വയനാട് പുനരധിവാസത്തിനായി ടൗൺഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുന്നത് എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായത്. പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം.
ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന് താൽപര്യമെന്നും കെ സി വേണുഗോപാൽ. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാൽ നിലപാട് മാറ്റും എന്ന് തരൂർ പറഞ്ഞിട്ടുണ്ട് അത് മുഖവിലയ്ക്ക് എടുക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായം ഇല്ലെന്നും കെ സി വേണുഗോപാൽ അവകാശപ്പെട്ടു.
പാതിവില തട്ടിപ്പ് കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്ത സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. മനസ്സർപ്പിച്ചാണോ കേസെടുക്കാൻ പൊലീസ് തീരുമാനമെടുത്തതെന്നും ഭരണഘടനാ പദവി വഹിച്ച ആൾക്കെതിരെയാണ് കേസെടുത്തതെന്നും ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യതയെ ബാധിക്കും അതിനാൽ തെളിവുകളുണ്ടെങ്കിൽ അറിയിക്കൂവെന്നും കോടതി നിർദേശിച്ചു.
പാതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തു വിട്ട് കോൺഗ്രസ്. സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലാണെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്ച്യുതൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ രേഖകളും കോൺഗ്രസ് നേതാവ് പുറത്തുവിട്ടു.
പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്. കൊച്ചിയിൽ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. തോന്നയ്ക്കൽ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്.
സിപിഎം സംസ്ഥാന സമ്മേളനത്തിൻറെ പ്രചരണാർത്ഥം തയ്യാറാക്കിയത് ഇകെ നായനാരുടെ എഐ വീഡിയോ. ഭരണത്തുടര്‍ച്ചയെ കുറിച്ച് സംസാരിക്കുന്നത് ഇകെ നായനാരാണ് എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിന്‍റെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാര്‍ അണികളെ ക്ഷണിക്കുന്നത്. ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നാൽ വ്യക്തി വിവരങ്ങൾ ചോര്‍ത്തുന്നതാണെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്നുമാണ് പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായി തയ്യാറാക്കിയ കരടൃ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്.
ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി. ക്ലാസുകൾ പൂർത്തിയാക്കും മുൻപേ പരീക്ഷനടത്തുന്നതിൽ പരാതിയുയർന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാർച്ചിലേക്ക് മാറ്റിയത്.
അമ്മ അഡ്-ഹോക്ക് കമ്മിറ്റി ഭാരവാഹി ജയൻ ചേർത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഫിലിം ചെമ്പേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ആരോപിച്ചു.അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നും ധൈര്യമുണ്ടെങ്കിൽ ജയൻ ചേർത്തല അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണമെന്നും ജയൻ ചേർത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും നേർച്ചകോഴി മാത്രമാണെന്നും സജി നന്ത്യാട്ട് പരിഹസിച്ചു. ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നു അദ്ദേഹം പറഞ്ഞു.
പൂക്കോട് വെറെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് 10 മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. കൊലപാതക സാധ്യതയെകുറിച്ചടക്കം അന്വേഷണം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. ഹോസ്റ്റൽ മുറിയിൽ സിദ്ധാർത്ഥന് നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണം നിരത്തിയാണ് സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതോടൊപ്പം കുറ്റവാളികളായ വിദ്യാർഥികളിൽ ചിലരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി എന്നതടക്കമുള്ള ആരോപണം കുടുംബം ആവർത്തിക്കുന്നു.
സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റെ വിവാദ പരാമർശത്തില്‍ പനമരം പോലീസ് കേസെടുക്കില്ല.എസ് സി എസ് ടി ആക്ട് കേസിൽ നിലനിൽക്കില്ലെന്ന് പോലീസിന് നിയമപദേശം കിട്ടി.കേസെടുക്കാൻ കഴിയില്ല എന്ന് പരാതിക്കാരിയായ പനമരം പഞ്ചായത്ത് പ്രസിഡന്‍റിന് പോലീസ് റിപ്പോർട്ട് നൽകും. മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പ്രസിഡൻറ് ആക്കിയതിൽ ലീഗ് നേതാക്കൾ മറുപടി പറയേണ്ടിവരും എന്നായിരുന്നു പരാമർശം.
കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ഷെഫീര്‍ ബാബു മുമ്പും തട്ടിപ്പ് നടത്തിയതായി പരാതി. ചാഴൂരില്‍ അടിപിടി കേസില്‍ പെട്ടയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി 18 ഗ്രാം നവരത്‌ന മോതിരം കവര്‍ച്ച ചെയ്തതായാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. കര്‍ണാടക സ്പീക്കറുടെ ബന്ധുവീട്ടില്‍ ഇ.ഡി.ചമഞ്ഞാണ് റെയ്ഡ് നടത്തിയതെങ്കില്‍ ചാഴൂരിലെ വീട്ടില്‍ പൊലീസ് സംഘമായി എത്തിയാണ് റെയ്ഡ് നടത്തിയത്.
ചേരാനല്ലൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞ പതിനഞ്ചാം തീയയി ഉച്ചക്ക് 12.10നാണ് കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതായി കെഎസ്ആർടിസി അറിയിച്ചു.
കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണ മാലയുടെ രണ്ട് ഭാഗങ്ങൾ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് മാലയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ ആശുപത്രി അധികൃതർ കുടുംബത്തിന് കൈമാറി. ആരുടേതെന്ന് അറിയാത്തതിനാൽ മാലയുടെ ഭാഗങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിയുന്നു. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിരുന്നു.
കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇരു സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.
കോവളത്ത് സ്വകാര്യവ്യക്തിയുടെ അഞ്ചേക്കറോളം വരുന്ന പുരയിടത്തിൽ തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വട്ടവിള ഭദ്രകാളി ക്ഷേത്രത്തിനു സമീപം നിരവധി ഹോം സ്റ്റേകളടക്കം പ്രവർത്തിക്കുന്നതിന് സമീപത്തെ സ്ഥലത്താണ് തീ പടർന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് നിന്നും ഫയർ ഫോഴ്സ് എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്.
തൃശ്ശൂർ ചാലക്കുടിയിൽ അതിഥി തൊഴിലാളികൾ തമ്മിലടിച്ചു. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് പോകുകയുമായിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മാർക്കറ്റിൽ നിരവധി ആളുകൾ ഉള്ളപ്പോഴായിരുന്നു സംഘർഷം.
വയനാട് തലപ്പുഴ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജിന് ഒരാഴ്ച അവധി നൽകി. തലപ്പുഴയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവധി. ഒരാഴ്ച പഠനം ഓൺലൈനിൽ നടത്തുമെന്നാണ് അറിയിപ്പ്. കോളജ് ഹോസ്റ്റലുകളിലും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശം നൽകി.
പൂവൻകോഴിയുടെ കൂവൽ ശല്യമാണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർഡിഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്‍റെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്‍റെ വീടിനു മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തൽ സ്ഥാനത്തു നിന്ന് മാറ്റാൻ അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രവാസി സിന്‍റിക്കേറ്റ് ഗോൾഡ് ലോൺ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ് കേസിൽ വനിത മാനേജിംഗ് ഡയറക്ടർ പിടിയിൽ. പുത്തൻപീടിക വാളമുക്ക് കുറുവത്ത് വീട്ടിൽ ബേബി(65)യെയാണ് ചാവക്കാട് സ്റ്റേഷൻ ഹൌസ് ഓഫീസർ വി.വി. വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പുത്തൻപീടികയിലുള്ള വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. സ്വർണം നിക്ഷേപിച്ച് വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ബെംഗളൂരു ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. മരിച്ച അർഷ് പി ബഷീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ തന്‍റെ വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുൽ ഗാന്ധി.തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സിക്യൂട്ടീവിന്‍റെ ഇടപെടൽ പാടില്ലെന്നാണ് ബി.ആർ അംബേദ്കർ വിഭാവനം ചെയ്തതെന്നും സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനമെന്നും അദ്ദേഹം പറഞ്ഞു.വിയോജനക്കുറിപ്പ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂണിന്‍റെ തമിഴ്നാട്ടിലെ വികടൻ വാരികയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി. മോദിയെ പരിഹസിച്ചുള്ള കാർട്ടൂൺ പ്രവാസി ഇന്ത്യക്കാർക്കിടയിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പോൾ കനകരാജ് ആണ് ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്‍റെ സെമികണ്ടക്ടർ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
ബെംഗളൂരുവിൽ ചൂട് കൂടിയതിനാൽ കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ബോർഡ് അറിയിച്ചു. നിയമ ലംഘകർക്ക് 5,000 രൂപ പിഴയും കുറ്റം ആവർത്തിച്ചാൽ പ്രതിദിനം 500 രൂപ അധിക പിഴയും നൽകുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.
ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി സർവകലാശാല ക്യാമ്പസിൽ വിദേശ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. നേപ്പാളിൽ നിന്നുള്ള ബിടെക് വിദ്യാർത്ഥിനിയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയും അധികൃതരുടെ അലംഭാവവും ആരോപിച്ച് പ്രതിഷേധിച്ച നേപ്പാൾ പൗരന്മാരായ മറ്റ് വിദ്യാർഥികളെ അധികൃതർ ബലമായി ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു. കാര്യങ്ങൾ മനസ്സിലാക്കാൻ ഒഡീഷയിലേക്ക് രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി നേപ്പാൾ എംബസി അറിയിച്ചു.
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാർ ധാം യാത്ര ഏപ്രിൽ 30ന് ആരംഭിക്കും. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ തുറക്കുന്നതോടെയാണ് യാത്രയ്ക്ക് തുടക്കമാകുക. ബദരീനാഥിന്റെ വാതിലുകൾ മെയ് 4 ന് രാവിലെ 6 മണിക്ക് തുറക്കും. കേദാർനാഥ് ധാമിന്റെ വാതിലുകൾ തുറക്കുന്ന തീയതി മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് പ്രഖ്യാപിക്കും.
പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി. വ്യാഴാഴ്ച വൈകീട്ട് രാംലീല മൈതാനത്ത് ആണ് ചടങ്ങ്, നിയമസഭാ കക്ഷി യോഗം നാളെ ചേര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കും. എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും പങ്കെടുക്കും. 50 സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾക്കും ക്ഷണം ഉണ്ട്. ചടങ്ങിന് ശേഷം മ്യൂസിക് ഷോയുമുണ്ടാകും എന്നാണ് വിവരം
റെയില്‍വേ സ്‌റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഹോള്‍ഡിങ് ഏരിയ സജ്ജമാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാര്‍ മരിക്കാനിടയായ ദാരുണ സംഭവത്തിനുപിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്.
അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമർശമാണ് നടത്തിയതെന്നും അപലപനീയമായ പെരുമാറ്റം എന്നും കോടതി നിരീക്ഷിച്ചു. മാതാപിതാക്കളെ അപമാനിച്ചുവെന്നും മനസിലെ വൃത്തികേടാണ് പുറത്തുവന്നത് അതിനാൽ എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്ന് കോടതി ചോദിച്ചു.
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് കോസ്റ്ററീക്ക. മധ്യേഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള 200 കുടിയേറ്റക്കാരെ ബുധനാഴ്ച അമേരിക്ക വാണിജ്യ വിമാനത്തില്‍ കോസ്റ്ററീക്കയിലെത്തിക്കും. ഇവരെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന നീക്കത്തിന് അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കോസ്റ്ററീക്ക പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചത്.