നവകേരള യാത്രക്കിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു. അതോടൊപ്പം പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നും മഞ്ജുഷ പറഞ്ഞു.
എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും പി പി ദിവ്യയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ആളുടെ ജാമ്യത്തിലാണ് പി പി ദിവ്യ ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെ പരാതി വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു. എഡിഎം മരിച്ച ശേഷമാണ് ഇവര്‍ പരാതിക്കത്ത് ഉണ്ടാക്കിയത് അതിലെന്താണ് അന്വേഷണമില്ലാത്തതെന്നും മോഹനൻ ചോദിച്ചു.
കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി. ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായ സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിച്ചു, അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി എടുത്തത് ഏതൊരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ലെന്നും പികെ ശ്രീമതി പറഞ്ഞു.
പി. കെ ശ്രീമതി നടത്തിയ പ്രതികരണത്തിൽ രൂക്ഷവിമർശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ദിവ്യയുടെ ജാമ്യത്തിൽ സന്തോഷം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് വന്ന് പറയുകയാണ് ശ്രീമതി ടീച്ചർ എന്ന് വിമർശിച്ച രാഹുൽ ഒരാളെ കൊന്നിട്ട് ജാമ്യം ലഭിക്കുമ്പോൾ സന്തോഷമെന്ന് എങ്ങനെയാണ് പറയാൻ പറ്റുകയെന്നും ചോദിച്ചു.
പിപി ദിവ്യയെ കാണാൻ ജയിലിലേക്കെത്തി സിപിഎം നേതാക്കൾ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളുമാണ് ജയിലിൽ എത്തിയത്. ദിവ്യക്ക് ജാമ്യം കിട്ടിയതിൽ ആശ്വാസമുണ്ടെന്ന് ബിനോയ് കുര്യൻ പറഞ്ഞു. ബിനോയ് കുര്യനൊപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോപിനാഥും ജയിലിലേക്ക് എത്തിയിട്ടുണ്ട്.
പി പി ദിവ്യയെ സിപിഎമ്മിന്‍റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന. ദിവ്യ സിപിഎം കേഡറാണെന്നും കേഡറെ കൊല്ലാൻ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത് , ദിവ്യക്ക് ഒരു തെറ്റുപറ്റി ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കുമെന്നും അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രോളി വിവാദം അനാവശ്യമെന്ന് മുതിര്‍ന്ന നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. തെരഞ്ഞെടുപ്പിൽ ജനകീയ, രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്‍എന്‍ കൃഷ്ണദാസിനെ തളളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. അതോടൊപ്പം കൃഷ്ണദാസ് പറഞ്ഞതിനെ തുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണമെന്നും സിപിഎമ്മിൽ ഒരു പ്രതിസന്ധിയും അഭിപ്രായ ഭിന്നതയുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കെഎസ്‌ആർടിസിക്ക് 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു പ്രതിമാസം 50 കോടി രൂപ വീതമാണ് കോർപറേഷന് സർക്കാർ സഹായമായി നൽകുന്നതെന്നും ,ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചുവെന്നും ബാലഗോപാല്‍ അറിയിച്ചു.
വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം വഴിമുട്ടിയതിനെതിരെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസി വീണ്ടും വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹര്‍ജി നല്‍കി. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
പിവി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. 1000 കുടുംബങ്ങൾക്ക് വീട് നൽകുമെന്ന പ്രഖ്യാപനത്തിനെതിരെ എൽഡിഎഫ് മണ്ഡലം സെക്രട്ടറി എസി മൊയ്തീൻ ആണ് പരാതി നൽകിയത്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയും എന്നാണ് പരാതിയിൽ പറയുന്നത്. വാഗ്ദാനം നൽകി വോട്ട് തേടുന്നത് നിയമവിരുദ്ധമെന്നും എൽഡിഎഫിൻ്റെ പരാതിയിലുണ്ട്.
മുട്ടിൽ മരം മുറികേസിലെ പ്രതി ആന്‍റോ അഗസ്റ്റിൻ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായി ശോഭ സുരേന്ദ്രൻ. ദീന ദയാൽ എന്ന പാർട്ടിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിക്കൊപ്പമാണ് ആന്റോയുടെ വീട്ടിൽ പോയതെന്നും മൂന്നുനാലു വീടുകളിൽ ഗൃഹസമ്പർക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയതെന്നും ശോഭ വ്യക്തമാക്കി.
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേർക്കും, മഹാദേവക്ഷേത്രത്തിന്‍റെ നടപന്തലിൽ ആയിരം പേർക്കും , നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാനുമുള്ള ജർമൻ പന്തൽ സജ്ജീകരിച്ചു.
സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ. കഴിഞ്ഞവർഷം 94 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വര്‍ഷം നവംബർ വരെ 251 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിവിധ കേസുകളിലായി ജില്ലയിൽ 58 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പൊലീസ് മേധാവി അറിയിച്ചു.
തിരുവനന്തപുരത്ത് പൊലീസിന്‍റെ വെടിവെയ്പ് പരിശീലനത്തിനിടെ വീട്ടിലെ സ്വീകരണമുറിയിലേക്ക് തുളച്ച് കയറി വെടിയുണ്ടയില്‍ നിന്ന് ഏഴ് വയസ്സുള്ള കുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടു . രാവിലെ കുട്ടിയെയും കൊണ്ട് കുടുംബം ആശുപത്രിയില്‍ പോയ സമയത്തായിരുന്നു ഒന്നര കിലോമീറ്റര്‍ അകലെയുളള ഫയറിംഗ് റേഞ്ചില്‍ നിന്ന് മേല്‍ക്കുര തുളച്ച് എകെ 47 തോക്കില്‍ നിന്നുള്ള വെടിയുണ്ട എത്തിയത്. അഞ്ച് വര്‍ഷം മുന്‍പ് സമീപത്തെ വീട്ടിലെ ജനല്‍ചില്ല് തുളച്ച് വെടിയുണ്ട എത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.
ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്‍റെ പിടിയിലായി. നിരവധി ക്രിമിനൽ – മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ (38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടോപ്പം കണ്ണൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.
അലിഗഡ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്. അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി നിലവിൽ തുടരുമെന്നും വിധിയില്‍ വ്യക്തമാക്കി.
മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ. ഭരണപ്രതിപക്ഷ അംഗങ്ങള്‍ മൂന്നാം ദിവസും ഏറ്റുമുട്ടിയതിനെ തുടർന്ന് 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ ചൊല്ലിയാണ് ഇന്നും നിയമസഭയിൽ ബഹളമുണ്ടായത്. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎൽഎമാര്‍ പ്രതിഷേധിച്ചു.
ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റേത് എന്ന പേരിൽ ഇന്നലെ രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഇതോടെ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് സുരക്ഷ കൂട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ആയ ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടാലും രാജി വെക്കാൻ ഒരുക്കമല്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിൽ നിന്ന് യുഎസ് സെൻട്രൽ ബാങ്കിനെ പ്രതിരോധിക്കാൻ തയ്യാറാണെന്ന് ജെറോം പവൽ വ്യക്തമാക്കി. ട്രംപ് രാജി ആവശ്യപ്പെട്ടാൽ മാറിനിൽക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ സാത്താന്‍റെ വചനങ്ങൾ എന്ന നോവലിന് ഇന്ത്യയിലുണ്ടായിരുന്ന വിലക്ക് നീങ്ങി. രാജീവ് ഗാന്ധി സർക്കാരിന്‍റെ കാലത്ത് 1988ൽ ഏർപ്പെടുത്തിയ നിരോധനം ഇല്ലാതാകുന്നത് 36 വർഷത്തിന് ശേഷമാണ്. നിരോധനത്തെ ചോദ്യം ചെയ്ത് സന്ദീപൻ ഖാൻ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്.
ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം. ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു റഹീം. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ തനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്‍റെ ലക്ഷണമുണ്ടായിയെന്നും അപ്പോൾ തന്നെ മരുന്ന് കഴിച്ചുവെന്നും റഹിം പറഞ്ഞു.
നിർമാണത്തിലിരുന്ന മേൽപ്പാലത്തിന്‍റെ അലുമിനിയം ഗർഡർ പതിച്ച് പൊലീസുകാരന് ദാരുണാന്ത്യം. ബൈക്കിൽ പോകവേയാണ് ശരീരത്തിൽ ഗർഡർ പതിച്ചത്. 1000 കിലോഗ്രാം ഭാരമുള്ള അലുമിനിയം ഗർഡർ വീണ് വിജേന്ദ്ര സിംഗ് എന്ന 45 കാരനാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ നകാഹയിൽ റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണത്തിനിടെയാണ് അപകടം.
ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് സർക്കാരുമായി ഇന്ത്യ ആശയവിനിമയം നടത്തിയെന്നും ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌കോണിനെ വിമർശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ചിറ്റഗോങ്ങിൽ സംഘർഷമുണ്ടായത്.
അമേരിക്കയിലെ പരീക്ഷണ ശാലയിൽ നിന്ന് 43 കുരങ്ങന്മാർ രക്ഷപ്പെട്ടു. സൌത്ത് കരോലിനയിൽ മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്. സൌത്ത് കരോലിനയിലെ ലോകൺട്രി മേഖലയിലാണ് നാല് കിലോ വീതം ഭാരമുള്ള പെൺകുരങ്ങുകൾ അലഞ്ഞ് തിരിയുന്നത്. വീടിനോ ഓഫീസ് പരിസരത്തോ കുരങ്ങുകളെ കണ്ടാൽ അവയുടെ പരിസരത്തേക്ക് എത്താൻ ശ്രമിക്കരുതെന്നും ഇവയ്ക്ക് ഭക്ഷണം നൽകാനോ ശ്രമിക്കരുതെന്നും മുറികൾക്കുള്ളിൽ തുടരണമെന്നുമാണ് സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.