ഇപി ജയരാജനെതിരെ അച്ചടക്ക നടപടി. എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതേ തുടർന്ന് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായതെന്നാണ് വിവരം. ഇന്നു ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം നടത്തിയ കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

 

 

 

എല്‍ഡിഎഫ് കണ്‍വിനര്‍ സ്ഥാനം സംബന്ധിച്ച് പ്രഖ്യാപനം നടത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പ് വൈകിട്ട് എല്‍ഡിഎഫ് സംസ്ഥാന സെക്രട്ടറി അറിയിക്കാനിരിക്കെയാണ് ടിപി രാമകൃഷ്ണന്‍റെ പ്രതികരണം.

 

 

 

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയതോടെ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജന് ബിജപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും, കേസുകള്‍ ദുര്‍ബലമാക്കാനാണ് ജാവദേക്കറെ കണ്ടതന്നും വിഡി സതീശൻ പറഞ്ഞു.

 

 

 

 

ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നില്‍ ബിജെപി ബന്ധമല്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍. നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണിതെന്നും മന്ത്രി അറിയിച്ചു. മുകേഷിന്റെ രാജിയെ സംബന്ധിച്ച് പരസ്യപ്രസ്താവന പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല. ബിനോയ് വിശ്വം പറഞ്ഞതെന്താണെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

 

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ എസ്‍പിയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്. എസ്‍പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ഡിജിപിക്ക് കത്ത് നല്‍കിയേക്കും. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് ദാസിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചു.

 

 

 

പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎല്‍എയോട് എസ്‍പി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു.

 

 

സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീൽ എം.എൽ.എ. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎൽഎയുടെയും ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങൾ പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവർ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു.

 

 

സംസ്ഥാനത്ത് നടക്കുന്നത് കേട്ട് കേൾവി ഇല്ലാത്ത കാര്യങ്ങളെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇങ്ങനെ പോയാൽ ഇതെവിടെ ചെന്ന് നിൽക്കുമെന്നും ആഭ്യന്തരവകുപ്പിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും പൊലീസിന്‍റെ കേഡർ സ്വഭാവം നഷ്ടപ്പെട്ടുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ പത്തനംതിട്ട എസ്‍പി സുജിത്ത് ദാസിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

 

 

 

തെക്ക് നിന്ന് മുകേഷും വടക്കുനിന്ന് അൻവറും ചേര്‍ന്ന് പ്രസ്ഥാനത്തെ ഞെക്കി കൊല്ലരുതെന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം പത്തനംതിട്ട കുന്നന്താനം നോർത്ത് ലോക്കൽ സെക്രട്ടറിയും മല്ലപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ എസ് വി സുബിൻ.

ഒരുത്തനെ പുറത്താക്കണം, മറ്റവനെ നിയന്ത്രിക്കണമെന്നും സുബിൻ്റെ പോസ്റ്റിലുണ്ട്.

 

 

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് മുതൽ സെപ്തംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

ഹേമ കമ്മിറ്റിറിപ്പോർട്ടിലും പിന്നാലെ വന്ന വിവാദങ്ങളോടും മൗനം തുടരുന്ന നടൻ മോഹൻലാലിനെതിരെ വിമർശനവുമായി എഴുത്തുകാരി ശോഭാ ഡേ. നിലപാട് വ്യക്തമാക്കാതെ അമ്മ പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ മോഹൻലാലിന്റെ നടപടിയെ ഭീരുത്വമെന്ന് ശോഭാ ഡേ വിശേഷിപ്പിച്ചു. ഒരു ദേശീയ മാധ്യമത്തിനോടായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.

 

 

നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ നടിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും, തുടർനടപടികൾ അതിന് ശേഷമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. സിനിമാ സെറ്റിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നായിരുന്നു നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ.

 

 

മലയാള സിനിമാ സെറ്റിലുണ്ടായ ദുരനുഭവം നടി രാധിക എന്തുകൊണ്ടാണ് അന്ന് തന്നെ തുറന്ന് പറയാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി. രാധികയുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അതോടൊപ്പം ഇനി എത്ര സാക്ഷ്യങ്ങൾ വേണ്ടിവരും സർക്കാരിന് നടപടിയെടുക്കാനെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. നടി രാധിക ശരത്കുമാറിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദീദി.

 

 

സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

 

ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. രാജി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈംഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്‍വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം.

 

 

 

സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു.

 

 

സംവിധായകൻ ശ്രീകുമാർ മേനോനെതിരായ ലൈംഗിക പീഡനപരാതി കേസിൽ, പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്നെടുക്കും. ഡിസിപി ഐശ്വര്യ ഡോംഗ്രയാണ് മൊഴിയെടുക്കുന്നത്. ബാബുരാജിനെതിരായ കേസിൽ വിശദമായ മൊഴിയെടുത്ത ശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യും. നടൻ ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകിയിരുന്നു.

 

 

ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്. നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും.

 

 

 

 

ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പ്രവാസിയായ അന്തരിച്ച ജീമോൻ എന്ന വ്യക്തിയുടെ ഭാര്യയും മകളുമാണ് പരാതിക്കാർ.

 

 

നഗരക്കാഴ്ചകൾക്കായുള്ള കെഎസ്ആർടിസിയുടെ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ് ആരംഭിച്ചു. രാവിലെ 8 മണിക്കും 10 മണിക്കും 12 മണിക്കും കിഴക്കേകോട്ടയിൽ നിന്നാണ് സർവ്വീസ്. ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, രാവിലെ 8:30 ന് ആരംഭിച്ച് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്നും കെഎസ്ആർടിസി അറിയിച്ചു.

 

 

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കെഡി പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. 1651 കോടിയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

 

 

ഇടുക്കി ചിന്നക്കനാലിൽ പരസ്പരം കൊമ്പുക്കോർത്ത് കാട്ടാനകളായ മുറിവാലൻക്കൊമ്പനും ചക്കക്കൊമ്പനും. സിങ്ക്കണ്ടം ഭാഗത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. മുറിവാലൻക്കൊമ്പന്റെ മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രിയോടെ ആന കിടപ്പിലായി.

 

 

 

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ മുൻ അംഗവും കായംകുളം നഗരസഭാ മുൻ ചെയർമാനുമായിരുന്ന ചേരാവള്ളി മരുതനാട്ട് രാഗം വീട്ടിൽ പ്രൊഫ. എം ആർ രാജശേഖരൻ (85) അന്തരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, കായംകുളം ഏരിയ സെക്രട്ടറി, ആലപ്പി സഹകരണ സ്‌പിന്നിങ്‌ മിൽ ചെയർമാൻ, കെസിടി പ്രസിഡന്റ്‌, കേരള കർഷകസംഘം, പുരോഗമന കലാസാഹിത്യ സംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

 

 

തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് തോട്ടിൽ തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ കാണാതായത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

സ്വകാര്യ ബസിന്‍റെ ചവിട്ടുപടിയിൽ നിന്നും തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴമുട്ടം കുന്നുംപാറ സ്വദേശി സുബിൻ കുമാർ (34) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 26 നായിരുന്നു അപകടം നടന്നത്.

 

 

 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിലെ എയിംസിൽ ചികിത്സയിൽ തുടരുന്നുവെന്ന് സിപിഎം വാർത്താ കുറിപ്പ്. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് യെച്ചൂരിയെ ചികിത്സിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്കാണ് ചികിത്സയെന്നും വാർത്താ കുറിപ്പിലുണ്ട്. ഈമാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 

ചെന്നൈയിലെ സ്വകാര്യ കോളജിൽ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്ന് കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണ്. ചെങ്കൽപട്ട് ജില്ലയിലെ പോത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകളിലായിരുന്നു പരിശോധന.

 

 

 

തെലുഗു സിനിമയിൽ ഹേമ കമ്മിറ്റിയുടെ മാതൃകയിൽ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്യൂസിസി മാതൃകയിൽ തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സംഘടനയായ വോയ്സ് ഓഫ് വിമൻ. വോയ്സ് ഓഫ് വിമണിന്റെ ആവശ്യപ്രകാരം തെലങ്കാന സർക്കാർ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങൾ പഠിക്കാൻ നേരത്തെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടും അതിജീവിതരുടെ സ്വകാര്യതകളും സംരക്ഷിച്ച് റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം.

 

 

മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂർ ഇടവേള റദ്ദാക്കി അസം നിയമസഭ. സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ പ്രതികരണം. എന്നാൽ അസം മുഖ്യമന്ത്രി വിലകുറഞ്ഞ പബ്ലിസിറ്റിക്കായി മുസ്ലിങ്ങളെ ലക്ഷ്യം വെക്കുന്നെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്.

 

 

ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകള്‍ ഉള്‍പ്പെടുത്തിയെന്ന ഹര്‍ജിയില്‍, പതഞ്ജലി ആയുര്‍വേദയ്ക്കും ബാബാ രാംദേവിനും നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകളുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

 

 

 

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി. അവര്‍ പാകിസ്താന്റെ കയ്യിലെ കളിപ്പാവകളാണെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഘ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആരോപിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *