നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് ഇന്ന് സഭയിലുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു.

 

 

സഭയിൽ അതി രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ വിളിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വിഡി സതീശൻ പരിഹസിച്ചു. പിന്നാലെ രൂക്ഷഭാഷയിൽ പിണറായിയും മറുപടി നൽകി. നിങ്ങൾക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രിയും മറുപടി നൽകി.

 

 

 

സ്പീക്കർക്കെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്പീക്കർ അവസരം നൽകിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ സീറ്റിൽ പോയിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂ എന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ മാത്യു കുഴൽനാടൻ സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് നിന്നു. പ്രതിപക്ഷവും ഭരണപക്ഷവും വാക്പോരിലേക്ക് നീങ്ങുന്നതിനിടെ പ്രതിപക്ഷത്തെ നോക്കി ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം സ്പീക്കർ ചോദിച്ചത്. ഇതിൽ കുപിതരായ പ്രതിപക്ഷം ബഹളം തുടർന്നു. അതിനിടെ പ്രതിപക്ഷ നേതാവ് സ്പീക്കറുടെ ചോദ്യം അപക്വമെന്നും സ്പീക്കർ പദവിക്ക് അപമാനമെന്നും വിമർശിച്ചു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.

 

 

 

 

മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദ ചോദ്യങ്ങൾ സഭയിൽ എത്താതിരിക്കാൻ ഇടപെട്ടെന്നാണ് വിമർശനം. ആർഎസ്എസ് അജണ്ട പിവിയുടെ സ്ക്രിപ്റ്റ് എന്ന് എഴുതിയ ബാനറുമായി പ്രതിപക്ഷം സഭയുടെ അകത്തും പുറത്തും പ്രതിഷേധിച്ചു.

 

 

 

നിയമസഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാർ പ്രതിപക്ഷമാണെന്ന് മന്ത്രിമാർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ സഭയിൽ നിന്ന് ഒളിച്ചോടിയെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.

 

 

 

പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയെന്ന ആക്ഷേപത്തില്‍ മറുപടിയുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ചോദ്യങ്ങൾക്കായി ലഭിക്കുന്ന എല്ലാ നോട്ടീസുകളും യാതൊരു വിവേചനവും കൂടാതെയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയും ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്കും സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും വിധേയമായാണ് പ്രോസസ്സ് ചെയ്യുന്നതും അവ സ്റ്റാർഡ് ആയോ അൺസ്റ്റാർഡ് ആയോ ആണ് അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

സർക്കാരിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ എംപി. സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണ് എന്നും മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തി. ഡിജിപിയുടെ റിപ്പോർട്ട് എന്താണെന്ന് ജനങ്ങൾക്ക് അറിയില്ല. എന്തിനാണ് മാറ്റമെന്നും ഉത്തരവിലില്ല. ചുമതലയിൽ നിന്ന് മാറ്റി എന്ന് മാത്രമാണുള്ളത്. ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണുഗോപാൽ ചോദിച്ചു.

 

 

 

 

 

രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് & യംഗ് എന്ന കമ്പനിയുടെ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ പി.പി. ചിത്തരഞ്ജൻ്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

വയനാട് ദുരന്തത്തിൽ ഇതുവരെ ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ദുരന്തത്തിന്‍റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് ശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങൾക്കും കേന്ദ്രം തുക അനുവദിച്ചു. എന്നാൽ കേന്ദ്രം സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

കള്ളി പൊളിയുമെന്ന് വന്നപ്പോൾ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്ന് കെ ടി ജലീൽ എംഎല്‍എ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചർച്ചക്കെടുക്കാൻ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയായി. ഇതോടെ വെട്ടിലായ പ്രതിപക്ഷം ചർച്ച ഒഴിവാക്കാൻ നടത്തിയ പൊറാട്ടുനാടകമാണ് തുടർന്ന് നിയമസഭയിൽ കണ്ടതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

 

 

തവനൂർ എംഎൽഎ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് പരാതി നൽകിയത്. സ്വർണ്ണക്കടത്ത് കേസുകളിലെ പ്രതികളിൽ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും മത സപർദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.

 

 

 

എഡിജിപി എം.ആർ അജിത്ത് കുമാറിനെ ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ എംപി. പൊലീസ് യോഗങ്ങളിൽ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാൻ കഴിയും. ഒരു സെക്കൻ്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തിൽ ആർഎസ്എസിൻ്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

 

ഡോ പി സരിൻ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണും. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കരുതെന്നാണ് ആവശ്യപ്പെടുക. സ്ഥാനാർത്ഥിത്വം പിന്തുടർച്ചാവകാശം പോലെയാക്കരുതെന്നും ജനാധിപത്യ മര്യാദ പാലിക്കണം. ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി എടുക്കണമെന്നും സരിന് വേണ്ടി വാദിക്കുന്നവർ പറയുന്നു.

 

 

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കമിട്ട് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തുടങ്ങി. സ്ഥാനാർഥിയെ സംബന്ധിച്ച സംസ്ഥാന കമ്മിറ്റി നിർദ്ദേശം ജില്ലാ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ട് ചെയ്തേക്കും. മുൻ എംഎൽഎ കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടർന്നാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടായത്.

പട്ടികജാതി ക്ഷേമ ബോർഡ് ചെയർമാൻ യുആർ പ്രദീപിനാണ് ചേലക്കരയിൽ സാധ്യതയെന്നാണ് റിപ്പോർട്ട്.

 

 

ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാൽ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതോടൊപ്പം എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയ നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസ്സിലാവുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാർ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

 

 

മലപ്പുറം മുൻ എസ് പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കഴമ്പില്ലെന്നും വീട്ടമ്മയുടേത് കളളപ്പരാതിയാണെന്നും സർക്കാ‍ർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിക്ക് യാതൊരടിസ്ഥാനവുമില്ലെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

 

 

പ്രവാസി മലയാളികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കുമ്പോള്‍ ടെസ്റ്റിന് ഒരു തീയതി ലഭിക്കും. ഈ തീയതിയുമായി ആര്‍ടിഒ യേയോ ജോയിന്‍റ് ആര്‍ടിഒയേയോ സമീപിക്കുക. അടുത്ത ദിവസങ്ങളില്‍ തന്നെ അല്ലെങ്കില്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന തീയതിയിലേക്ക് അവസരം നല്‍കും. തീയതി തന്നില്ലെങ്കിലും ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാമെന്നും മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിൽ ഗതാഗത മന്ത്രി വിശദീകരിക്കുന്നു.

 

 

 

ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. ഈ മാസം 12 ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാനും സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.

 

 

 

തനിക്ക് സൂപ്പർ സ്റ്റാർ എന്ന ഖ്യാതി നൽകിയത് നിർമാതാവ് പി.വി. ഗംഗാധരനാണെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അന്ന് മുതൽ തന്റെ ജീവിതത്തിന്റെ ആരംഭം ആയിരുന്നെന്ന് പി.വി. ഗംഗാധരന്റെ ഒന്നാം അനുസ്മരണ ചടങ്ങിൽ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.

 

 

നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് നടികളാണ് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

 

 

കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. കാസർകോട് സ്വദേശികളായ മുസമ്മിൽ, അഷ്റഫ്, ഇരിക്കൂർ സ്വദേശി സിജോയ് എന്നിവരെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ബംഗളൂരുവിൽ നിന്നെത്തിയ ഏച്ചൂർ സ്വദേശി റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നത്.

 

 

പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ ജവാൻ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് ജലക്ഷാമം തിരിച്ചടിയായി. വെള്ളം നൽകാനാകില്ലെന്ന് സമീപത്തെ രണ്ട് പഞ്ചായത്തുകൾ പ്രമേയം പാസാക്കിയതോടെ മറ്റ് വഴികൾ തേടേണ്ട സ്ഥിതിയാണ്. ജവാൻ മദ്യം ഉത്പാദിപ്പിക്കാൻ പ്രതിദിനം വേണ്ടത് രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് എന്നാൽ കടുത്ത ജല ക്ഷാമം നേരിടുന്ന മേഖലയായതിനാല്‍ വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകൾക്ക് എതിർപ്പുണ്ട്. ഇത്രയും അളവിൽ ജലം പൈപ്പിട്ട് ഡിസ്റ്റ‌ിലറിക്ക് നൽകിയാൽ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്നാണ് ആശങ്ക.

 

 

 

 

 

 

 

 

മംഗളൂരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മുതലാണ് മുംതാസ് അലിയെ കാണാതായത്. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു.

 

 

 

കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

 

കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെ സംസ്ഥാന പാതയിൽ പുളിമാത്ത് ജംഗ്ഷനിലായിരുന്നു അപകടം. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു, അനി എന്നിവരാണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയുള്ള സമയത്തായിരുന്നു അപകടം.

 

കൊല്ലം ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

 

 

 

ഹരിയാന , ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ.ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.

 

 

കർണാടകയിലെ മംഗളൂരുവിൽ ഇസ്രായേൽ ട്രാവൽസ് എന്ന ബസിന്‍റെ പേര് ജെറുസലേം എന്ന് മാറ്റി ഉടമ. കഴിഞ്ഞ 12 വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലെസ്റ്റർ കട്ടീൽ ആണ് തന്‍റെ ബസിന്‍റെ പേര് മാറ്റിയത്. ഇസ്രായേൽ ട്രാവൽസ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നതിനെ തുടർന്ന് വിവാദം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഉടമ പറഞ്ഞു.

 

 

 

ജോലിയ്ക്ക് ഭൂമി കുംഭകോണം കേസില്‍ ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രതാപ് യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുകയിലാണ് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ ഇരുവര്‍ക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണത്തിനിടെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

 

 

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ ഷോയ്ക്കായി ഞായറാഴ്ച ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചുകൂടിയ കാണികളില്‍ അഞ്ച് പേര്‍ മരിക്കുകയും 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിര്‍ജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകർ പരാജയപ്പെട്ടുവെന്നും ഗതാഗതക്രമീകരണങ്ങള്‍ പാളിയെന്നുമാണ് റിപ്പോർട്ട്.

 

 

 

ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് മുയിസു വ്യക്തമാക്കി. മാലദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. ബഹുമാനങ്ങളിലും താത്പര്യങ്ങളിലുമുള്ള പാരസ്പരബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും മുയിസു പറഞ്ഞു.

 

 

ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. വിവിധ ലോകനഗരങ്ങളിൽ ഇന്ന് യുദ്ധവിരുദ്ധ റാലികൾ നടക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *