Untitled design 20250128 140330 0000

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെയും തൻ്റെ അഞ്ചാമത്തെയും സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

 

 

 

സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ധന കമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുകയാണെന്നും പദ്ധതി വിഹിതവും വെട്ടികുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

 

 

 

 

ബജറ്റ് അവതരണത്തിനു മുൻപായി നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നടപടിക്രമവും കാര്യനി‍ർവഹണവും അനുസരിച്ച് ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെയ്ക്കുന്നതാണ് കീഴ്‌വഴക്കമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സഭയുടെ കാര്യോപദേശക സമിതി നിർദേശിച്ചത് അനുസരിച്ചാണ് സഭാ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ ബജറ്റ് അവതരണം വേണമെന്ന് നിശ്ചയിച്ചതെന്നും അതുകൊണ്ടാണ് നേരത്തെ വിതരണം ചെയ്യാൻ സാധിക്കാത്തതെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക അവലോകനം മുൻകൂട്ടി വിതരണം ചെയ്യണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് സ്പീക്കർ അറിയിച്ചു.

 

 

 

കേരളത്തിന്റെ അതിതീവ്ര ദുരന്തമാണ് മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തുണ്ടായതെന്ന് ഓര്‍മിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വയനാട്ടിൽ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും പുനരധിവാസത്തിനായി 2221 കോടി രൂപ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം യാതൊരു വിധ സഹായവും തന്നിട്ടില്ലെന്നും പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്നും അതിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുന്നുവെന്നും ധനമന്ത്രി അറിയിച്ചു.

 

 

 

 

റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തി, ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 5,39,043 വീടുകൾ അനുവദിച്ചതിൽ 4,27,736 വീടുകൾ പൂർത്തിയാക്കിയെന്നും ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ പട്ടികജാതിയിൽ ഉൾപ്പെട്ട 1,16,996 പേരും പട്ടികവർഗ്ഗത്തിൽപ്പെട്ട 43,332 പേരും ഉൾപ്പെടുന്നുവെന്നും അദ്ദേഹം ബജറ്റ് അവതരണത്തിൽ പറഞ്ഞു.

 

 

 

സൈബർ അധിക്ഷേപങ്ങൾക്കെതിരെയും വ്യാജ വാർത്തകൾക്കെതിരെയും കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടിയും, വിദ്യാർത്ഥികളെ തൊഴിൽപ്രാപ്തരാക്കാനുള്ള വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപയും, കെഎസ്ആർടിസി വികസനത്തിന് 178.98 കോടി , ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും ബജറ്റിൽ നീക്കി വച്ചതായി ധനമന്ത്രി വ്യക്തമാക്കി.

 

 

 

സംസ്ഥാനത്ത് നിലവിലുള്ള ഭൂനികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവ് പ്രഖ്യാപിച്ചു. അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും.

സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും

സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന ക്രമീകരിക്കുമെന്നും ധനമന്ത്രി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു.

 

 

 

വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും, പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപയും വകയിരുത്തി. കൂടാതെ അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള എം എൽ എമാർക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

 

 

 

 

സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചു. കൂടാതെ വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റുമെന്നും സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു.

ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. അതോടൊപ്പം സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപയും വകയിരുത്തി.

 

 

 

 

കേരളത്തിലെ നാട്ടുവൈദ്യം, പാരമ്പര്യ വൈദ്യം മേഖലയിലെ ചികിത്സാ സമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി കേരള നാട്ടുവൈദ്യ, പരമ്പരാഗത കമ്മീഷൻ രൂപീകരിക്കാനും കേരള നാട്ടുവൈദ്യ പരമ്പരാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു. അതോടൊപ്പം പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും കേരളാ ബജറ്റിൽ അനുവദിച്ചു.

 

 

 

സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലിൽ ഇത് നൽകും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കുമെന്നും സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.

 

 

 

 

 

കേരളത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം താഴേക്ക് പോകുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി സംസ്ഥാന ബജറ്റ്. 2024-ൽ കേരളത്തിൽ 3.48 കുഞ്ഞുങ്ങളാണ് ജനിച്ചതെന്നും 2014-ൽ ഇത് 5.34 ലക്ഷമായിരുന്നു ഇരുപത് വർഷം മുൻപ് 6 ലക്ഷത്തിന് മുകളിൽ കുട്ടികൾ ജനിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ കുട്ടികളുടെ എണ്ണം പാതിയായി കുറഞ്ഞിരിക്കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

 

 

 

 

വയോജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയ ബജറ്റ് കൂടിയാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. സർക്കാർ അംഗീകൃത ഡിജിറ്റൽ ഗ്രിഡിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കിടപ്പു രോഗികൾക്കും പാലിയേറ്റീവ് കെയർ, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

 

 

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണെന്നും, പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

 

 

കൊച്ചി നഗരസഭ പരിധിയിൽ വഴിയോര കച്ചവടം നടത്തുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാക്കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് സ്ട്രീറ്റ് വെൻഡിങ് പ്ലാൻ രൂപീകരിച്ചതിന് ശേഷമാണ് കോടതി ഉത്തരവിറക്കിയത്.

 

 

 

ഇടുക്കി കൂട്ടാറിലെ പൊലീസ് മർദനത്തിൽ കട്ടപ്പന എഎസ്പി ഇന്ന് ജില്ല പൊലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടായേക്കും. നടപടി ഉണ്ടായില്ലെങ്കിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് മർദ്ദനമേറ്റ മുരളി അറിയിച്ചു. സേനയിൽ മോശമായ രീതിയിൽ പ്രവർത്തിക്കുന്നവ‍ർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും മുരളി പറഞ്ഞു. പുതുവത്സര ദിനത്തിൽ രാത്രി പതിനൊന്നു മണിയോടെയാണ് ഓട്ടോ ഡ്രൈവറായ കുമരകം മെട്ട് സ്വദേശിയായ മുരളീധരന് മർദ്ദനമേറ്റത്.

 

 

 

റിയാദ് സീസണിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 300 ദമ്പതികളുടെ സമൂഹ വിവാഹം നടത്തി. റിയാദ് സീസൺ മുന്നോട്ട് വെക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി അറിയിച്ചു.

 

 

 

ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങളാണ് റദ്ദാക്കിയത്.

ഫെബ്രുവരി 9 മുതലാണ് ഈ റദ്ദാക്കലുകള്‍ പ്രാബല്യത്തില്‍ വരുന്നത്. മാർച്ച് 25 വരെ തുടരും.

 

 

 

 

ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം സൗദി അറേബ്യ പിൻവലിച്ചു. ഇതുസംബന്ധിച്ച സർക്കുലർ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കി. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പടെ രാജ്യത്തെ എല്ലാ വിമാന കമ്പനികൾക്കും പുതുക്കിയ വാക്സിനേഷൻ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

 

 

 

 

ദില്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് സമാജ് വാദി പാർട്ടി എംപി രാം ഗോപാൽ യാദവ്. ദില്ലിയിൽ കോൺഗ്രസിനെ ഇപ്പോൾ പിന്തുണക്കാനാകില്ലെന്നും, ബിജെപിയെ തോൽപിക്കാനാകുന്നവരെയാണ് പിന്തുണയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

അഞ്ച് വർഷത്തിനുശേഷം റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് റിസർവ് ബാങ്ക്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിന്നും 6.25 ആയി കുറച്ചത്. ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്.

 

 

 

അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാട് കടത്തിയതിൽ കൂടുതൽ ശക്തമാക്കാൻ പ്രതിപക്ഷം. രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. പിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് പ്രതിഷേധിക്കാനാണ് നിർദ്ദേശം.

 

 

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന് പിന്നാലെ ഗ്രീക്ക് ദ്വീപിലെ സാന്‍റോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ച 5.2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രീക്ക് ദ്വീപിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശക്തിയേറിയ ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെ 11,000ലേറെ പേരയാണ് ദ്വീപിൽ നിന്ന് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.

 

 

 

ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസ്സോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണെന്ന് കേരള ക്രിക്കറ്റ് അസോസിഷൻ. സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണെന്നും അച്ചടലംഘനം ആര് നടത്തിയാലും അനുവദിക്കാൻ സാധിക്കില്ലെന്നും അസ്സോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞു അപകീത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുക്കുമെന്നും കെസിഎ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *