പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറാണ് പതാക ഉയര്‍ത്തിയത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തു നിപ വ്യാപനം ഇല്ല. പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് അടിയന്തരമായി 84 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 817 കോടി നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണു സര്‍ക്കാര്‍ പറയുന്നത്.
രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്. കേരളത്തില്‍ 20 ല്‍ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.
എഴുപത്തിമൂന്നാം പിറന്നാളാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദ ബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് പ്രത്യേക പൂജ നടത്തിയത്.
ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ തീരശോഷണ ഭീഷണി നേരിടാന്‍ തീരത്തു ഗ്രോയിന്‍ സ്ഥാപിക്കും. മുപ്പത് വര്‍ഷത്തിനിടെ പ്രദേശത്തെ നൂറു മീറ്ററോളം തീരം കടലെടുത്തു. അഭിമാന ദൗത്യമായ ചന്ദ്രയാന്‍ ഉള്‍പ്പെടെ നിരവധി വിക്ഷേപണങ്ങള്‍ നടത്തിയ ഈ തീരം ബംഗാള്‍ ഉള്‍ക്കടല്‍ കവര്‍ന്നെടുക്കുകയാണ്. വെളളത്തിന്റെ ഒഴുക്ക് തടയാന്‍ മരം, കോണ്‍ക്രീറ്റ് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നീളമുള്ള ഭിത്തിയാണ് ഗ്രോയിന്‍.
കരുവന്നൂരില്‍ സിപിഎം ചതിച്ചെന്ന് സിപിഐക്കാരായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതി അറിയാതെയാണെന്ന് സിപിഐ പ്രതിനിധികളായിരുന്ന ലളിതനും സുഗതനും ആരോപിച്ചു. ബാങ്ക് സെക്രട്ടറി സുനില്‍ കുമാറിനും ബിജു കരീമിനും എല്ലാം അറിയാമായിരുന്നെന്നും അവര്‍ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതി വെളപ്പായ സതീശന്റെ ഇതര ബാങ്കുകളിലെ അക്കൗണ്ടുകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നു. സഹകരണ ബാങ്കുകള്‍ അടക്കമുള്ളിടത്തെ അക്കൗണ്ടുകളിലൂടെ കള്ളപ്പണം ഇടപാടു നടത്തിയിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ സുരക്ഷ ശക്തമാക്കാന്‍ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ കടന്ന് ഒറ്റപ്പാലം സ്വദേശി ഹൈമാസറ്റ് ലൈറ്റുകള്‍ക്കു താഴെ താഴിട്ടു പൂട്ടിയ സാഹചര്യത്തിലാണ് കളക്ടര്‍ യോഗം വിളിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ അംഗത്വ ഫീസ് അടയ്ക്കാത്ത 39,717 പേരുടെ വോട്ടുകള്‍ അസാധുവാകും. കേരളത്തില്‍ ഏഴര ലക്ഷത്തിലധികം പേരെയാണ് എ, ഐ ഗ്രൂപ്പുകള്‍ മല്‍സരിച്ച് അംഗങ്ങളായി ചേര്‍ത്തത്. മൂന്നരക്കോടിയിലേറെ രൂപയാണ് അംഗത്വഫീസ് ഇനത്തില്‍ പിരിഞ്ഞുകിട്ടിയത്.
തൃശൂര്‍ കൊക്കാലെയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്നു ജ്വല്ലറികളിലേക്ക് വിതരണത്തിനാു കൊണ്ടുപോയ മൂന്നര കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച ഏഴു പ്രതികള്‍ അറസ്റ്റില്‍. അന്തിക്കാട് പടിയം സ്വദേശി ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ സ്വദേശി വിനില്‍ വിജയന്‍ (23), മനക്കൊടി സ്വദേശി നിധിന്‍, കാഞ്ഞാണി സ്വദേശികളായ അരുണ്‍ (29), മിഥുന്‍ (23), വിവേക് (23), ഒളരി സ്വദേശി രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ സ്വദേശി സുമേഷ് (38) എന്നിവരെയാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയന്‍ ‘എക്‌സില്‍’ ട്വീറ്റ് ചെയ്തു.
സി ഐ കള്ളക്കേസില്‍ കുടുക്കിയ എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. നെടുപുഴ സി ഐ ദിലീപ്കുമാര്‍ കള്ളക്കേസില്‍ കുടുക്കിയ സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടി ആര്‍ ആമോദിന്റെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
കണ്ണൂരിലെ മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തി. മൂന്നു മാസത്തിനിടെ നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്.
താമരശ്ശേരി ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തില്‍ എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയിലായി. 17.920 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അല്‍ത്താഫ് സജീദ്, സഹോദരന്‍ അല്‍ത്താഫ് ഷെരീഫ്, അതുല്‍, ഷാനിദ്, അബ്ദുല്‍ റഷീദ് എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന്‍ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്.
ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ കള്ളക്കടത്തിന് പിടിയില്‍. വ്യാഴാഴ്ച ചെന്നൈയിലെത്തിയ ഒമാന്‍ എയര്‍ വിമാനത്തിലെ യാത്രക്കാരെയാണ് കസ്റ്റംസ് പിടികൂടിയത്. പുതിയ ഐ ഫോണ്‍, ഗൂഗിള്‍ ഫോണ്‍ എന്നിവ അനധികൃതമായി കടത്തിക്കൊണ്ടുവന്നതിനാണ് അറസ്റ്റ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടമാണെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപിയുടെ ‘ജന്‍ ആശിര്‍വാദ് യാത്ര’യുടെ ഭാഗമായി മധ്യപ്രദേശിലെ സെഹോറില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ‘ബ്രിട്ടീഷുകാര്‍ വന്നു തിരിച്ചുപോയി. മുഗള്‍ സാമ്രാജ്യം അവസാനിച്ചു. പക്ഷെ തങ്ങളുടെ സനാതന ധര്‍മം ഇപ്പോഴും ഇവിടെയുണ്ട്. നാളെയും ഇവിടെയുണ്ടാകും. സ്മൃതി ഇറാനി പറഞ്ഞു.
എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിഎം നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന ഒറ്റവരിയാണ് രാഹുല്‍ ‘എക്‌സില്‍’ പങ്കുവച്ചത്.
ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ നയതന്ത്രത്തെ നവീകരിച്ചെന്നും ജനകീയമാക്കിയെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ നയതന്ത്രത്തെ മീറ്റിംഗ് റൂമുകളില്‍നിന്ന് ജനങ്ങളിലേക്കെത്തിച്ചു. 60 നഗരങ്ങളിലെ 200 പരിപാടികളിലൂടെ ജി 20 യുടെ സന്ദേശം ജനങ്ങളിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് അനന്ത്‌നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. വെടിയുണ്ടയേറ്റ് രക്തം വാര്‍ന്ന അദ്ദേഹം ഭാര്യ ഫാത്തിമയെ വിളിച്ച് താന്‍ മരിക്കുമെന്നും കുഞ്ഞിനെ നന്നായി വളര്‍ത്തണമെന്നും ഭാര്യയോട് ഫോണില്‍ വിളിച്ചു പറഞ്ഞു.
പരാതിക്കാരനെ നിലത്തിരുത്തി ശിക്ഷിച്ചസബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെതിരേ നടപടി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നതോടെ മിര്‍ഗഞ്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉദിത് പവാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ബാഴ്സെലോസിലെ ആമസോണിലാണ് ശനിയാഴ്ച വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ 12 യാത്രക്കാരും രണ്ട് ജീവനക്കാരുമാണു മരിച്ചത്.