mid day hd 1

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച ഹരിയാനക്കാരായ സംഘം തമിഴ്നാട്ടിലെ നാമക്കല്ലിൽ വെച്ച് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായി. പ്രതികളെ പിന്തുടരുന്നതിനിടെ തമിഴ്നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്ക് പരിക്കേൽക്കുകയും ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെടുകയും ചെയ്തു. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

 

 

തൃശൂരിലെ എടിഎം കൊള്ളയടിച്ച പ്രതികൾകൊള്ളയ്ക്ക് ഉപയോഗിച്ച കാറും മോഷ്ടിച്ച പണവും പ്രതികളും ആയുധങ്ങളുമെല്ലാമായി അതിവേഗത്തില്‍ പോകുകയായിരുന്ന കണ്ടെയിനര്‍ ലോറി മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയതിൽ സംശയം തോന്നിയതോടെ കണ്ടെയിനര്‍ ലോറി തമിഴ്‌നാട് പോലീസിന്റെ റഡാറിലായി. പ്രതികൾ ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. രാജസ്ഥാൻ രജിസ്ട്രേഷനിലാണ് ഇവർ സഞ്ചരിച്ച കണ്ടെയ്നർ. ഒന്നര മണിക്കൂറിനുള്ളിൽ 20 കിലോമീറ്റർ പരിധിയിലെ എടിഎമ്മുകളാണ് കവർന്നത്.

 

 

 

നിലമ്പൂർ എംഎൽഎ പിവി അൻവറിൻ്റെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും എന്നാൽ അതിപ്പോഴല്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ദില്ലിയിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

 

 

പ്രത്യാഘാതം ഭയക്കുന്നില്ലെന്ന് എംഎൽഎ പിവി അൻവർ. തൻ്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണെന്നും. അതെല്ലാം നിൽക്കുമ്പോഴാണ് താൻ സത്യം പറയുന്നത്. തനിക്ക് സർക്കാരിൻ്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അൻവർ പറഞ്ഞു. എൽഡിഎഫ് താൻ വിട്ടിട്ടില്ലെന്നും പാർലമെൻ്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിയില്ല. പാർട്ടി പുറത്താക്കുന്നതുവരെ തുടരുമെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.

 

 

 

ഭരണകക്ഷി എംഎൽഎ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യന്റെ ഓഫിസിൽ ഉപജാപക സംഘം ഉണ്ടെന്നു ഞങ്ങൾ പറഞ്ഞതാണ്. എ‍ഡിജിപി-ആർഎസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫ് ആണ് പുറത്ത് കൊണ്ടു വന്നത്. യുഡിഎഫ് പറഞ്ഞത് ഭരണ കക്ഷി എംഎൽഎ ആവർത്തിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. അൻവർ ഉയർത്തുന്ന വിഷയങ്ങൾക്ക് പിന്തുണ ഉണ്ട്. എന്നാൽ അദ്ദേഹം എൽഡിഎഫിലാണ്. അതുകൊണ്ട് അദ്ദേഹത്തെ കൊണ്ടു വരുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സതീശൻ പ്രതികരിച്ചു.

 

 

 

പിവി അൻവർ എംഎൽഎ നടത്തുന്നത് ഗുരുതരമായ വഴി തെറ്റിക്കലാണെന്നും വലതു പക്ഷത്തിൻ്റെ നാവായി അൻവർ മാറിയെന്നും സിപിഎം നേതാവ് പി ജയരാജൻ. ആരോപണങ്ങളിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ അൻവർ മര്യാദ പാലിക്കേണ്ടിയിരുന്നുവെന്നും ജയരാജൻ പറഞ്ഞു. ഒരു പാർട്ടി പ്രവർത്തകന്റെയും പിന്തുണ അൻവറിനുണ്ടാവില്ല. കഴിഞ്ഞവർഷമാണ് താൻ ഗൾഫിൽ പോയതെന്നും അൻവറിന് പിന്നിൽ താൻ ആണെന്നുള്ളത് കള്ളപ്രചരണമാണ്. പാർട്ടി സമ്മേളനങ്ങളെ ലക്ഷ്യമിട്ടാണ് അൻവർ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നാണ് സംശയമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

 

 

 

പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍. വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. എന്നാൽ അതിനേക്കാള്‍ അപ്പുറമുള്ള കാര്യമാണ് അന്‍വര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റുകാരന്റെ ജോലിയാണ് പി വി അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാനും വിമര്‍ശിച്ചു. അൻവറിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നും സജി ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

 

 

 

പി.വി അൻവറിലൂടെയുണ്ടായത് സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞപ്പോൾ മുഖ്യമന്ത്രി അൻവറിനെ പിന്തുണച്ച് സർട്ടിഫിക്കറ്റ് നൽകി. ഇതെല്ലാം സിപിഎം തന്നെ ചോദിച്ച് വാങ്ങിയതാണെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

 

 

 

എംഎൽഎ പിവി അൻവറിനെ തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. അൻവർ പരിധി വിട്ടു. അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വിവാദം പാർട്ടിക്ക് ദോഷമുണ്ടാക്കും. അത് തിരുത്താനുള്ള ഇടപെടലാണ് വേണ്ടതെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി. അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകൈ എടുത്ത നേതാക്കൾക്ക് അൻവറിനെ തിരുത്താൻ ഉത്തരവാദിത്തമുണ്ട്. അൻവറിനെ കൊണ്ടുവന്നവർ നിരന്തരം വിഷയത്തിൽ ഇടപെടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

സ്വർണ്ണക്കടത്ത്, ഹവാല ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണ് അൻവർ എം എൽ എ സംസാരിക്കുന്നതെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ആരോപിച്ചു. സ്വർണക്കള്ളക്കടത്തിൽ അൻവറിന് ഷെയറുള്ളതായി നാട്ടിൽ സംസാരമുണ്ട്. സ്വർണ്ണ കള്ളക്കടത്തുകാരെയും, കാരിയർമാരെയും സംക്ഷിക്കേണ്ട ബാധ്യത അൻവറിനുണ്ടെന്നും മലപ്പുറം ജില്ലാ സെക്രട്ടറി തുറന്നടിച്ചു.

 

 

 

പി വി അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ് എന്നാൽ അൻവർ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്‍റെ പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇനിയും പറയനുണ്ട് എന്നാണ് അൻവർ പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സി പി ഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്. സഹയാത്രികരായ കെ.ടി.ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരും താമസിയാതെ അൻവറിൻ്റെ പാത പിന്തുടരുമെന്നും, പിണറായി വിജയന്‍റെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

 

 

 

ഇ.പി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യത്തോടുള്ളതെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഹർജി തളളിയത്.

 

 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയിൽ സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായി. അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകും. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും.

 

 

 

 

ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഡിജിപി ഷെയ്ക്ക് ദർബേഷ് സാഹിബാണ് അജിത് കുമാറിൻ്റെ മൊഴിയെടുക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തും.

 

 

 

എറണാകുളം സ്വദേശിയായ യുവാവിന് എംപോക്സ് രോഗം സ്ഥിരീകരിച്ചു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരനും എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു.

 

 

 

എം പോക്സ് വകഭേദം ക്ലേഡ് 1 രാജ്യത്ത് സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 എന്നും എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

 

കൃത്യമായി പഠിപ്പിച്ചാൽ കൃത്യമായി വണ്ടിയോടിക്കും എന്ന് കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂൾ തെളിയിച്ചെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിലെ ആദ്യ ബാച്ച് വിജയികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചവർക്ക് ഇനി മറ്റൊരു പരിശീലനത്തിന്‍റെ ആവശ്യമില്ലാതെ തന്നെ ആത്മവിശ്വാസത്തോടെ സ്വയം വണ്ടിയോടിച്ച് പോവാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 2024 സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

 

പട്ടാളപ്പുഴുവിനെ (ബ്ലാക് സോൾജിയർ ഫ്‌ളൈ) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഉദ്ഘാടനം ചെയ്തു. സ്വച്ഛഭാരത് കാംപയിന്‍റെ ഭാഗമായി പച്ചക്കറി മത്സ്യ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനാണ് യൂണിറ്റ് സ്ഥാപിച്ചത്. പട്ടാള പുഴുവിന്റെ ലാർവ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ പ്രോട്ടീൻ ഉറവിടമാക്കി സംസ്‌കരിച്ചെടുക്കും. മത്സ്യത്തീറ്റ ഉൽപാദനത്തിൽ ഫിഷ് മീലിന് പകരമായി ഇവ ഉപയോഗിക്കാനാകുമെന്നും സിഎംഎഫ്ആർഐ അറിയിച്ചു.

 

 

 

തൃശ്ശൂരിൽ വേലൂർ തയ്യൂരിൽ ലോറിക്ക് തീപിടിച്ചു. തയ്യൂരിലെ കിടക്ക നിര്‍മ്മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറിക്ക് മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു.

 

 

കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വട്ടമൂട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിൽ 40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

 

 

 

ജയ്നഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെ കല്ലേറ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുത്തി. സൗജന്യ ബാഗേജ്‌ പരിധി എയർ ഇന്ത്യ എക്സ്പ്രസ് പുനസ്ഥാപിക്കുന്നു. മുപ്പത് കിലോ സൗജന്യ ബാഗേജ്‌ അനുവദിച്ചുള്ള ഓഫർ അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു.

 

 

 

ഹെലൻ അത്യന്തം അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി കര തൊട്ടു. ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിൽ പ്രാദേശിക സമയം രാത്രി 11 മണിക്ക് 209 കിലോ മീറ്റർ വേഗതയിലാണ് ഹെലൻ ആഞ്ഞുവീശിയത്. യുഎസിലെ നാഷണൽ ഹരികെയിൻ സെന്‍റർ (എൻഎച്ച്‍സി) അതീവ ജാഗ്രതാ നിർദേശം നൽകി. പ്രളയത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

 

 

യു എൻ സുരക്ഷ സമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ഫ്രാൻസും ബ്രിട്ടനും. ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യത്തെ ഫ്രാൻസ് പൂർണമായി പിന്തുണക്കുകയാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ചു. യുഎൻ രക്ഷാസമിതി സ്തംഭിച്ച അവസ്ഥയിലാണെന്നും പ്രാതിനിധ്യം വർധിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കണമെന്നും മക്രോൺ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *