വയനാട്ടിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടരുന്നു. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ.
വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരിൽ ഇന്ത്യ സഖ്യം വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമാണ് വയനാട്ടില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇരട്ട വോട്ട് പട്ടികയിൽ ഉള്പെട്ടവര് വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസർമാർക്ക് കൈമാറി .ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയെന്ന് പാലക്കാട് ജില്ല കളക്ടര്‍ ഡോ എസ് ചിത്ര പറഞ്ഞു.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ പത്രങ്ങളുടെ പാലക്കാട് എഡിഷനിൽ ഇടത് മുന്നണിയുടെ പത്ര പരസ്യം. സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളിൽ വന്ന പരസ്യമാണ് വിവാദത്തിലായി. ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രണ്ട് പത്രങ്ങളിലെ പരസ്യങ്ങൾ മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ലെന്നും , സന്ദീപിനോട് ഫേസ്ബുക്കിലെ പരാമർശങ്ങൾ ഒക്കെ ഡിലീറ്റ് ചെയ്യാൻ കോൺഗ്രസ് പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് ഇപ്പോഴും ആർ എസ് എസുകാരനാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം നൽകിയ പത്ര പരസ്യത്തിൽ തന്റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍. സിപിഎം വർഗീയ വിഭജനം ലക്ഷ്യമിട്ട് നൽകിയ പരസ്യമാണിതെന്നും സിപിഎം കൃത്രിമമായി നിർമ്മിച്ചതാണ് തന്റെ പേരിലുള്ള പോസ്റ്റുകളെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപിയെ പോലെ സിപിഎമ്മും വർഗീയ ധ്രുവീകരനത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാർട്ടിയുമായി ആലോചിച്ച് പരാതി നൽകുമെന്നും സന്ദീപ് പറഞ്ഞു.
സന്ദീപിന്റെ പോസ്റ്റുകള്‍ തന്നെയാണ് പത്ര പരസ്യത്തിലുള്ളതെന്നും അല്ലെന്ന് തെളിയിക്കട്ടെയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. സന്ദീപ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പരസ്യത്തിലുള്ളതെന്നും തെറ്റായ കാര്യങ്ങൾ സിപിഎം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ മുൻകാല പോസ്റ്റുകള്‍ അല്ല അതെന്ന് സന്ദീപ് തെളിയിക്കട്ടെയന്നും ഇഎൻ സുരേഷ് ബാബു വെല്ലുവിളിച്ചു.
വ്യാജ പരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട്ടെ വോട്ടർമാരെന്ന് വി കെ ശ്രീകണ്ഠൻ എംപി. ജനം പുച്ഛിച്ചു തള്ളുമെന്ന് പറഞ്ഞ എംപി സന്ദീപ് ആർഎസ്എസ് പശ്ചാത്തലമുള്ള ആളാണെന്ന് അറിയാത്തവർ ആരാണുള്ളതെന്നും ചോദിച്ചു. വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടർമാർ പുച്ഛിച്ചു തള്ളും. സന്ദീപ് കൊലക്കേസ് പ്രതിയല്ലെന്നും വികെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിലാണെന്ന് ഇ പി ജയരാജൻ. എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണെന്നും ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡറുമാര്‍ മുൻകാലത്ത് എതിർത്തിട്ടുണ്ടെന്നും ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്ലീംലീഗിന് സംഭവിച്ചതെന്നും ജയരാജൻ ചോദിച്ചു.
മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണയത്തിൽ തങ്ങളെയും മുസ്ലിം ലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. കാരണം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടാണ് തങ്ങൾ പാണക്കാട് പ്രേമികൾക്ക് വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡണ്ടിന്റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലതെന്നും ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വിഷയത്തില്‍ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഇ.പി. ജയരാജനും ഡി.സി. ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും.
കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്മിയെ അമ്പലപ്പുഴയിൽ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായകമായത് മൊബൈൽ ഫോൺ. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ജയചന്ദ്രനുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നു ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. ജയചന്ദ്രന്റെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് കോടതി നിർദ്ദേശം നല്കി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മരിച്ചത്. ഈ മാസം 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത് എന്നാൽ മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്നും പിന്നീടാണ് ന്യൂറോ ചികിത്സ നൽകിയതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്.
കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെ ആനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു. നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഹരീഷിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയും കാട്ടാന ഈ മേഖലയിൽ കൃഷി നശിപ്പിച്ചിരുന്നു.
ഭിന്നശേഷിക്കാർക്കായുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ സർവ ശ്രേഷ്ഠ ദിവ്യാംഗന് അർഹയായി തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ അനന്യ. പരിമിതികളെ സംഗീതത്തെ കൂടെ കൂട്ടി പൊരുതി തോൽപ്പിച്ചാണ് 19 കാരിയുടെ നേട്ടം. രാഷ്ട്രപതിയിൽ നിന്ന് ഡിസംബർ 3 ന് അനന്യ പുരസ്കാരം ഏറ്റുവാങ്ങും. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള വഴുതക്കാട്ടെ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഗീതത്തിലൂടെ ഓട്ടിസത്തെ മറികടക്കുന്ന അനന്യയുടെ പഠനം.
എറണാകുളം പറവൂരിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ശാന്തിക്കാരനായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനെ ജാതി അധിക്ഷേപം നടത്തിയതായുള്ള പരാതിയിൽ പൊലീസ് കേസെടുത്തു. വടക്കൻ പറവൂർ തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രത്തിലാണ് സംഭവം. പ്രദേശവാസിയായ ജയേഷാണ് തത്കാലിക ശാന്തിക്കാരനായ വിഷ്ണുവിന്റെ ജാതി ചോദിച്ചു അധിക്ഷേപിച്ചതെന്നാണ് പരാതി.
ശബരിമലയിൽ ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീർത്ഥാടകർ ക്യു കോപ്ലക്സിൽ കാത്ത് നിൽക്കാതെ നേരിട്ട് സോപാന ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്.നേരിട്ടുള്ള ദർശനം ലക്ഷ്യം വെച്ച് സ്ഥാപിച്ച ബെയ്ലി പാലത്തിന്റെ നിർമ്മാണ കുടിശിക സൈന്യത്തിന് നൽകിയതോടെയാണ് പുതിയ നീക്കം.
ബാൽ താക്കറെയുടെ പിൻതുടർച്ചക്കാർ അദ്ദേഹത്തിന്റെ ആശയങ്ങൾ ബലികഴിച്ചെന്നും ബാൽ താക്കറെ നിലകൊണ്ടതിന് വിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഹായുതി സ്ഥാനാർഥികളുടെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മാട്ടുപെട്ടി പരീക്ഷണ പറക്കൽ വിജയകരമായതോടെ സീ പ്ലെയിൻ സര്‍വീസ് നടത്താൻ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. താമസിയാതെ ടെണ്ടര്‍ ക്ഷണിച്ച് ഔദ്യോഗികമായി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ചെലവ് പരമാവധി കുറയ്ക്കാനുള്ള നടപടികളും പരിഗണനിയിലാണ്.
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നങ്ങൾ കോളേജിൽ വച്ചു തന്നെ പൂർണ്ണമായും പരിഹരിക്കപ്പെട്ടുവെന്ന പ്രിൻസിപ്പലിന്റെയും ക്ലാസ് ടീച്ചറിന്റെയും ന്യായീകരണം കള്ളമാണെന്നും കോളേജിലും ഹോസ്റ്റലിലും അമ്മുവിനെ സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മുവിൻറ കുടുംബം ആരോപിച്ചു.
മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെൽവന്റെ ബന്ധുവാണ് മണികണ്ഠൻ. കുറുവ സംഘത്തിന്റെ മോഷണത്തിൽ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കാസര്‍കോട് കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം രണ്ട് പേര് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. സംഭവത്തില്‍ 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായി.
താഴത്തങ്ങാടിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ. വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചതിനെതിരെയും വിമർശനമുണ്ട്. വള്ളംകളി തടസപ്പെടുത്തിയ കുമരകം ടൗൺ ബോട്ട് ക്ലബിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.
വാക്സിനെടുത്തശേഷം തളര്‍ന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. ഇതിനുപിന്നാലെ കിടപ്പിലാവുകായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.
ഉത്തർപ്രദേശിലെ കാൺപൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് എട്ട് വയസുകാരൻ മരിച്ചു. അഞ്ച് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം ഒരു സ്കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറുന്നതിന് മുമ്പാണ് രണ്ട് കുട്ടികളെ ഇടിച്ചിട്ടത്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരും മദ്യ ലഹരിയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
സംഗീതജ്ഞ എം .എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം, സംഗീതജ്ഞൻ ടി .എം. കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പുരസ്കാരം കൃഷ്ണയ്ക്ക് നൽകുന്നതിനെതിരെ, സുബ്ബലക്ഷ്മിയുടെ കൊച്ചുമകൻ വി. ശ്രീനിവാസൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. സുബ്ബലക്ഷ്മിയെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുള്ള കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കരുതെന്നും, തന്റെ പേരിൽ സ്മാരകങ്ങൾ പാടില്ലെന്ന് സുബ്ബലക്ഷ്മിയുടെ വില്പത്രത്തിൽ ഉണ്ടെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദങ്ങൾ.
ദില്ലിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. മലിനീകരണ തോത് കൂടിയതും സുപ്രിംകോടതിയിൽ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്ത് 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ പൂർണമായും ഓണ്‍ലൈനാക്കി. ദില്ലി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കി. ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും സമാന തീരുമാനമെടുത്തു.
ദില്ലിയിലെ വായുമലിനീകരണം സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. ഡൽഹിയിൽ നിർമാണ പ്രവൃത്തികൾ നിരോധിച്ചിട്ടും സുപ്രീംകോടതി വളപ്പിൽ നിർമാണങ്ങൾ നടക്കുന്നുണ്ടെന്ന മുതിർന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലാണ് ഹർജികൾ പരിഗണിച്ച ബെഞ്ചിനെ ഞെട്ടിച്ചത്. ഇതുകേട്ടതോടെ ജസ്റ്റിസ് എ.എസ്.ഒക്ക കോടതിയിൽ വരാൻ അഭ്യർഥിച്ചുകൊണ്ട് സെക്രട്ടറി ജനറലിന് ഒരു ഫ്ലാഷ് സന്ദേശം അയയ്ക്കാൻ നിർദേശിച്ചു.
കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്. സായുധ സേനകൾക്ക് പ്രത്യേക അധികാരം നല്‍കിയത് പിൻവലിക്കണം ഇല്ലെങ്കിൽ ജനങ്ങളുമായി ആലോചിച്ച് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ബീരേൻ സിംഗ് വ്യക്തമാക്കി. അതോടൊപ്പം മണിപ്പൂരിൽ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. മുഖ്യമന്ത്രിയുടെ വീടിന് നേരെയും അക്രമമുണ്ടായി ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.
ഛത്തീസ്ഗഢിലെ കാങ്കറില്‍ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് മാവോവാദികള സുരക്ഷാസേന വധിച്ചു. തലയ്ക്ക് 28 ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചിരുന്നവരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിനോജ മിര്ച്ച കരാം എന്നയാളാണ്. ഇയാളുടെ തലയ്ക്ക് എട്ടുലക്ഷമാണ് ഈനാം പ്രഖ്യാപിച്ചിരുന്നത്. പുനിത , സന്തോഷ് കൊര്‍ചാമി, കജു സൈനു പദ്ദ ,നാഗേഷ് ഗൗഡ എന്നിവര്‍ക്ക് അഞ്ചുലക്ഷമായിരുന്നു ഈനാം പ്രഖ്യാപിച്ചിരുന്നത്. ഇവരില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും. ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മെലോനി എക്സിൽ കുറിച്ചു.
അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കൽ നടപടികൾ തുടങ്ങാനാണ് നീക്കം. എന്നാൽ ഭീമമായ ചെലവും സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി.