mid day hd 4

ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ മണ്ണെടുപ്പിനെതിരായ ശക്തമായ സമരത്തെ തുടർന്ന് മണ്ണെടുപ്പ് തൽക്കാലത്തേക്ക് നിർത്തിവച്ചു. തുടർ നടപടി 16ന് ചേരുന്ന സർവ്വകക്ഷിയോഗത്തിന് ശേഷം തീരുമാനിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് രണ്ടുദിവസം മുന്‍പ് നിര്‍ത്തിവച്ച മണ്ണെടുപ്പ് ഇന്ന് പുലര്‍ച്ചയോടെ പുനരാരംഭിക്കുകയായിരുന്നു.

കേന്ദ്രഫണ്ടിൻ്റെ യഥാർഥ കണക്ക് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്നും സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു എന്നും രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ ഇന്ന് രാവിലെ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി ഇതേ തുടർന്ന് രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട് .

ഞായറാഴ്ച പുലർച്ചെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിൽ ടണൽ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി സന്ദര്‍ശിച്ചു. കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിലെ സ്ളാബുകള്‍ തകർന്നു വീഴുകയായിരുന്നു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഓക്സിജനും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചുവെന്നും അധികൃതർ അറിയിച്ചു.

ഇസ്രായേൽ ഹമാസ് യുദ്ധത്തെ തുടർന്ന് ഗാസയിലെ അൽഷിഫ ആശുപത്രിയിലെ ഇന്ധനം തീർന്നതിനാൽ ആശുപത്രി ശനിയാഴ്ച പ്രവർത്തനം നിർത്തിവച്ചിരുന്നു. ഇതേതുടർന്ന് ആശുപത്രി പ്രവർത്തിപ്പിക്കുന്നതിനും ഇൻകുബേറ്ററുകൾക്കും ആവശ്യമായ ഇന്ധനം നൽകാമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഗ്ദാനം ചെയ്തുവെന്നും എന്നാൽ അവർ അത് നിരസിച്ചുവെന്നുമാണ് റിപ്പോർട്ട്.

ക്ഷേത്രപ്രവേശന വിളംബരത്തിന്റ 87ാം വാർഷിക പരിപാടിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസ് വിവാദമായതിന് പിന്നാലെ വാർഷികത്തിൽ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികൾ‍. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമർശനം ഉയര്‍ന്നത്. അതേസമയം, അനാരോഗ്യം മൂലമാണ് രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് കെ അനന്തഗോപൻ പറഞ്ഞു.

കണ്ണൂർ അഴീക്കോട് സഹകരണ ബാങ്കിൽ പതിനഞ്ച് വർഷത്തോളം ബാങ്ക് പ്രസിഡന്‍റായിരുന്ന, കോൺഗ്രസ് അഴീക്കോട് മണ്ഡലം മുൻ പ്രസിഡന്‍റ് എം എൻ രവീന്ദ്രൻ ഉൾപ്പെടെ ചട്ടം മറികടന്ന് വായ്പയെടുത്തെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഭൂമിയ്ക്ക് ഉയർന്ന വില കാണിച്ച് അധികവായ്പയെടുത്തതായാണ് കണ്ടെത്തൽ.

കൽപ്പാത്തി രഥോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലാതല മോണിറ്ററിങ് സമിതി ആനയെ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കി. എന്നാൽ ആചാരത്തിന്റെ ഭാഗമായി ആനയെ രഥം വലിക്കാന്‍ അനുവദിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. ആനയെ കൊണ്ടുവരാന്‍ ക്ഷേത്ര കമ്മിറ്റികളും തീരുമാനിച്ചതോടെ പിന്തുണയുമായി ദേവസ്വം ബോര്‍ഡും രംഗത്തെത്തി.

കണ്ണൂർ കോളയാട് പെരുവയിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്‍റെ കവുങ്ങിൻ തോട്ടത്തിലായിരുന്നു സംഭവം. നെടുമ്പൊയിലിലെ വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ആനക്കുട്ടിക്ക് ശരിയായി നടക്കാൻ കഴിയുന്നതുവരെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു.

ഇടുക്കിയില്‍ നെടുംകണ്ടം സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ നെടുംകണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ വെളിപറമ്പ് സ്വദേശി സൈനബയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്‍റെ മൊഴി. സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി. ഇതേതുടർന്ന് പ്രതിയായ സമദുമായി കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലെത്തി തെളിവെടുപ്പ് തുടങ്ങി.

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നടതുറക്കാന്‍ മൂന്നുദിവസം ശേഷിക്കെ ശബരിമല സന്നിധാനത്തെ ഉപയോഗ ശൂന്യമായ ആറരലക്ഷം ടിന്‍ അരവണ നീക്കം ചെയ്യുന്നതില്‍ തീരുമാനമായില്ല. ഗോഡൗണില്‍ അരവണ നിറഞ്ഞത് കാരണം വരുന്ന മണ്ഡലകാലത്തേക്ക് തയാറാക്കിയ അരവണ സൂക്ഷിക്കാന്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടിവന്നിരിക്കുകയാണ് ഉടന്‍ നടപടി ഉണ്ടാവുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിയിക്കപ്പെട്ട പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. പ്രായത്തിന്റെ ഇളവ് നൽകി വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെ കഴിഞ്ഞ ദിവസത്തെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിസന്ധി നിറഞ്ഞ ഒരു സമയത്തിലൂടെ കടന്ന് പോയപ്പോൾ ഞാൻ ചെയ്ത വിഡ്ഢിത്തം നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അലൻ കൂട്ടിച്ചേർത്തു.

വയനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി. പുലർച്ചെ നാല് മണിയോടെ പുലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മലപ്പുറം ഒതുക്കങ്ങലില്‍ കട ഉദ്ഘാടനത്തിനെത്തിയ യുട്യൂബറായ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന് കണ്ടതിനെ തുടർന്ന് പൊലീസ് തിരിച്ചയച്ചു. യുട്യൂബർ ഉദ്ഘാടനത്തിന് എത്തിയതിൽ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചതോടെ ഗതാഗത തടസ്സം ഉണ്ടായി. തുടർന്ന് പൊലീസ് ഇടപെടുകയാണുണ്ടായത് അതേസമയം, റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുമടകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പാകിസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന 80 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്ഥാൻ. കറാച്ചിയിലെ ജയിലിൽ നിന്ന് മോചിതരായ മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച ട്രെയിനിൽ ഗുജറാത്തിലെ വഡോദരയിലെത്തി.

നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിപാടിക്കിടെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്‍റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം. പലസ്തീന്‍, അഫ്ഗാന്‍ സ്ത്രീകളെ ഗ്രേറ്റ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചതിനു പിന്നാലെ സദസ്സിലിരുന്ന ഒരാള്‍ വേദിയിലേക്ക് കയറിവന്നാണ് അതിക്രമം നടത്തിയത്.

ഏകദിന ലോകകപ്പിൽ ഇന്നും നാളെയും മൽസരങ്ങളില്ല. സെമിഫൈനൽ മൽസരങ്ങൾ 15 നും,16 നും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *