ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തിൽ അഭിമാനകരമായ നേട്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ വാര്‍ഷികത്തിന്‍റെ തിരുവനന്തപുരം ജില്ലാ തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021 ലെ പ്രകടന പത്രികയിൽ നാലു വർഷം കൊണ്ട് നടപ്പിലാക്കിയതിന്‍റെ പ്രോഗസ് റിപ്പോർട്ട് വൈകിട്ട് അവതരിപ്പിക്കും. പ്രോഗസ് റിപ്പോർട്ട് അവതരണം ലോക പാർലമെന്‍ററി ചരിത്രത്തിൽ തന്നെ അപൂർവമാണ്.
കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചര്‍ച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉചിതമായ സമയത്ത് നേതൃത്വം അതേക്കുറിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
കോഴിക്കോട് തിരുവങ്ങൂർ മേൽ പാലത്തിൽ 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ കണ്ടെത്തി. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപാണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് വിവരം. വിണ്ടുകീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ചു. മഴ പെയ്ത സമയത്താണ് വിള്ളൽ കണ്ടെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ദേശീയപാത 66ലെ നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പല പ്രതിസന്ധികളും മറികന്നാണ് ദേശീയപാത നിർമ്മാണത്തിലേക്ക് സർക്കാർ കടന്നതെന്നും നിർമ്മാണത്തിന്‍റെ പരിപൂർണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയിലെ തകര്‍ച്ചയിൽ ഞങ്ങൾക്ക് സന്തോഷമെന്നാണ് മന്ത്രി പറയുന്നതെന്ന് വിഡി സതീശൻ. നിർമ്മാണത്തിൽ അശാസ്ത്രിയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് എട്ടുകാലി മമ്മൂഞ് ചമഞ്ഞ് നടക്കുകയാണ് റിയാസ് എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തിയിലെ ഡിപി ആറിൽ മാറ്റമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവകരമാണ് അത് അടിയന്തരമായി അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വാങ്ങലിനെ കുറിച്ചടക്കം പരാമർശമുള്ള എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് നീട്ടി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നാല് മാസത്തേക്ക് കൂടി വിലക്ക് നീട്ടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യു വിന്‍റെ നേതൃത്വത്തിൽ ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി നിലപാടുമായി പുതിയ പാർട്ടി. കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനയുടെ പ്രഥമ സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെളളാപ്പള്ളി പങ്കെടുക്കും.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈ മാസം 25 ന് രാവിലെ 11ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും.
ശബരിമലക്ക് സമീപം മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനും ഉത്തരവാദികളായവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ് ശബരിമല ക്ഷേത്രം, പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കഴിച്ച് രണ്ട് ആനകളും ഗർഭിണിയായ ഒരു സാംഭർ മാനും ചത്തിരുന്നു. മാലിന്യം തിന്നാൻ ആനകൾ കൂട്ടത്തോടെ വരുന്നതായി ശബരിമല ഡെപ്യൂട്ടി ഡയറക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.
പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്. മോദി കപട ദേശീയ വാദിയെന്ന അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. 5 വർഷം മുമ്പുള്ള വോയ്സ് ഓഫ് വോയ്സ്‍ലെസ് എന്ന വേടൻ്റെ ആദ്യകാല പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്.
കെ എസ്.ആര്‍.ടി.സിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡ് വീണ്ടും പ്രാബല്യത്തില്‍. 100 രൂപയാണ് കാര്‍ഡിന്റെ വില. 50 രൂപ മുതല്‍ 2,000 രൂപയ്ക്ക് വരെ റീചാര്‍ജ് ചെയ്യാം. പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ കാര്‍ഡുകള്‍ ലഭ്യമാകുക.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്തിൻ്റെ ഐഫോണിലെ ചാറ്റുകൾ പൊലീസ് കണ്ടെത്തി. ഇതിൽ സുഹൃത്തായ പെൺകുട്ടിയോട് എന്ന് ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത് ചോദിക്കുന്നതായി പൊലീസ് കണ്ടെത്തി സുകാന്തിൻ്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ആഗസ്റ്റ് 9 ന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി നൽകുകയായിരുന്നു. ടെലഗ്രാമിലൂടെ ഇരുവരും ചാറ്റ് ചെയ്തതാണ് പൊലീസ് കണ്ടെത്തിയത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം കാലവർഷം കേരളതീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്.
മലപ്പുറം കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ അന്വേഷണം തുടർന്ന് പോലീസ്. ഇന്നലെ വീട്ടിൽ എത്തിയ അന്നൂസ് റോഷനിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ തേടി. മൈസൂരിൽ നിന്നും തിരിച്ചു വരുമ്പോൾ കാറിൽ രണ്ടുപേർ കൂടെ ഉണ്ടായിരുന്നെന്നും താൻ ഉറങ്ങുന്നതിനിടെ ഇവർ കാറിൽ നിന്നും ഇറങ്ങി പോയെന്നുമാണ് യുവാവിന്റെ മൊഴി.
ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. തിരൂരിലും പൊന്നാനിയിലുമാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
ജനവാസ മേഖലയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പാലക്കാട് മലമ്പുഴ എലിവാലിലാണ് വീണ്ടും പുലിയെ കണ്ടത്. ജനവാസ മേഖലയിൽ നിന്നും പുലി വളർത്തു നായയെ പിടിച്ചു. എലിവാൽ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു. ഈ വർഷം നാലാം തവണയാണ് കൃഷ്ണൻറെ വീട്ടിൽ പുലിയെത്തുന്നത്.
ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോൾ, പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ അപേക്ഷ പാകിസ്ഥാൻ നിരസിച്ചെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു.
പാകിസ്ഥാൻ ഇന്ത്യൻ യാത്രാ വിമാനത്തിന് വ്യോമപാത നിഷേധിച്ച നടപടിയിൽ പ്രതികരണവുമായി ഡിജിസിഎ
പത്താൻകോട്ടിന് സമീപം വച്ചാണ് വിമാനം ആകാശച്ചുഴിയിൽപെട്ട് അപകടത്തിലായതെന്നും പാക് അന്താരാഷ്ട്ര അതിർത്തിയിലേക്കും ലാഹോറിലേക്കും പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിനാൽ വളരെ അപകടകരമായ സാഹചര്യം ഉണ്ടായിയെന്നും എന്നാൽ യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിന് കേടുപാടുണ്ടായെന്നും ഡിജിസിഎ അറിയിച്ചു.
ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായി ഭീകരർക്കായി വനമേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. രണ്ടു ഭീകരർ കൂടി വനമേഖലയിൽ ഉണ്ടെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്. ഇന്നലെ കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരെ തിരിച്ചറിയാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടികൾ ശക്തമാക്കി സുരക്ഷാസേന. കിഷ്ത്വാറിന് പിന്നാലെ ത്രാലിലും സുരക്ഷസേന തെരച്ചിൽ തുടങ്ങി. പൂഞ്ചിൽ 12 ഇടങ്ങളിൽ സംസ്ഥാന അന്വേഷണം ഏജൻസി പരിശോധന നടത്തി. യുപിയിൽ ചാരപ്രവർത്തനത്തിന് അറസ്റ്റിലായ രണ്ട് പേർ പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന വിവരവും പുറത്തുവന്നു.
തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകൾ കെ. കവിത. ബിജെപിക്ക് എതിരെ കൂടുതൽ ശക്തമായ രീതിയിൽ വിമർശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. വഖഫ് ബിൽ അടക്കമുള്ളവയിൽ കെസിആറിൽ നിന്നും ശക്തമായ രീതിയിലുള്ള ഒരു പ്രതികരണം പാർട്ടി പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നുവെന്ന് കവിത ചൂണ്ടിക്കാട്ടുന്നു.
ചാരവൃത്തി ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായവര്‍ പാകിസ്ഥാന്‍ നമ്പറുകളിലേക്ക് ചിത്രങ്ങള്‍ കൈമാറിയതായി വിവരം. ഗ്യാന്‍വാപി പള്ളിയുടേയും വാരണാസിയിലെ വിവിധ സ്ഥലങ്ങളുടേയും ചിത്രങ്ങളാണ് ഇവര്‍ കൈമാറിയിട്ടുള്ളത്. പല സമയങ്ങളിലായി ജനങ്ങള്‍ കൂടി നില്‍ക്കുന്നതും തിരക്കൊഴിഞ്ഞതുമായ സമയങ്ങളിലുള്ള ചിത്രങ്ങളാണ് ഇവര്‍ കൈമാറിയിരിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസിൽ മുൻകൂര്‍ ജാമ്യം തേടി ഇഡി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികപട്ടികയിൽ ഉള്‍പ്പെട്ട ഇഡി ഉദ്യോഗസ്ഥൻ ശേഖര്‍ കുമാറാണ് ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. താൻ നിരപരാധിയാണെന്നാണ് ഹര്‍ജിയിൽ ശേഖര്‍ കുമാര്‍ പറയുന്നത്. കേസിൽ പ്രതിചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്നും ഹര്‍ജിയിലുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകനും മധ്യപ്രദേശ് ഹൈക്കോടതി അഭിഭാഷകനുമായ വിനയ് ജോഷി നല്‍കിയ പരാതിയില്‍ കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ പൊലീസ് കേസെടുത്തു. ഇന്‍ഡോറിലെ ലസൂഡിയ സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ്. ഹേമന്ത് മാളവ്യയുടെ കാര്‍ട്ടൂണുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതും ആര്‍എസ്എസിനെയും നരേന്ദ്ര മോദിയേയും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്നാണ് വിനയ് ജോഷിയുടെ പരാതി.
രാജ്യത്തെ പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി രാജ്യവ്യാപക ക്യാമ്പയിന് തുടക്കം കുറിച്ച് തുർക്കി. അമിതവണ്ണം ഉള്ള പൗരന്മാർക്ക് തങ്ങളുടെ വണ്ണം കുറയ്ക്കാനുള്ള നിർദ്ദേശമാണ് ക്യാമ്പയിൻ്റെ ഭാഗമായി നൽകുന്നത്. രാജ്യത്തെ പൗരന്മാരിൽ തടിയുള്ളവരുടെ എണ്ണം വർധിച്ചതോടെയാണ് ഇത്തരത്തിലൊരു രാജ്യവ്യാപക ആരോഗ്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര നാണയ നിധി പാകിസ്ഥാന് 8500 കോടിയുടെ ധനസഹായം നൽകിയയത് എല്ലാ ഉപാധികളും പാലിച്ചുതിനാലാണെന്ന് ന്യായീകരണം. വായ്പാ ഗഡു ലഭിക്കുന്നതിന് പാകിസ്ഥാൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, പദ്ധതി പ്രകാരമുള്ള ലക്ഷ്യങ്ങൾ പാകിസ്ഥാൻ കൈവരിച്ചിട്ടുണ്ടെന്നും ഐഎംഎഫ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജൂലി കൊസാക്ക് വിശദീകരിച്ചു.
പാക്കിസ്ഥാനിൽ ആനകൾക്കിടയിൽ ക്ഷയരോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയതോടെ ആനകൾക്കായി പുതിയ ചികിത്സാ മാർഗ്ഗം വികസിപ്പിച്ചെടുത്ത് ഡോക്ടർമാരുടെയും മൃഗഡോക്ടർമാരുടെയും സംഘം. ക്ഷയരോഗബാധിതരായ മനുഷ്യർക്ക് നൽകുന്ന മരുന്നു തന്നെയാണ് ആനകൾക്കും നൽകുന്നത്.
ഓസ്ട്രേലിയയിലെ തെക്കുകിഴക്കന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 4 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് മൂന്ന് ദിവസമായി ശക്തമായി മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും കന്നുകാലികളുള്‍പ്പെടെ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്.
ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിനുള്ളിൽ ഭൂമിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ സൂക്ഷ്‍മാണുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. 2023 ജൂണിൽ ഭൂമിയിൽ തിരിച്ചെത്തിയ ഷെൻഷോ 15 ക്രൂഡ് ദൗത്യത്തിനിടെ ടിയാൻഗോംഗിന്‍റെ ഉപരിതലത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പുതിയ ബാക്‌ടീരിയ സ്ട്രെയിനിനെ കണ്ടെത്തിയത്. ഇതിന് ഔദ്യോഗികമായി ‘നിയാലിയ ടിയാൻഗോൻജെൻസിസ്’ എന്ന് പേരിട്ടു. ഇവ മനുഷ്യന് ഹാനികരമാകുന്നതാണോ എന്ന കാര്യത്തില്‍ തുടര്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
വിദേശത്തേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. നേരത്തെ പ്രഖ്യാപിച്ച 5% നികുതി എന്നത് 3.5% ആയി കുറച്ചാണ് ‘വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്’ പാസാക്കിയിരിക്കുന്നത്. 2026 ജനുവരി 1 മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും. പുതിയ ബില്‍ പ്രകാരം, ഈ നികുതി യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് മാത്രമേ ബാധകമാകൂ.