Untitled design 20241121 135223 0000

പാർലമെന്റിൽ തുടർച്ചയായി സഭ നിർത്തിവെപ്പിച്ച് നടക്കുന്ന പ്രതിഷേധത്തിൽ ഇന്ത്യാ മുന്നണിയിൽ ഭിന്നാഭിപ്രായം. പ്രധാന വിഷയങ്ങൾ ചർച്ചയിൽ വരാത്ത രീതിയിൽ അദാനി വിഷയത്തിൽ മാത്രം സഭ സ്ഥിരം തടസപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും. എന്നാൽ സഖ്യകക്ഷികളുടെ സമ്മർദ്ദത്തിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വഴങ്ങേണ്ടി വന്നതാണെന്നാണ് കോൺഗ്രസ് പ്രതികരണം.

 

 

 

 

പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി. യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.

 

 

 

കെപിസിസി പുനഃസംഘടനയിൽ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നത. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ മാറാൻ തയ്യാറാകാത്ത സുധാകരൻ താഴെ തട്ടിലെ പുനഃസംഘടനക്കുള്ള നീക്കം തുടങ്ങി. നേതൃതലത്തിലെ അഴിച്ചുപണിക്കുള്ള സമയം അതിക്രമിച്ചതായി രാജ്മോഹൻ ഉണ്ണിത്താനും, തലമുറ മാറ്റം വേണമെന്ന് ചെറിയാൻ ഫിലിപ്പും ആവശ്യപ്പെട്ടു.

 

 

 

ട്രോളിയിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇഎൻ സുരേഷ്ബാബു. കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നും കുറുവ സംഘത്തെ ചോദ്യം ചെയ്യുംപോലെ ഇവരെ ചോദ്യം ചെയ്യാനാകില്ലല്ലോ എന്നും സുരേഷ് ബാബു ചോദിച്ചു. ഷാഫി, ജ്യോതികുമാർ, ശ്രീകണ്ഠൻ എന്നിവരുടെ നീക്കങ്ങൾ സംശയകരമെന്നും ഇഎൻ സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

 

 

 

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ട്രോളി വിവാദത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പൊലീസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നുമാണ് സി കൃഷ്ണകുമാർ ആരോപിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമവശം പരിശോധിച്ച് ബിജെപിയുടെ തുടർനടപടി തീരുമാനിക്കുമെന്നാണ് സി കൃഷ്ണകുമാർ വിശദമാക്കുന്നത്.

 

 

 

തിരുവനന്തപുരം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കാനിരിക്കെ സിപിഎം പുറത്താക്കി. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നുവെന്നും, പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

 

 

 

ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടേയും പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ തുടങ്ങി. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളുടെ കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

 

കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു. ഓവര്‍ലോഡ്, വാഹനത്തിന്‍റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു.

 

 

 

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും

 

 

 

കരുവന്നൂർ കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസിനും ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പ്രതികളുടെ ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവുമായി ഇഡി സുപ്രീംകോടതിയെ സമീപിക്കും. പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ.

 

 

 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കും. ട്രയൽ റൺ കാലയളവ് പൂർത്തീയായതോടെയാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് തുടങ്ങുന്നത്. അടുത്ത നാല് വര്‍ഷത്തിനകം 10,000 കോടി രൂപയുടെ നിക്ഷേപമിറക്കി പദ്ധതി പൂര്‍ത്തിയാക്കാനാണ് അദാനി പോര്‍ട് അധികൃതരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണ. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമായി നാലു മാസം മാത്രം പിന്നിടുമ്പോള്‍ വലുതും ചെറുതുമായ 70 വെസ്സലുകളാണ് വന്ന് പോയത്.

 

 

 

 

തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിന്റെ കൈവശം ഇരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികളിലേക്ക് നീങ്ങി സംസ്ഥാന സർക്കാർ. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ ക്ലബിന്റെ കൈവശമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമിയുടെ തണ്ടപ്പേർ റവന്യു വകുപ്പ് റദ്ദാക്കി. തുടർ നടപടികൾക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തി.

 

 

 

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാറും ആത്മയും. പരാമർശം പിൻവലിക്കണമെന്നും സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നുമാണ് കുറ്റപ്പെടുത്തൽ. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം.

 

 

 

 

ബസിന്‍റെ ഷെഡ്യൂൾ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് കെഎസ്ആർടിസിക്ക് പിഴ. സംഭവത്തിൽ പരാതി നൽകിയ യുവാവിന് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. വെളിമുക്ക് പാലക്കൽ സ്വദേശി അഭിനവ് ദാസാണ് പരാതി നൽകിയത്. അഭിനവ് ദാസ് ലോഫ്‌ലോർ ബസിൽ 358 രൂപ നൽകി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ രാവിലെ 9.30ന് ബസ് സ്റ്റോപ്പിൽ എത്തിയ പരാതിക്കാരൻ ഉച്ചക്ക് ഒരു മണി വരെ കാത്തിരുന്നെങ്കിലും ബസ് വന്നില്ല. കാഴ്ചാപരിമിതിയുള്ള യാത്രക്കാരൻ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാൻ ഇടവന്നതിനെ തുടർന്നാണ് പരാതി നൽകിയത്.

 

 

 

 

 

ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തു.

ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റ‍ർ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റർ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തി.

 

 

 

 

അന്തരിച്ച സി പി എം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായ ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശം. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വാദത്തിനിടെ പറഞ്ഞു. എം എം ലോറൻസിന്‍റെ മക്കളായ ആശാ ലോറൻസും സുജാതയും സമർപ്പിച്ച ഹ‍ർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

 

 

 

ചരക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുമെന്ന് റിപ്പോർട്ട്. 5 ശതമാനം ,12 ശതമാനം ,18 ശതമാനം, 28 ശതമാനം എന്നിവയ്ക്ക് പുറമേ പുതിയതായി 35 ശതമാനം എന്ന നികുതി സ്ലാബ് കൂടി ഏര്‍പ്പെടുത്താന്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി തീരുമാനിച്ചു. പുകയില, സിഗരറ്റ്, കോള അടക്കമുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്കാണ് 35% നികുതി ഏര്‍പ്പെടുത്തുന്നത്.

 

 

 

 

ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കാസർകോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്‌തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

 

 

തൃശ്ശൂർ പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ് ആണ് മരിച്ചത്. 28 വയസായിരുന്നു.

 

 

പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് കഞ്ചിക്കോട് അഹല്യ ക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായിരുന്നു നിത.

 

 

 

 

തമിഴ്നാട്ടിലെ മഴക്കെടുതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണിൽ വിളിച്ചാണ് മോദി, അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയത്. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ സ്റ്റാലിൻ, പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി, സ്റ്റാലിനെ നേരിട്ട് വിളിച്ച് സഹായം ഉറപ്പ് നൽകിയത്.

 

 

 

ആദ്യ പോസ്റ്റിംഗിനായി പോകവേ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കർണാടക കേഡർ പ്രൊബേഷണറി ഐപിഎസ് ഓഫീസർ ഹർഷ് ബർധന് കണ്ണീരോടെ വിട നൽകി കർണാടക. ബെംഗളുരുവിലെ ആംഡ് പൊലീസ് ട്രെയിനിംഗ് സ്കൂളിൽ നടന്ന ഗാർഡ് ഓഫ് ഓണറിൽ സംസ്ഥാനത്തെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തു.

 

 

 

 

വെർജീനിയയിലെ ജയിലിൽ തടവുകാർ തീകൊളുത്തിയ സംഭവം തടവുകാരുടെ പ്രതിഷേധത്തിന്‍റെ ഭാഗമല്ലെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ തടവുകാര്‍ സ്വയം തീകൊളുത്തിയ ആറ് സംഭവങ്ങളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെർജീനിയയിലെ അതീവ സുരക്ഷയുള്ള റെഡ് ഒനിയൻ ജയിലിലാണ് തടവുകാർ ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളിൽ കൃത്രിമം കാണിച്ച ശേഷം മനഃപൂർവം തീകൊളുത്തിയത്.

 

 

 

നാടകത്തിലെ രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാൻ സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്ന 45കാരൻ അറസ്റ്റിൽ. നവംബർ 24ന് ഒഡിഷയിലെ ഗഞ്ചമിൽ നടന്ന സംഗീത നാടകത്തിനിടയിലാണ് രാക്ഷസ വേഷത്തിൽ എത്തിയ നടൻ പന്നിയെ സ്റ്റേജിൽ വച്ച് കൊന്ന് തിന്നത്. ബിംഭാധാർ ഗൌഡ എന്ന 45കാരനായ സംഗീത നാടക കലാകാരനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

 

 

 

സിനിമ റിവ്യൂകൾ തടയണമെന്ന ആവശ്യവുമായി തമിഴ് നിർമാതാക്കളുടെ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യൽ മീഡിയ റിവ്യൂകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും നിർമാതാക്കൾ ഹർജിയിൽ ആവശ്യപ്പെടുന്നു.

 

 

 

 

ബംഗ്ലാദേശിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസിയായ ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യം തേടിയുള്ള അപേക്ഷ കോടതി ഇന്ന് അംഗീകരിച്ചില്ല. കൃഷ്ണദാസിന് വേണ്ടി അഭിഭാഷകരാരും കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനൊപ്പം തന്നെ കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സർക്കാർ ശക്തമായി എതിർക്കുകയും ചെയ്തതോടെ കേസ് പരിഗണിക്കുന്നത് ജനുവരി 2 ലേക്ക് മാറ്റി.

 

 

 

ഉത്തർപ്രദേശിലെ സംബൽ സംഘർഷത്തിൽ മസ്ജിദ് കമ്മറ്റിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മസ്ജിദിന്റെ യഥാർത്ഥ ഘടനയിൽ നിന്നും മാറ്റം വരുത്തിയെന്നും നിലത്തും ഭിത്തിയിലും അറ്റകുറ്റ പണികൾ നടത്തിയെന്നുമാണ് ആരോപണം.

 

 

 

മകൻ ഹണ്ടർ ബൈഡൻ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകിയ ജോ ബൈഡന്‍റെ തീരുമാനത്തിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. നിയമം സംരക്ഷിക്കേണ്ട പ്രസിഡന്‍റ് തന്നെ നിയമത്തെ ദുരുപയോഗം ചെയ്യകയാണെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ബൈഡൻ മാപ്പ് നൽകിയവരുടെപട്ടികയിൽ ക്യാപ്പിറ്റോൾ കലാപത്തിലെ പ്രതികളുണ്ടോയെന്നും ട്രംപ് ചോദിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *