mid day hd 2 768x432.jpg 1

ഒഡീഷ ബാലസോര്‍ ദുരന്തത്തില്‍ മരണം 280. രക്ഷാപ്രവര്‍ത്തനം ഉച്ചയ്ക്കും തുടര്‍ന്നു. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കും. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ള നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാകാത്ത അവസ്ഥയിലാണ്. ആയിരത്തിലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചില ബോഗികള്‍ പൊളിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ദുരന്തം നടന്ന ബാലസോറിലേക്ക്. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരെ സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അടിയന്തര യോഗത്തിനുശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

 

കൈകാലുകള്‍ അറ്റുപോയ മൃതദേഹങ്ങള്‍. കംപര്‍ട്ടുമെന്റുകള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞ ശരീരങ്ങള്‍. തകര്‍ന്ന ട്രാക്കുകളിലും കംപാര്‍ട്ടുമെന്റുകളിലും ചോരപ്പുഴ. ചിതറിത്തകര്‍ന്ന കംപാര്‍ട്ടുമെന്റുകള്‍. ബാലസോറിലെ ദുരന്തമുഖത്തെ ഭീകര കാഴ്ച. രക്ഷാപ്രവര്‍ത്തനം ഇന്ന് ഉച്ചയ്ക്കും തുടരുകയാണ്. മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അവരുടെ ബന്ധുക്കളുമെല്ലാം ആശുപത്രികളില്‍ വാവിട്ടു കരയുന്ന കാഴ്ച ഹൃദയഭേദകം.

 

ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരില്‍ മലയാളികളും. കണ്ടശാങ്കടവ് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടു കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. നാലുപേരുടെയും പരിക്ക് ഗുരുതരമല്ല.

 

കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ കംപാര്‍ട്ടുമെന്റുകള്‍ പന്ത് ഉരുളുന്നതുപോലെ മൂന്നു വട്ടം മറിഞ്ഞെന്ന് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍. ‘കോച്ചിലെ പലരും മരിച്ചു. നില്‍ക്കുകയായിരുന്നത് കൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടത്. അപകടത്തിനു ശേഷം എമര്‍ജന്‍സി വാതില്‍ പൊളിച്ചാണ് പുറത്തേക്കിറങ്ങിയത്. തൃശൂര്‍ അന്തിക്കാട് സ്വദേശി കിരണ്‍ പറഞ്ഞു.

 

ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദാക്കി. 38 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. കേരളത്തില്‍നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി. ഒരെണ്ണം വഴിതിരിച്ചുവിട്ടു. ഇന്നു വൈകിട്ട് 4.55 നു പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ – ഷാലിമാര്‍ ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റ് (22641) റദ്ദാക്കി. വൈകിട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് (22503) വഴി തിരിച്ചുവിടും.

തൃശൂര്‍ ഡി സിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി.

 

സിനിമാ സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ചര്‍ച്ച നടത്തി.

 

പരിസ്ഥിതി ദിനാഘോഷത്തില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാന്‍ മലയാളി വിദ്യാര്‍ത്ഥിനി തീര്‍ത്ഥ. ഇന്റര്‍ സ്‌കൂള്‍ പെയിന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് താമരശേരി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയാണ് എസ്. തീര്‍ത്ഥ യോഗ്യത നേടിയത്.

 

ആദ്യവിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെ വന്‍ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എല്‍ഡി ക്ലര്‍ക്കും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ ശ്രീകലയില്‍ ശ്രീനാഥാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയുടെ പരാതിയിലാണു നടപടി.

 

തൃശൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ കോഴിക്കോട് മലാപ്പറമ്പില്‍ മരിച്ച നിലയില്‍. ഡോ. റാം മനോഹര്‍( 70) ഭാര്യ ശോഭ മനോഹര്‍( 68) എന്നിവരാണ് മരിച്ചത്. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

 

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടര്‍ ഷാജീവന. ജനവാസ മേഖലയിലേക്ക് ആന എത്തുന്നുവെന്നു തെറ്റായ വിവരം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് തേനി കളക്ടറുടെ ഉടപെടല്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *