mid day hd 1

വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ചെലവായ കണക്കുകൾ വ്യക്തമാക്കി സർക്കാർ. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നും, 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടുവെന്നും റിപ്പോർട്ടിലുണ്ട്. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടിയും വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടിയും ചിലവാക്കി. ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരു കോടി രൂപയും 17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയും ചെലവായിട്ടുണ്ട്. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടിയും. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടിയും ചെലവായി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ വിവിധ സൗകര്യങ്ങൾക്കായി 31 കോടിയും ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയുമാണ്. ദുരിതാശ്വാസ ക്യാമ്പിലെ ചെലവുകൾക്കായി 19 കോടിയും. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടിയും ഡ്രോൺ റഡാർ വാടക 3 കോടിയുമായി. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

 

 

 

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ വേണ്ടി ആരോഗ്യ വകുപ്പ് വീടുകൾ കയറിയിറങ്ങി സർവേ നടത്തും. മരിച്ച വിദ്യാർത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും.

 

 

 

മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം. മരിച്ച 24-കാരന്‍റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണവീട്ടിലെത്തിയ സഹപാഠികളെയും നിരീക്ഷണത്തിലാക്കും. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ്. ഇവരോട് നാട്ടിൽ തുടരാനും ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.

 

 

 

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് മുസ്ലിം സഹോദരങ്ങൾ .വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. മദ്‌റസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടന്നു. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. പ്രവാചകന്‍ പകര്‍ന്ന വെളിച്ചം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ് നബി ദിനം.

 

 

നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി വി അന്‍വര്‍ എം എല്‍ യ്ക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു . ഫോണ്‍ ചോര്‍ത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

 

 

 

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിക്കുന്നു. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് കത്തിലെ വാഗ്ദാനം.

 

 

സ്വകാര്യ ടിവി ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചുവെന്നും , പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണെന്നാണ് പരാതിയിലുള്ളത്. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും പരാതിയിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

 

 

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിൽ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടി യാണെന്നതിന് തെളിവുകളുണ്ട്. അതിനാൽ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നും പിടികൂടിയിരുന്നു. അതോടൊപ്പം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

 

 

വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോ​ഗി കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇന്നലെയാണ് സംഭവമുണ്ടായത്. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അജ്ഞലിയ്ക്കാണ് രോ​ഗിയിൽ നിന്നും മർദനമേറ്റത്. ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതി ഷൈജുവിനെ തകഴിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

 

 

 

നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദിലീപിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 

 

കെ എസ്.എഫ്.ഡി.സി സിനിമ നിർമ്മാണ പദ്ധതിയുടെ മേൽനോട്ടം വഹിച്ച മുതിർന്ന സംവിധായകൻ ഷാജി എൻ കരുണിനെതിരെ വിമർശനവുമായി നവഗത സംവിധായകൻ സനോജ്.

തന്റെ ചിത്രം 2021 ൽ പ്രഖ്യാപിക്കുകയും. 2022 ൽ പാലക്കാട് ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് പിന്നീട് വൈകിപ്പിച്ചുവെന്നും, ഷാജി എൻ കരുണിന് അതിൽ പങ്കുള്ളതായി കരുതുന്നതായും സനോജ് പറഞ്ഞു. യുപിയിലെ ഷൂട്ടിലെ വലിയൊരു ചിലവ് താൻ സ്വന്തം കൈയ്യിൽ നിന്നാണ് വഹിച്ചതെന്നും സനോജ് പറഞ്ഞു.

 

 

ജപ്തി നേരിട്ട നിർധന കുടുംബത്തിന് ആധാരം പണമടച്ച് തിരിച്ചെടുത്ത് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പന്‍ എന്ന വ്യക്തിയുടെ വീടിന്‍റെ ആധാരമാണ് സുരേഷ് ഗോപി തിരികെ എടുത്ത് നൽകിയത്. രാജപ്പന്‍റെ ഭാര്യ മിനി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിലാണ്.

മകൾ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. കൊച്ചുമകൾ ആരഭിയും മജ്ജയിൽ ക്യാൻസർ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

ഓണക്കാലത്തെ മദ്യവില്‍പനയില്‍ കുറവെന്ന് റിപ്പോർട്ട്. പത്തു ദിവസത്തെ വില്‍പനയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് ഇക്കൊല്ലമുണ്ടായത്. ഇത്തവണ 701 കോടി രൂപയുടേതാണ് മദ്യവില്‍പന. കഴി‍ഞ്ഞ തവണയിത് 715 കോടി രൂപയുടേതായിരുന്നു വില്‍പന. ബാറുകളുടെ എണ്ണം 812 ആയി ഉയര്‍ന്നിട്ടും ഇത്തവണ മദ്യവില്‍പന കുറഞ്ഞു. എന്നാല്‍ ഉത്രാടം ദിനത്തില്‍ മാത്രം മദ്യവില്‍പന കൂടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 4 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

 

 

എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലാപ്പറമ്പ് പാറമ്മല്‍ റോഡ് സനാബില്‍ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19) ആണ് മരിച്ചത്. ബെംഗളൂരുവിലെ ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

 

 

മലപ്പുറം ജില്ലയിലെ മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. മമ്പാട് നടുവക്കാട് ചീരക്കുഴിയിൽ ഷിജുവിൻ്റെ മകൻ 3 വയസുള്ള ധ്യാൻദേവും ഷിജുവിന്റെ സഹോദരൻ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്. മമ്പാട് കാരച്ചാൽ പൂള പൊയിലാണ് അപകടമുണ്ടായത്.

 

 

 

യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ ഖുശ്ബു വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്.

 

 

കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ നടത്തിയ പരിശോധനകളിൽ 250 കിലോ കേടായ ഇറച്ചി പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് അധികൃതരാണ് പരിശോധനകൾ നടത്തിയത്. ഇതിന് പുറമെ 11 നിയമലംഘനങ്ങളും കണ്ടെത്തി. ഹവല്ലിയിൽ വിവിധ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

 

 

ദില്ലി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്‍റെ തീരുമാനത്തിന് അംഗീകാരം നൽകി പാർട്ടി. കെജ്രിവാൾ നാളെ രാജിവക്കുമെന്ന് എ എ പി അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. സത്യസന്ധത തെളിയിക്കാനാണ് കെജ്രിവാൾ രാജിവയ്ക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. കെജ്രിവാളിന്റെ തീരുമാനത്തെ ദില്ലിയിലെ ജനങ്ങൾ പ്രശംസിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുഖ്യമന്ത്രി ആരെന്നത് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

 

 

മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് നൂറ് ദിനം പൂര്‍ത്തിയാക്കുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ നൂറ് ദിനം കൊണ്ട് പൂര്‍ത്തിയാക്കിയതായാണ് സര്‍ക്കാരിന്‍റെ അവകാശ വാദം. റോഡ്, റെയില്‍വേ, തുറമുഖ, വ്യോമ ഗതാഗത വികസനത്തിനാണ് മുന്‍ഗണന നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതും വഖഫ് ബില്‍ അവതരിപ്പിച്ചതുമാണ് പ്രധാന നേട്ടങ്ങളായി സർക്കാർ ഉയര്‍ത്തിക്കാട്ടുന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *