കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും വിമർശനവുമായി പി സരിൻ. വിഡി സതീശനാണ് സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയതെന്നും പാര്‍ട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി സരിൻ തുറന്നടിച്ചു. സരിൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും പി സരിൻ പറഞ്ഞു. ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ടെന്നും സരിൻ പറഞ്ഞു.
കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ കോണ്‍ഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി.
സരിന്റേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്റെ വാദങ്ങളാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബിജെപി സ്ഥാനാര്‍ത്ഥിയാകാൻ പറ്റുമോയെന്ന് സരിൻ നോക്കിയിരുന്നുവെന്നും. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാൻ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ ആലോചനകള്‍ നടത്തിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഉമ്മൻചാണ്ടിയിൽ നിന്നും രമേശ് ചെന്നിത്തലയിൽ നിന്നും വ്യത്യസ്തമായ ശൈലിയാണ് തനിക്കുള്ളതെന്നും. ചില ഘട്ടങ്ങളിൽ സംഘടനാ തീരുമാനങ്ങൾ നടപ്പാക്കാൻ കർക്കശ നിലപാട് താൻ സ്വീകരിക്കാറുണ്ട്. മാധ്യമങ്ങളെ അറിയിച്ച ശേഷം തന്നെ കാണാൻ വന്നതിൽ സരിനെ അതൃപ്തി അറിയിച്ചിരുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് കാലത്ത് ചില ആസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ
ആസ്വാരസ്യങ്ങൾ പാർട്ടി സംഘടനയിൽ ഒരു പോറൽ പോലും ഉണ്ടായിക്കിയിട്ടില്ലെന്നും. എന്തുകൊണ്ടാണ് സരിനെ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കാതിരുന്നത് എന്ന് ഇന്നലത്തെ സരിൻ്റെ വാർത്താസമ്മേളനം കണ്ട ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് എന്നും സതീശൻ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നടപടിക്ക് പിന്നാലെ ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് പി സരിൻ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സി പി എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും , പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.
ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്റേതെന്നും അതെടുത്ത് വായിൽ വെക്കുന്നത് സിപിഎമ്മിന്റെ ഗതികേടാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സരിനെ സ്ഥാനാർത്ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുകയാണ്. പി സരിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചാൽ അവര്‍ക്ക് എന്ത് വൃത്തികേടും കാണിക്കാൻ പറ്റുമെന്നാണ് അര്‍ത്ഥമെന്നും ചേലക്കരയിൽ എന്‍കെ സുധീര്‍ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും കെ സുധാകരൻ പറഞ്ഞു.
സ്ഥാനാർത്ഥിയാകാൻ സരിന് അയോഗ്യതയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. സരിൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്നും പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും പറഞ്ഞ അദ്ദേഹം രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും പറഞ്ഞു. സ്ഥാനാർത്ഥി വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാടനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചു. കോൺഗ്രസിൽ ഏകാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഡിഎം നവീൻ ബാബുവിന്റെ ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ കളക്ടറേറ്റിലെത്തിയത്. 2 മണിക്ക് മലയാലപ്പുഴയിലെ വീട്ടുവളപ്പിലായിരിക്കും നവീന്റെ സംസ്കാരം. നവീൻ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവർത്തകരുടെ സാക്ഷ്യപ്പെടുത്തൽ. പത്തനംതിട്ടയിൽ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീൻ.
കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്തു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പി പി ദിവ്യക്കെതിരെ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. കൂടാതെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വിപി ദുൽഖിഫിലും പരാതി നൽകിയിട്ടുണ്ട്.
എഡിഎം നവീൻ ബാബുവിൻ്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയുടെപരാമർശം ഒഴിവാക്കേണ്ടതായിരുന്നു. സംഭവത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി, വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീൻ കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്. അയ്യർ. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീനെന്നും ദിവ്യ എസ് അയ്യർ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു.ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും പ്രളയം വന്നപ്പോഴും മഴ വന്നപ്പോഴും എല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിച്ചതെന്നും അവർ പറഞ്ഞു.
എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ ആരോപിച്ചു. പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബെനാമിയാണെന്നും ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കി.
പ്രിയപ്പെട്ട നവീൻ താങ്കള്‍ക്കൊപ്പം ചിലവഴിച്ച സര്‍വീസ് കാലയളവ് എപ്പോഴും ഓര്‍മയിലുണ്ടാകുമെന്നും നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകുമെന്നുമുള്ള വൈകാരിക കുറിപ്പുമായി പത്തനംതിട്ട മുൻ കളക്ടര്‍ പിബി നൂഹിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്. ഏറെ ജോലിഭാരം ഉള്ളതുമായ ഒരു വകുപ്പിൽ 30ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞുപോകുമ്പോൾ എഡിഎം നവീൻ ബാബു കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നുവെന്നും പിബി നൂഹ് ഫേയ്സ്ബുക്കിൽ കുറിച്ചു .
ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഗവര്‍ണര്‍ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്ന് സൂചന. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും. ആരിഫ് മുഹമ്മദ് ഖാന് പകരം മറ്റൊരു പദവി നല്‍കുന്നതും പരിഗണനയിലാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി പകരം നാവിക സേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വെള്ളറടയിൽ സ്ഥാപന ഉടമയുടെ മൊബൈൽ ഫോണിൽ നിന്നും ജീവനക്കാർ സ്വകാര്യ ദൃശ്യങ്ങള്‍ ചോർത്തി പണം ആവശ്യപ്പെട്ടതായി പരാതി. വിദേശത്തുനിന്നും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ ചതിയെക്കുറിച്ച് പരാതിക്കാരായ ദമ്പതികൾ അറിഞ്ഞത്. സ്ഥാപന ഉടമയുടെ ഡ്രൈവർമാർക്കെതിരെയാണ് പരാതി. വാഹന ബുക്കിംഗിനും മറ്റ് കാര്യങ്ങള്‍ക്കും വേണ്ടി സ്ഥാപന ഉടമയുടെ ഫോണ്‍ ഡ്രൈവർമാർ പലപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനിടെ സ്വകാര്യ ദൃശ്യങ്ങൾ ജീവനക്കാർ കൈക്കലാക്കി.ഇതിനു ശേഷമാണ് വിലപേശൽ ആരംഭിച്ചത്.
റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. വിമാനം പിന്നീട് സുരക്ഷിതമായി മസ്കറ്റില്‍ ഇറക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. 192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. എമർജൻസി ടീമുകളുമായി സഹകരിച്ച് വേണ്ട നടപടികൾ എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി.ഭോപ്പാലിലെ ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിലെ ജൂനിയർ ഓഡിറ്ററായ രമേഷ് ഹിംഗോറാനിയുടെ വീട്ടിലായിരുന്നു റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. ലോകായുക്തയുടെ സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റാണ് (എസ്പിഇ) പരിശോധന നടത്തിയത്.
മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ പിടിയിലായ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്ന വാദം പൊലീസ് പൊളിച്ചത് ബോൺ ഓസിഫിക്കേഷൻ ടെസ്റ്റിലൂടെ. തനിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നായിരുന്നു കേസിൽ അറസ്റ്റിലായ ധർമരാജിന്റെ വാദം. ഈ വാദം പരിശോധിക്കാനായി നടത്തിയ ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധനയിൽ ഇയാൾ പ്രായപൂർത്തിയായ ആളാണെന്ന് തെളിഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കി.
പട്ടാപ്പകൽ തോക്കുമായെത്തി യൂകോ ബാങ്ക് കൊള്ളയടിച്ചു. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്റെ ശാഖയിലാണ് കവർച്ച നടന്നത്. ആറര ലക്ഷത്തോളം രൂപ കവർന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈൽ ഫോണുകളും കൈക്കലാക്കി. നേരത്തെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മണിപ്പൂരിൽ ബാങ്കുകൾ കൊള്ളയടിച്ചിട്ടുണ്ട്.
അമേരിക്കയിലെ മിസിസിപ്പിയിലെ സ്ട്രോംഗ് നദിക്ക് മുകളിലൂടെയുള്ള പാലം തകർന്നു. മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ജാക്സണിൽ നിന്ന് 40 മൈൽ അകലെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിലെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സെപ്തംബർ 18 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു.