Untitled design 20241217 141339 0000

വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസി കരട് മാർഗരേഖക്കെതിരെ ഐക്യകണ്ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. സർവകലാശാലകളിൽ സ്വകാര്യവത്കരണത്തിന് വർഗ്ഗീയ ആശയങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മാർഗരേഖയെന്നാണ് പ്രമേയത്തിലെ വിമർശനം. സർവകലാശാലകളിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടനാ വ്യവസ്ഥയെ പോലും കാറ്റിൽപ്പറത്തിയാണ് മാർഗ്ഗേരഖയെന്നും കുറ്റപ്പെടുത്തുന്നു.

 

 

 

സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് നിയമസഭയിൽ അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് അനൂപ് ജേക്കബ്ബ് ചോദിച്ചു. കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്നും കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയതെന്നും ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ് ഈ കേസിൽ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

നിയമസഭയിൽ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയുമ്പോൾ ഭരണപക്ഷം തടസ്സമുണ്ടാക്കിയതാണ് പ്രതിപക്ഷ നേതാവിനെ .നേതാവിനെ ചൊടിപ്പിച്ചത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് കയ്യിലെ പേപ്പർ വലിച്ചെറിഞ്ഞ് അദ്ദേഹം സീറ്റിലിരുന്നു.

സ്പീക്കർ ബഹളത്തിന് കൂട്ടുനിൽക്കുന്നു എന്നും വി.ഡി.സതീശൻ ആരോപിച്ചു.

 

 

 

 

 

കെപിസിസി അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ലെന്നും എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരൻ. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ലെന്നും തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപ ദാസ് മുൻഷി ഒറ്റക്ക് ഒറ്റക്ക് നേതാക്കന്മാരെ കാണുന്നത് നേതാക്കൾക്കിടയിൽ ഐക്യം ഇല്ലാത്തതുകൊണ്ടല്ല അവർക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

 

 

 

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നാളെ നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്ന സിപിഐ അനുകൂല ജോയിന്‍റ് കൗൺസിലിനെ പരിഹസിച്ച് സിപിഎം സംഘടന. സമരം നടത്തുന്നത് ആളില്ലാ സംഘടനകളാണെന്നും ചില അതി വിപ്ലവ കാരികൾ കൊങ്ങി സംഘികൾക്കൊപ്പം തോളിൽ കൈയിട്ട് സമരം നടത്തുന്നുവെന്നും. അന്തി ചന്തക്കു പോലും ആളില്ലാ സംഘടനകളാണ് സമരം നടത്തുന്നതെന്നും സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻറെ ലഘുലേഖയില്‍ പറഞ്ഞു.

 

 

 

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും നാളെത്തെ പണിമുടക്കിനെ പരിഹസിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് മറുപടിയുമായി ജോയിന്‍റ് കൗൺസിൽ. അന്തി ചന്തക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാമെന്നും, മുൻപ് നടന്ന സമരത്തെ കുറിച്ച് പോലീസ് നൽകിയ കോൺഫിഡനഷ്യൽ റിപ്പോർട്ട്‌ സിഎമ്മിന്‍റെ ഓഫീസിൽ ഉണ്ടെന്നും, സിപിഎം പോഷക സംഘടന ആളെ കൂട്ടുന്നത് ഭീഷണിപെടുത്തിയും ട്രാൻസ്ഫർ ചെയ്യുമെന്ന് വിരട്ടിയുമാണെന്നും ജോയിന്‍റ് കൗണ്‍സില്‍ നേതാവ് ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു.

 

 

 

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരിമല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.

 

 

 

 

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. എൻഎം വിജയൻ സുധാകരന് കത്തെഴുതിയത് കണക്കിലെടുത്താണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും കെ സുധാകരൻ പറഞ്ഞു. നാളെ എൻഎം വിജയൻ്റെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കി. നേരത്തെ ക്ഷണിച്ചെങ്കിലും മാർത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് ആണ് ഒഴിവാക്കിയത്. എന്നാൽ, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു.മാരാമൺ കൺവെൻഷന്‍റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്.

 

 

 

തൃണമൂല്‍ കോണ്‍ഗ്രസ് പി വി അൻവറിന്‍റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി ഉണ്ണി.ഇല്ലാ കഥകള്‍ പറഞ്ഞ് ആളാവാനാണ് അൻവറിന്‍റെ ശ്രമമെന്നും സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ അൻവറിന് ആരും അധികാരം കൊടുത്തിട്ടില്ലെന്നും അൻവറിന് നൽകിയ കണ്‍വീനര്‍ പോസ്റ്റ്‍ താത്കാലികം മാത്രമാണ് അൻവറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും സി ജി ഉണ്ണി കൂട്ടിച്ചേർത്തു.

 

 

 

 

തലശ്ശേരി കലാപകാലത്ത് പിണറായി പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരൻ കുമാരനാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പരാമർശങ്ങൾ. കഴിഞ്ഞ ദിവസം താനിത് പറഞ്ഞിരുന്നുവെന്നും താനെന്തെങ്കിലും പറയുമ്പോൾ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാർട്ടി സെക്രട്ടറി വരുമല്ലോ എന്താണ് മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.

 

 

 

 

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും.

 

 

 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.

 

 

 

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതി. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് വകുപ്പ് സംശയിക്കുന്നത്.

 

 

 

 

കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ടെന്നും വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു.

 

 

 

 

വിതുരയ്ക്ക് സമീപം ആദിവാസിയായ റബർ ടാപ്പിങ് തൊഴിലാളിക്ക് കാട്ടാനയുടെ അക്രമണത്തിൽ ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ കൊമ്പ്രാൻകല്ല് പെരുമ്പറാടി ആദിവാസി മേഖലയിൽ തടതരികത്ത് ശിവാ നിവാസിൽ ശിവാനന്ദൻ കാണി(46) രാവിലെ ടാപ്പിംഗ് തൊഴിലിനു പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

 

 

 

 

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ മാപ്പ് പറച്ചിൽ. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകൻ പറഞ്ഞത്. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും വിനായകൻ വ്യക്തമാക്കുന്നു.

 

 

 

തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിൽ കർഷകൻ വെളപ്പായ സ്വദേശി രവിയുടെ നാലു പശുക്കളാണ് വിഷപ്പുല്ല് കഴിച്ച് ചത്തത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ബ്ലൂമിയ അഥവാ വേനൽ പച്ചയിനത്തിലെ പുല്ല് അമിതമായി കഴിച്ചതാണ് കാരണമെന്ന് പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തി.

 

 

 

 

ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിത്ത് (48) മരിച്ചു. അപകടത്തിൽ 5 പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്.

 

 

 

അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം സായുധ സേനാ അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ ഡോണൾഡ് ട്രംപ് ചുവടുവെയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി. അമേരിക്കൻ സൈന്യത്തിന്റെ തീം അടിസ്ഥാനമാക്കി തയ്യാറാക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

 

 

 

ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ നിക്ഷേപം നടത്താൻ തയ്യാറായി ട്രംപിന്‍റെ കമ്പനി. 15000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപ് ടവറുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് നീക്കം. പദ്ധതിക്ക് അന്തിമ രൂപം നല്കാൻ ട്രംപിന്‍റെ മക്കൾ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.

 

 

 

 

 

അഖില കർണാടക ബ്രാഹ്മണസഭയുടെ വാർഷികസമ്മേളനത്തിൽ പങ്കെടുത്ത് കര്‍ണാടകയിലെ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും ജസ്റ്റിസ് ശ്രീശാനന്ദയും. ഭരണഘടനാ നിർമാണത്തിൽ ബ്രാഹ്മണരുടെ പങ്ക് നിസ്തുലമെന്ന് ജഡ്‍ജിമാര്‍ പരിപാടിക്കിടെ പറഞ്ഞു. ഭരണഘടനാ നിർമാണസമിതിയിൽ ഏഴ് പേരുണ്ടായിരുന്നതിൽ മൂന്നും ബ്രാഹ്മണരായിരുന്നുവെന്ന് ജസ്റ്റിസ് ദീക്ഷിത് പറഞ്ഞു.

 

 

 

മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച മുൻ ജഡ്ജി രോഹിത് ആര്യയെ ബിജെപിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പാനലിന്റെ കോഓർഡിനേറ്ററായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്താണ് ജസ്റ്റിസ് ആര്യയ്ക്ക് പുതിയ പാർട്ടി ചുമതല നൽകിയത്. വിരമിച്ച് മൂന്ന് മാസത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് ജസ്റ്റിസ് രോഹിത്ത് ആര്യ ബിജെപിയിൽ ചേരുന്നത്.

 

 

 

കർണാടകയിലെ ഗവിഗുഡ്ഡയിലെ വനമേഖലയിൽ ഋഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് മൂലം പ്രദേശത്തെ വനപ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടായെന്ന് ആരോപണം. ഇവിടുത്തെ ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം.

 

 

 

ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചു. സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോവാദി നേതാവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നൽകുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.

 

 

 

സ്റ്റാര്‍ഷിപ്പ് സൂപ്പര്‍-ഹെവി മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണ പരാജയത്തിന് ശേഷമുള്ള ആദ്യ വിക്ഷേപണം വിജയിപ്പിച്ച് സ്പേസ് എക്സ്. ഫ്ലോറിഡയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 ലോഞ്ച് വെഹിക്കിള്‍ 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വിജയകരമായി വിക്ഷേപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *