നവകേരള സദസിനു കാസര്‍കോട്ടെ മഞ്ചേശ്വരത്തു രാജകീയ തുടക്കം. രാജകീയ ബസുകളിലാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്ര. ടൂറിസ്റ്റു ബസുകള്‍ക്കുള്ള നിയമത്തില്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ച് ഉത്തരവിറക്കി നിയമവിധേയമാക്കിയാണ് ആഡംബരയാത്ര. മുന്‍ സീറ്റിന് 180 ഡിഗ്രി കറങ്ങാനും വെള്ളയ്ക്കു പകരം കറുത്ത നിറം നല്‍കാനും വാഹനത്തിലേക്കു പുറത്തുനിന്നും വൈദ്യുതി നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. കളര്‍കോഡിന്റെയും മറ്റു രൂപമാറ്റത്തിന്റേയും പേരില്‍ ടൂറിസ്റ്റ് ബസുകളെ വേട്ടയായുന്ന സര്‍ക്കാരാണ് നവകേരള സദസിന്റെ ആഢംബര ബസുമകള്‍ക്കു നിയമലംഘനം അനുവദിച്ചിരിക്കുന്നത്.
വീണ്ടും നവകേരള വേട്ട. വിവാദമായ റോബിന്‍ ബസിനെതിരേയാണു തുടര്‍വേട്ടകള്‍. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കു സര്‍വീസ് തുടങ്ങി 200 മീറ്റര്‍ എത്തുംമുമ്പേ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി 7500 രൂപ പിഴ ചുമത്തി. പെര്‍മിറ്റ് ലംഘിച്ചെന്നാണു കുറ്റം. പാലായില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും തടഞ്ഞെങ്കിലും ജനം പ്രതിഷേധവുമായി എത്തിയതോടെ ഉദ്യോഗസ്ഥര്‍ പിന്മാറി. അങ്കമാലിയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വീണ്ടും പിഴ ചുമത്തി. ഈരാറ്റുപേട്ടയില്‍ നാട്ടുകാര്‍ ബസിനു സ്വീകരണം നല്‍കി. എംവിഡിയുടെ പ്രതികാര നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബസിലുള്ള ബസുടമ ബേബി ഗിരീഷ് പറഞ്ഞു.
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒരു കോടിയിലേറെ രൂപ വിലയുള്ള ആഡംബര ബസ് ചലിക്കുന്ന ക്യാബിനറ്റ് ആണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ. ബാലന്‍. ചലിക്കുന്ന കാബിനറ്റ് ലോകത്തെ ആദ്യ സംഭവമാണെന്നും ഈ ബസു വാങ്ങാന്‍ ആളുകളുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം മ്യൂസിയത്തില്‍ വച്ചാല്‍തന്നെ ലക്ഷക്കണക്കിനുപേര്‍ കാണാന്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിക്കായി സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിട്ടിരിക്കുന്നത്.
കാസര്‍കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തിയ ബസുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിനു പിറകേയാണ് ബസുടമകളും ജീവനക്കാരും മിന്നല്‍ പണിമുടക്കു നടത്തിയത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
നവകേരള സദസ് തെരഞ്ഞെടുപ്പു സ്റ്റണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴു കൊല്ലമായി ജനങ്ങള്‍ക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോള്‍ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. പി ആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാശമാണ് നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നത്. ചെന്നിത്തല കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡു നിര്‍മിച്ചതിന് തിരുവനന്തപുരം മ്യൂസിയം പൊലിസ് പൊലിസ് കേസെടുത്തു. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നല്‍കിയ പരാതികളിലാണ് കേസ്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നതിന്റെ സൂചനയാണെന്ന് എഎ റഹീം എംപി. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണോയെന്ന് അന്വേഷിക്കണം. ഡിജിപിക്ക് ഡിവൈഎഫ്‌ഐയും തെരഞ്ഞെടുപ്പ് കമ്മീഷന് താനും പരാതി നല്‍കിയിട്ടുണ്ടെന്നും റഹീം.
കെട്ടിട നമ്പര്‍ അനുവദിക്കാത്തതിനു കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലും പിന്നീട് റോഡിലും ഒറ്റയാള്‍ സമരം നടത്തിയ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു. പഞ്ചായത്തില്‍ അതിക്രമിച്ചു കയറിയതിനും റോഡില്‍ ഗതാഗതം തടസപ്പെടുത്തിയതിനുമാണു കേസ്. യുകെയിലേക്കുപോയ ഷാജിമോനോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസും നല്‍കിയിട്ടുണ്ട്.
കണ്ണൂരിലെ കര്‍ഷക ആത്മഹത്യയ്ക്കു പിന്നില്‍ വളരെ നിസാരമായ കാരണങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് ഒരു കര്‍ഷകനും ജീവനൊടുക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കാട്ടാന ശല്യത്തില്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോയെന്നും ഇപി ജയരാജന്‍ ചോദിച്ചു.
നെയ്യാറ്റിന്‍കര പോളി ടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗുചെയ്തതിന് പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികളായ ഇരുപതിലേറെ പേര്‍ അടങ്ങുന്ന സംഘം ക്ലാസ്മുറിയില്‍ കയറി മര്‍ദ്ദിച്ചു. ഒന്നാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി അനൂപിനെ മര്‍ദ്ദിച്ചതിനു സീനിയര്‍ വിദ്യാര്‍ത്ഥികളായ എബിന്‍, ആദിത്യന്‍, അനന്ദു, കിരണ്‍ എന്നിവരെ കോളേജില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തു.
മയക്കുമരുന്ന് തൂക്കി വില്‍ക്കുന്ന യുവതി അടക്കമുള്ള സംഘം കൊച്ചി കടവന്ത്രയില്‍ പിടിയിലായി. കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല എന്നിവരാണ് കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്. 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.
ഡിസംബര്‍ നാലുമുതല്‍ ആറു ദിവസം രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഇബിഇഎ). പൊതുമേഖലാ- സ്വകാര്യ ബാങ്കുകളില്‍ 11 വരെയാണ് പണിമുടക്ക്. ഈ ഓരോ ബാങ്കിലെയും തൊഴിലാളികള്‍ വ്യത്യസ്തമായാണ് പണിമുടക്കുക.
ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ചു. തുരങ്കത്തില്‍നിന്നു വന്‍ ശബ്ദങ്ങളോടെ വീണ്ടും മണ്ണിടിയുന്നതാണു രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത്. നാല്‍പതു തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്.
ഹിമാചല്‍പ്രദേശിലെ കുളുവില്‍ റഷ്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മണികരനിലെ കുളത്തില്‍ നഗ്‌നമായ മൃതദേഹങ്ങളെന്ന് കണ്ടെത്തിയത്. സമീപത്തെ ബാഗിലെ വസ്തുക്കളില്‍നിന്നാണ് ഇരുവരും റഷ്യന്‍ സ്വദേശികളെന്ന നിഗമനത്തില്‍ എത്തിയത്.
ഗാന്ധി കുടുംബത്തിലെ നാലു തലമുറയും പിന്നാക്ക സമുദായങ്ങളായ ഒബിസി വിഭാഗങ്ങളുടെ വികസനത്തിന് എതിരായിരുന്നെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ജയ്പൂരിനടുത്ത നസിരാബാദിലെ നിയമസഭാ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പഠിച്ച വിദ്യാലയങ്ങളും സഞ്ചരിച്ച റോഡുകളും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിര്‍മിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന റോഡ്‌ഷോയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
സ്വയംഭരണാധികാരം വേണമെന്ന സന്ദേശമാണ് ആഗോള ദക്ഷിണരാജ്യങ്ങളുടെ സമ്മേളനങ്ങള്‍ ലോകത്തിനു നല്‍കിയതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയില്‍ ഈ രാജ്യങ്ങളുടെ ശബ്ദം ഉള്‍പെടുത്താനായതില്‍ ഇന്ത്യക്ക് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
ഇസ്രയേല്‍ സൈന്യം വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 24 രോഗികള്‍ മരിച്ചു. ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖുദ്‌റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗാസയിലെ നഴ്‌സറി സ്‌കൂളുകളില്‍നിന്ന് ഹമാസിന്റെ ആയുധശേഖരം പിടിച്ചെടുത്തെന്ന് ഇസ്രയേല്‍. റോക്കറ്റ് ലോഞ്ചറുകള്‍, മോട്ടര്‍ ഷെല്ലുകള്‍ ഉള്‍പെടെയുള്ള ആയുധങ്ങളാണു കണ്ടെടുത്തത്.