക പോംവഴിയെന്നും അയാൾ സമ്മതിച്ചു.

 

 

മിക്ക ജോലികളിലും എഐ മനുഷ്യന് പകരമാകുമെന്ന് പ്രവചിച്ച് ബിൽ ഗേറ്റ്സ്. 2022-ൽ ഓപ്പൺഎഐ ചാറ്റ്ജിപിടി ആരംഭിച്ചതിന് ശേഷം എഐ നമ്മുടെ ചിന്താ പ്രക്രിയകളെയും പ്രവർത്തന രീതികളെയും വലിയ രീതിയിൽ മാറ്റിയിട്ടുണ്ടെന്നും ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. എന്നാൽ ശാസ്ത്രീയ ഗവേഷണത്തിന് ആവശ്യമായ കഴിവുകൾ എഐക്ക് ഇല്ലെന്നും ഊർജ്ജ മേഖലയിലെ വിദഗ്ധരെ മാറ്റിസ്ഥാപിക്കാൻ എഐക്ക് കഴിയില്ലെന്നും അദേഹം പറയുന്നു. കാരണം ഈ മേഖല ഇപ്പോഴും വളരെ സങ്കീർണ്ണമാണെന്നും പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യാൻ കഴിയില്ലെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *