Screenshot 20240928 1401072

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുനെ ഹൃദയത്തിലേറ്റു വാങ്ങി ജൻമനാട്. കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ അമരാവതി എന്ന വീടിനരികിലേക്ക് എത്തിയത്. ആദ്യം വീടിനകത്തും പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്തും പൊതുദർശനത്തിനായി വെച്ചു. തുടർന്ന് 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.

 

 

 

അര്‍ജുനെ ജീവനോടെ ലഭിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തു നോക്കിയെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണസെയില്‍. അര്‍ജുന്റെ മകന്റെ ആ കളിപ്പാട്ടം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ആ കുഞ്ഞുലോറിയാണ് തന്നെ ഇവിടെ എത്തിച്ചതെന്നും എം.എല്‍.എ പറഞ്ഞു. ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയൊരു സല്യൂട്ടെന്നും കേരളത്തിന്റെ ഈ ഐക്യം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 

 

എം എൽ എ പിവി അന്‍വറിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സിപിഎം സംസ്ഥാന നേതൃത്വം. കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം വിവാദം വിശദീകരിക്കും. ദില്ലിയില്‍ നാളെയും മറ്റന്നാളുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാൻ അൻവറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. അന്‍വറിന്‍റെ ഓരോ നീക്കത്തെയും ഏറെ കരുതലോടെയാണ് അതിനാൽ നേതൃത്വം കാണുന്നത്.

 

 

 

എം എൽ എ പി വി അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

 

 

എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം വ്യക്തമാക്കി. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ സിപിഐ വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

 

 

 

എഡിജിപിയെ മറ്റാതെ മുന്നോട്ട് പോകാൻ ഗവൺമെന്‍റിന് പ്രയാസമായിരിക്കുമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ പേരിൽ ഒരു തർക്കത്തിനില്ലെന്നും എന്നാൽ എഡിജിപിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

 

 

 

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി നല്‍കിയത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.

 

 

 

ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം മാത്രമെന്നാവർത്തിച്ച് എഡിജിപി എം.ആർ അജിത്ത് കുമാർ. സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താന്ത്രേയുമായി കൂടികാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ എഡിജിപി പറഞ്ഞു. കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിൻ്റെ കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നുവെന്നും അതിനിടെയാണ് റാം മാധവിനെ കണ്ടതെന്നുമാണ് രണ്ടാമത്തെ കൂടിക്കാഴ്ചയിലെ വിശദീകരണം.

 

 

 

 

മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് എം എൽ എ പി വി അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ലെന്നും പിസി ജോര്‍ജ്. പിവി അൻവറിന് ആദ്യം പിന്തുണ നൽകിയത് കെടി ജലീലും കാരാട്ട് റസാക്കുമാണ്. കേരളത്തിൽ വളർന്ന് കൊണ്ട് ഇരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമാണോ അൻവറിന് പിന്നിൽ എന്ന് സംശയിക്കുന്നെന്നും പിസി ജോർജ് ആരോപിച്ചു.

 

 

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. ഇ എൻ മോഹൻദാസ് കടുത്ത ആർഎസ്എസുകാരനാണന്നും, ആർഎസ്എസ് ബന്ധത്തിന്‍റെ പേരിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പാർട്ടി ഓഫീസിൽ വെച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പി വി അൻവർ പറഞ്ഞു. നിലമ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ പരാജയപ്പെടുത്താൻ ഇ എൻ മോഹൻദാസ് ശ്രമിച്ചു. വർഗീയമായ താൽപര്യമാണ് ഇതിന് പിന്നിലെന്നും അൻവർ ആരോപിച്ചു.

 

 

ഇടത് സ്വതന്ത്ര എംഎൽഎ പി.വി.അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡ്. എംഎൽഎക്ക് പിന്തുണ പ്രഖ്യാപിച്ച് ടാക്സി, ഓട്ടോറിക്ഷ, ആംബുലൻസ് ഡ്രൈവർമാരാണ് ബോർഡ് വച്ചത്. കേരളത്തിൽ രാജഭരണം തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞുവെന്നും. രാജാവും ബന്ധുക്കളും പ്രജകളുടെ പിച്ചചട്ടിയിൽ കയ്യിട്ടു വാരി സ്വന്തം കീശ നിറക്കുമ്പോൾ പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാൻ ഇറങ്ങിയ ധീരയോദ്ധാവേ അങ്ങ് തനിച്ചല്ല. അനേകം മനസ്സും ശരീരവും നിങ്ങളുടെ കൂടെയുണ്ട്. അരിഞ്ഞ് തള്ളാൻ വരുന്നവരുടെ മുന്നിൽ ഒരു വൻമതിൽ തീർക്കാൻ ഞങ്ങൾ ഉണ്ട്. അൻവർ നിങ്ങൾ ധീരതയോടെ മുന്നോട്ട് പോകൂ. ഭീരുക്കൾ പലതവണ മരിക്കും ധീരനു മരണം ഒറ്റത്തവണ മാത്രം എന്നാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്.

 

 

വൈക്കം എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം സി.ഐയെ സ്ഥലം മാറ്റി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു. സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

 

 

 

ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണം കേരളത്തിന് ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയ കുമരകവും കടലുണ്ടിയും രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ടു. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്.

 

 

ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം വിട്ടയക്കും.

 

 

പാലക്കാട് തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടുത്തം. പട്ടാമ്പി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

 

എറണാകുളം അങ്കമാലിയിൽ ദമ്പതികൾ മരിച്ച നിലയിൽ. മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. സനൽ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളിൽ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകൻ തീവ്രപചരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

 

 

 

ഉത്തരാഖണ്ഡിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ മലയാളി ഇടുക്കി കമ്പിളികണ്ടം – മുക്കുടം സ്വദേശി പൂവത്തിങ്കൽ അലൻ ആണ് മരിച്ചത്. ചമോലി ജില്ലയിലെ ജോഷിമഡ് ഗരുഢാപീക്ക് മലയിലേക്ക് കൂട്ടുകാരുമായി ട്രക്കിങ് നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.

 

 

 

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് തകിമാരി എന്ന സ്ഥലത്ത് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

 

 

ജമ്മു കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. കശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന് ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ അദ്ദേഹം ഭീകരവാദി ബുർഹാൻ വാനിയെ ന്യായീകരിക്കുകയും ചെയ്തു. എന്നാൽ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ പറഞ്ഞു. ഭീകരവാദം, മയക്കുമരുന്ന്, അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ആഗോള പ്രശസ്തിയുള്ള ഒരു രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആക്രമിക്കുന്നതെന്ന് ഭാവിക വ്യക്തമാക്കി.

 

 

 

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. നാല് കരസേന ജവാൻമാർക്കും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ തുടരുകയാണെന്ന് കരസേന അറിയിച്ചു. കരസേനയ്ക്ക് പുറമെ സിആർപിഎഫും ജമ്മു കശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

 

 

പ്രധാനമന്ത്രിയുടെ കുത്തക മാതൃക

രാജ്യത്തെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജിഎസ്‌ടി ലഘൂകരിക്കണമെന്നും അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ചെറുകിട ബിസിനസുകൾക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ നിന്നുള്ള ഒരു യുവ സ്റ്റാർട്ടപ്പ് ഉടമയുടെ കണ്ണിലെ നിരാശ ഇന്ത്യയിലെ ഒട്ടുമിക്ക സംരംഭകരുടെയും ചെറുകിട-ബിസിനസ് ഉടമകളുടെയും കഷ്ടതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

 

 

 

ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

 

 

 

തമിഴ്നാട് ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. സെൽഫോൺ നിർമാണ വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ജീവനക്കാരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഹൊസൂരിലെ നിർമാണ യൂണിറ്റിൽ തീപ്പിടിത്തമുണ്ടായതായി ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് സ്ഥിരീകരിച്ചു.

 

 

 

എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനായി തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. തെലങ്കാന, കർണാടക, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എടിഎം കവർച്ച കേസുകളിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ കണ്ടെത്തൽ.

 

 

 

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം. ഫാക്ടറിയിൽ ഇപ്പോഴും തീ ആളിപ്പടരുകയാണെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഫാക്ടറിയ്ക്കുള്ളിൽ സ്ഫോടനങ്ങൾ തുടരുന്നതിനാൽ ആ‍ർക്കും അതിന് അടുത്തേയ്ക്ക് എത്താൻ കഴിയുന്നില്ല. തീപിടിത്തത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

 

മതപരിവർത്തനങ്ങൾ ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുമെന്ന അലഹബാദ്‌ ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി. ഉത്തർപ്രദേശിൽ മതമാറ്റം തടയൽ നിയമപ്രകാരം അറസ്‌റ്റിലായ വ്യക്തിക്ക്‌ ജാമ്യം നിഷേധിച്ചായിരുന്നു അലഹബാദ്‌ ഹൈക്കോടതി വിവാദനിരീക്ഷണം നടത്തിയത്‌. ഇത്തരം പരാമർശങ്ങൾ ഒരു കേസിന്റെ കാര്യത്തിലും നടത്താൻ പാടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ ഇതുപോലെയുള്ള നിരീക്ഷണങ്ങൾക്ക്‌ ഒരു പ്രസക്തിയുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

 

അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. അഞ്ചു സംസ്ഥാനങ്ങളിലായി 45 പേർ കൊല്ലപ്പെട്ടതായാണ് വിവരം. നൂറ് കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. മിക്കയിടങ്ങളും വൈദ്യുതി നിലച്ച നിലയിലാണുള്ളത്. പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ മകൾ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായി വിവിധ ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല. എന്നാൽസൈനബ് നസ്രല്ലയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള നിലവിലെ ഏറ്റുമുട്ടലിന്റെ രൂപവും ഭാവവും മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *