യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. അഴിമതിയും സഹകരണകൊള്ളയും ആരോേപിച്ച് പിണറായി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്ക്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും അടച്ചു.
കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കൊടുക്കാന്‍ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയില്‍ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റില്‍ യുഡിഎഫ് ഉപരോധ സമരത്തിനിടെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് എം സി ദത്തനെ പൊലീസ് കടത്തിവിട്ടത്. എന്നാല്‍ തന്നെ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്‍ പ്രതികരിച്ചത്.
കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി പന്തീരായിരം കോടി രൂപ തട്ടിയെന്ന് രാഹുല്‍ ഗാന്ധി. ഫിനാന്‍ഷ്യല്‍ ടൈംസിലെ വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
അരൂര്‍ – തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിനായി എന്‍ എച്ച് 66 ദേശിയപാതയില്‍ ഗതാഗത നിയന്ത്രണം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് കുമ്പളങ്ങയിലേക്ക് വഴി തിരിച്ച് വിടും.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ചോദിച്ചു. മാതാപിതാക്കളുടെ പരാതി പരിശോധിച്ച് മറുപടിക്കു കൂടുതല്‍ സമയം വേണമെന്നു സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
മൂന്നാര്‍ മേഖലയില്‍ 2300 ഏക്കര്‍ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നു സിപിഎം നേതാവ് എം എം മണി. ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു.
പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും മിച്ചഭൂമി കൈവശം വച്ചെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. താലൂക്ക് ലാന്റ് ബോര്‍ഡിന്റെ നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി തീര്‍പ്പാക്കിയത്.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷാണ് പുതിയ ശബരിമല മേല്‍ശാന്തി. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ദത്തനെതിര ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പണിയൊന്നുമെടുക്കാതെ ഖജനാവ് തിന്നുമുടിക്കുന്നവര്‍, പണിയെടുത്ത് ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേയെന്ന് എന്നാണു സുരേന്ദ്രന്‍ പ്രതികരിച്ചത്.
കോഴിക്കോട് വടകരയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. വടകര കോട്ടക്കടവ് സ്വദേശി അബ്ദുള്‍ റസാഖിന്റ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
തിരുവനന്തപുരത്ത് പ്രസവ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. കോട്ടുകാല്‍ ചൊവ്വര പാറ പടര്‍ന്ന വീട്ടില്‍ സുനില്‍ കുമാറിന്റെയും ഷീലയുടെയും മകളും എറണാകുളം സ്വദേശി ഷാനോയുടെ ഭാര്യയുമായ ശില്പ (24) ആണ് അടിമലത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി.
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകന്‍ യദു പരമേശ്വരനെ വീട്ടില്‍ മരിച്ച നിലയില്‍. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ്.
തിരുവനന്തപുരം നഗരത്തില്‍ യുവതിയുടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയ യുവാവ് സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയെയാണ് കുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്‌തെന്നാണു റിപ്പോര്‍ട്ട്.
ഗാസയിലെ ആശുപത്രിയിലുണ്ടായ ബോംബ് ആക്രമണം ഹമാസിന്റെ ലക്ഷ്യ പിഴച്ച റോക്കറ്റുമൂലമാണെന്നു റിപ്പോര്‍ട്ട്. അഞ്ഞൂറിെേല പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. നാലായിരത്തോളം അഭയാര്‍ത്ഥികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തിരുന്നു.