Untitled design 20241121 135223 0000

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസിന്‍റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ്. നവ കേരള സദസിൻ്റെ നടത്തിപ്പ് മുതൽ ഭരണ നിര്‍വ്വഹണ മേഖലയിൽ ഉണ്ടാക്കിയ ചലനങ്ങൾ വരെ സമഗ്രമായി വിലയിരുത്താനാണ് തീരുമാനം. ഏറെ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴിവച്ച സദസ്സ് സമൂഹത്തിൽ എന്ത് പ്രതികരണമുണ്ടാക്കി എന്നാണ് ഐഎംജി പഠിക്കുന്നത്.

 

 

 

സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. കൊല്ലത്താണ് ആദ്യ സമ്മേളനം. നാളെ മുതൽ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുനമ്പം വഖഫ് ഭൂമിയാണെന്ന വാദം ശരിവെച്ചു. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് ആവർത്തിച്ച് രംഗത്ത് വന്ന കെഎം ഷാജി, പാണക്കാട് തങ്ങൾ പ്രശ്നത്തിൽ ഇടപെട്ടതിന്റെ കാരണവും വിശദീകരിച്ചതോടെയാണ് ലീഗും കോൺഗ്രസും കൂടുതൽ പ്രതിരോധത്തിലായത്.

 

 

 

വിഴിഞ്ഞത്ത് വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് മന്ത്രി വി എൻ വാസവൻ. സംസ്ഥാനത്തിന് അർഹതപ്പെട്ടത് കേന്ദ്രം തരുന്നില്ലെന്നും എന്നാൽ കേന്ദ്രസർക്കാരിൻ്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപപോലും ഇതുവരെ നിർമാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ലെന്നും അതേസമയം തുത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം ഗ്രാൻ്റ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

കെപിസിസി പ്രസിഡിന്‍റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വച്ചുവെന്നും ഇപ്പോൾ പാർട്ടിയെ നയിക്കാനുള്ള ആരോഗ്യവും കെ സുധാകരനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

കെപിസിസിയിലെ നേതൃമാറ്റ ചർച്ചകൾ അപ്രസക്തമാണെന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ഇരട്ട പദവിയില്‍ പ്രശ്നമില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തുടരുമെന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

നിലവിലെ നേതൃത്വം തന്നെ തുടരുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് കേരള പ്രഭാരി തന്നെ പറഞ്ഞിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍. ബിജെപി ഇരുമ്പ് മറയുള്ള പാർട്ടി അല്ലെന്നും തോല്‍വി ആണെങ്കിലും വിജയം ആണെങ്കിലും ചർച്ച ചെയ്യുമെന്നും പാർട്ടിയിൽ കൂടുതൽ വിഭഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

 

 

ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസിൽ പരാതി നൽകി. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തന്നില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമിറ്റി പരാതി നൽകിയത്.

 

 

 

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനായി പ്രമുഖ മലയാള നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു. എന്നാൽ നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം.

 

 

തന്‍റെ ചിത്രം ഫ്ലക്സ് ബോർഡുകളിൽ ഉപയോഗിക്കരുതെന്ന് ഓർത്തഡോക്സ് സഭാ ബിഷപ്പ് കണ്ടനാട് ഈസ്റ്റാ മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്. ഫ്ലക്സുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശം പാലിക്കണമെന്നും വൈദികർക്കും വിശ്വാസികൾക്കുമായ അയച്ച ഓഡിയോ സന്ദേശത്തിൽ ബിഷപ്പ് വ്യക്തമാക്കി.ഭദ്രാസനത്തിന് കീഴിലുള്ള പള്ളികളിലും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന ഫ്ലക്സുകൾ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും ലാത്തിചാർജ്ജിൽ പരിക്കേറ്റു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

 

 

നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവർക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ശബരിമലയിൽ തിരക്ക് വർധിച്ചതോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കി. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്.

 

 

യാക്കോബായ ഓർത്തഡോക്‌സ് സഭാ തർക്കവുമായി ബന്ധപ്പെട്ട് ചാലിശേരിയിൽ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന മൂന്ന് കുരിശടികളും, പാരിഷ് ഹാളും സീൽചെയ്തു. പൊലീസിൻ്റെ സഹായത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിച്ചത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജിൻ്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടപടികൾ പൂർത്തിയാക്കി.

 

 

 

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിൽ റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. റവന്യൂ വകുപ്പിലെ തപാൽ വിഭാഗത്തിൽ ആയിരിക്കും ശ്രുതി ജോലി ചെയ്യുക. സർക്കാർ ജോലിയുടെ മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് പ്രതികരിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്.

 

 

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുരേഷിൻ്റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.

 

 

ഉത്തർപ്രദേശിലെ നോയിഡയിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്‍റു തോമസിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്‍റുവിനെ നോയിഡ സെക്ടര്‍ 20-ലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 

 

കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാർ മരിച്ചു. നവംബർ 9 മുതൽ 11 വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷനായ റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നൽകിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

 

 

 

 

ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റും ആപ്ലിക്കേഷനുമായ ഐആര്‍സിടിസിയില്‍ ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നില്ല. ഐആര്‍സിടിഎസ് വെബ്‌സൈറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തടസം നേരിടുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഒരു മണിക്കൂര്‍ നേരം മാത്രമായിരിക്കും പ്രശ്നം നീണ്ടുനില്‍ക്കുകയെന്നും ഇതിന് ശേഷം വെബ്‌സൈറ്റും ആപ്പും വീണ്ടും സജീവമാകും എന്നാണ് റിപ്പോർട്ട്.

 

 

ദില്ലിയിലെ ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 40 സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പുലര്‍ച്ചെ ഇ- മെയിലിലൂടെ വന്ന ഭീഷണി സന്ദേശത്തിൽ സ്കൂളിന്റെ വിവിധഭാഗങ്ങളിൽ ബോംബുകൾ വെച്ചിട്ടുള്ളതായാണ് പറയുന്നത് . ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് പറഞ്ഞു.

 

 

 

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തു. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. മണ്ഡപം സ്വദേശി ബി കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്.

 

 

 

പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടുവരണമെന്ന ആവശ്യം ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ ഹർജിയുമായി കോടതിയെ സമീപിച്ചാൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തൊഴിലിടത്തിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

 

 

കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന സംഘടനയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇന്‍ ഏഷ്യ പസഫിക് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ് സോണിയ ഗാന്ധി എന്ന് ബി.ജെ.പി. ആരോപിച്ചു. അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസിന്റെ ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന സംഘടനയാണ് എഫ്.ഡി.എല്‍-എ.പി. എന്നും ബി.ജെ.പി. ആരോപിച്ചു.

 

 

 

 

മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തും. കൂടാതെ റഷ്യൻ നിർമ്മിത സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് തുഷിൽന്റെ കമ്മീഷനിങ് ചടങ്ങില്‍ പങ്കെടുക്കുകയും, ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും.

 

 

 

ചെന്നൈ കൊച്ചി സ്‌പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽ നിന്ന് 147 യാത്രക്കാരുണ്ടായ വിമാനത്തിൽ പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് നിലത്തിറക്കിയത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി. ഇന്ന് ഈ സർവീസ് റദ്ദാക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു.

 

 

 

ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മാസം 1,551 പ്രവാസികളാണ് അറസ്റ്റിലായത്. തൊഴില്‍ മന്ത്രാലയം, ലേബര്‍ ഡയറക്ടറേറ്റ് ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി സര്‍വീസസിന്‍റെ ഇന്‍സ്പെക്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

 

 

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്.

 

 

 

 

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഡിസംബർ പതിനൊന്നോടെ ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

 

തമിഴ്നാട്ടിൽ ഒരു കിലോ മുല്ലപ്പൂവിന്‍റെ വില 4500 രൂപയായി ഉയർന്നു. ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം സംഭവിച്ചതോടെയാണ് വില കുത്തനെ കൂടിയത്. കൂടാതെ വിവാഹ സീസണായതും വില വർധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. 2000 രൂപയാണ് തിരുവനന്തപുരത്ത് മുല്ലപ്പൂവിന് വില.

 

 

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഖയാർതല മേഖലയിലെ വീട്ടിലാണ് സംഭവം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്ഫോടനം നടന്നത്.

 

 

 

മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷ്ടാക്കൾ 12 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നതായി റിപ്പോർട്. കഴിഞ്ഞ അഞ്ചാം തീയതി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ലക്ഷണങ്ങളുടെ മോഷണം നടന്നത്. മൊബൈൽ ഫോണുകളും, സ്വർണ്ണമാലകളും, പേഴ്സും പണവുമടക്കം മോഷണം പോയതായി പൊലീസിന് നിരവധി പരാതികളാണ് ലഭിച്ചത്.

 

 

വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയിൽ എത്തി. ഇത്രയുംകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനി കുറ്റപ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *