ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് അതിര്‍ത്തിയില്‍ നികുതി പിരിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്.
തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തോക്കുമായി എത്തി വെടിവച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. ക്ലാസില്‍ മുകളിലേക്കു വെടിയുതിര്‍ത്ത മുളയം സ്വദേശിയായ ജഗന്‍ ഓടിപ്പോകുന്നതിനിടെയാണ് പിടിയിലായത്. സ്റ്റാഫ് റുമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയശേഷമാണു ക്ലാസില്‍ കയറി വെടിവച്ചത്. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസിന് പറയുന്നു.
കണ്ണൂര്‍ കളക്ട്രേറ്റിനു സമീപം നവ കേരള സദസിന്റെ വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഡിസിസി ഓഫിസിന്റ 50 മീറ്റര്‍ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാര്‍ച്ചു തടഞ്ഞത്. പോലീസ് ജല പീരങ്കി പ്രയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡു സംബന്ധിച്ച് കെപിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയില്ല. വീണ്ടും നോട്ടീസ് നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വധശ്രമം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കടിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമത്തിനാണു ശ്രമിച്ചതെന്നു മുഖ്യമന്ത്രി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല. ഓടുന്ന വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടുന്നതു പ്രതിഷേധമല്ല, ആക്രമണമാണ്. പിണറായി പറഞ്ഞു.
നവകേരളയാത്രയ്ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
കെഎസ്ഇബി മീറ്റര്‍ റീഡര്‍ നിയമനവും പി എസ് സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരെ ഉള്‍പ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുര്‍ബലപ്പെടുത്തിയെന്നും യോഗ്യരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ നിയമനം നേടിയ 100 പേര്‍ക്കു ജോലി പോകും.
സിപിഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75 വയസായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖ കേസുമായി ബന്ധപ്പെട്ട് അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ പോലീസ് പരിശോധന. ലാപ്‌ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂര്‍.
കോഴിക്കോട് മുക്കം മാങ്ങാപ്പൊയിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞും മര്‍ദിച്ചും പണം അപഹരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പടെ മൂന്നു പേര്‍ പൊലീസ് പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്.
നെടുമ്പാശേരി വിമാനത്താവളം വഴി മൂന്നു കിലോയിലേറെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. കോഴിക്കോട് സ്വദേശി അബ്ദുല്‍ ഹമീദാണ് പിടിയിലായത്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരിക്കേറ്റു. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് മറിഞ്ഞത്.
പാലക്കാട് തരൂര്‍ കൃഷിഭവനില്‍ വനിതാ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താനെ ഓഫീസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരിങ്കുളങ്ങര സ്വദേശി മോഹനനാണ് അറസ്റ്റിലായത്.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാരാകാന്‍ റാം മന്ദിര്‍ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനു ലഭിച്ചത് 3000 അപേക്ഷകള്‍. . ഇതില്‍ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു. 20 പേരെ തെരഞ്ഞെടുത്ത് നിയമിക്കും.
മുത്തലാഖ് വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് അടുത്ത വര്‍ഷം മാര്‍ച്ചിലേക്കു സുപ്രീം കോടതി മാറ്റി. ജകേരളത്തില്‍ നിന്നടക്കമുള്ള ഹര്‍ജികളുണ്ട്.
ജാതി സെന്‍സസ് നടത്തുമെന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക. 25 ലക്ഷം രൂപയുടെ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍. കുടുംബത്തിലെ മുതിര്‍ന്ന വനിതക്ക് പതിനായിരം രൂപ വാര്‍ഷിക സഹായമടക്കം നേരത്തെ പ്രഖ്യാപിച്ച ഏഴു ഗ്യാരന്റികളും പ്രകടനപത്രികയിലുണ്ട്.
മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിനു മുകളില്‍ പറന്ന ഡ്രോണ്‍ സംബന്ധിച്ച അന്വേഷിക്കാന്‍ സൈന്യത്തിന്റെ റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നു. വ്യോമസേനയുടെ രണ്ട് റാഫാല്‍ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.
ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളാണ് വെടിനിര്‍ത്തലിലേക്ക് എത്തുന്നത്.
എന്‍ബിസി ന്യൂസിനായി പ്രവര്‍ത്തിച്ചിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തക മിര്‍വത് അല്‍ അസെ ഇസ്രയേലില്‍ അറസ്റ്റില്‍. ഹമാസിന്റെ ആക്രമണത്തെ മഹത്വവല്‍ക്കരിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. 45 കാരിയായ മിര്‍വത് പലസ്തീനിയാണ്.