mid day hd 4

 

ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണം നാളെ. രാവിലെ 11 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലാണ് കിരീടധാരണ ചടങ്ങുകള്‍. 70 വര്‍ഷത്തിനുശേഷമാണ് ബ്രിട്ടനില്‍ കിരീടധാരണ ചടങ്ങു നടക്കുന്നത്. വര്‍ണശബളവും പ്രൗഡോജ്വലവുമായ ചടങ്ങുകള്‍ കാണാന്‍ കാത്തിരിക്കുകയാണു സൈബര്‍ ലോകം. (ലോകം കാത്തിരിക്കുന്ന കിരീടധാരണം … https://youtu.be/_IPh_NEOCQo )

മണിപ്പൂരില്‍ പോലീസ് ട്രെയിനിംഗ് കോളജില്‍ ആതിക്രമിച്ചു കയറി കലാപകാരികള്‍ ആയുധങ്ങള്‍ കവര്‍ന്നു. കലാപകാരികളെ നേരിടാന്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കലാപകാരികളുടെ ആക്രമണത്തില്‍ മണിപ്പൂരിലെ ബിജെപി നേതാവ് വുംഗ്‌സാഗിന്‍ വല്‍ത എംഎല്‍എക്ക് പരിക്കേറ്റു. ഇന്ന് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.

ദ കേരള സ്റ്റോറി സിനിമ വെറും സാങ്കല്‍പിക സിനിമയാണെന്നും ചരിത്രപരമായ സിനിമയല്ലെന്നും ഹൈക്കോടതി. ട്രെയിലര്‍ മുഴുവന്‍ സമൂഹത്തിനെതിരാകുന്നതല്ല. നിയമാനുസൃത സംവിധാനമായ സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് വിലയിരുത്തിയതാണ്. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും കോടതി.

‘ദി കേരള സ്റ്റോറി’ സിനിമ തിയേറ്ററുകളില്‍. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരമുള്ള ഏഴു മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 21 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍നിന്നു യുവതികളെ മതപരിവര്‍ത്തനം നടത്തി തീവ്രവാദ പ്രവര്‍ത്തനത്തിനു സിറിയയിലേക്കു കൊണ്ടുപോകുന്നെന്നതാണു സിനിമയുടെ പ്രമേയം.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. ഇതോടെ, സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നേരിയ മഴയുണ്ടാകും.

പിന്‍വാതിലിലൂടെ സര്‍ക്കാരിന്റെ ഉപകരാറുകള്‍ നേടിയ പ്രസാഡിയോ കമ്പനി ഡയറക്ടര്‍ സുരേഷ്‌കുമാര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സിപിഎമ്മിനു സംഭാവനയായി നല്‍കിയത് 20 ലക്ഷം രൂപ. ആ വര്‍ഷം കമ്പനിക്കു ലഭിച്ച ഒമ്പതു കോടി രൂപയില്‍ ഏറേയും സര്‍ക്കാര്‍ പദ്ധതികളില്‍ ഉപകരാര്‍ നേടി സമ്പാദിച്ചതായിരുന്നു. കമ്പനിയുടെ 95 ശതമാനം ഓഹരികളും പത്തനംതിട്ട സ്വദേശി സുരേഷ്‌കുമാറിന്റേതാണ്. ഡയറക്ടര്‍ രാംജിത്തിന് അഞ്ചു ശതമാനം ഓഹരികളേയുള്ളൂ. കമ്പനിയിലെ മറ്റു രണ്ടു ഡയറക്ടര്‍മാര്‍ക്കു ഷെയറുകളില്ല.

നിലമ്പൂര്‍ മുനിസിപ്പലിറ്റിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മാണ പെര്‍മിറ്റിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ എന്‍ജിനീയര്‍ സി അഫ്‌സല്‍ വിജിലന്‍സിന്റെ പിടിയില്‍. പതിനായിരം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്.

ക്യാമറ വിവാദത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മുഖ്യമന്ത്രിക്കു മനസ്സില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. കാലോചിതമായി പദ്ധതികളില്‍ മാറ്റം വരുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മറുപടി പറയേണ്ടതില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്നു തള്ളിയ യുവാവ് അറസ്റ്റിലായി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ഇടുക്കി വെള്ളതൂവല്‍ സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആണ് ആതിര. പിടിയിലായ അഖിലും ഇവിടെത്തെ ജീവനക്കാരനാണ്. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നെന്നു പോലീസ് പറഞ്ഞു.

ആത്മഹത്യ ചെയ്ത ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്കു ശ്രമിച്ചു. റിഷാനയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ മിസ് മലബാറായ റിഷാന ഐഷുവും പ്രവീണ്‍നാഥും തമ്മില്‍ കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹിതരായത്. സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പ്രവീണ്‍- റിഷാന ദമ്പതികള്‍ വേര്‍പിരിയുന്നുവെന്നായിരുന്നു സൈബര്‍ ആക്രമണമുണ്ടായത്.

പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്കു പങ്കാളി റിഷാന ഐഷുവാണു കാരണമെന്നു പ്രവീണ്‍ നാഥിന്റെ കുടുംബം. പ്രവീണിനെ റിഷാന ഐഷു പതിവായി മര്‍ദിച്ചിരുന്നെന്നും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രവീണ്‍ നാഥിന്റെ സഹോദരന്‍ പുഷ്പന്‍ ആരോപിച്ചു.

തനിക്ക് ഒരു കുട്ടി ഉണ്ടെന്നും ഭര്‍ത്താവ് മരിച്ചെങ്കിലും വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞിരുന്നുവെന്നും കെ സ്വിഫ്റ്റ് ബസില്‍ യുവാവ് സനലിന്റെ കുത്തേറ്റ യുവതി സീത. അങ്കമാലിയില്‍ സനിലിനെ കണ്ടിരുന്നു. അയാള്‍ അറിയാതെയാണ് ബസില്‍ കയറിയത്. എടപ്പാള്‍ സ്റ്റോപ്പില്‍ ബസ് എത്തിയപ്പോള്‍ സനലും ബസില്‍ കയറി. മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചെന്ന് ആരോപിച്ചാണ് സനല്‍ തന്നെ കുത്തിയതെന്ന് സീത പറഞ്ഞു.

തിരുവനന്തപുരം വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരില്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. നെടുമങ്ങാട് കാച്ചാണി ഊന്നന്‍പാറ വാഴവിള വീട്ടില്‍ കുട്ടപ്പന്റെയും അനിതയുടേയും മകന്‍ അനീഷ്(28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സിപിഎമ്മില്‍ വീണ്ടും നഗ്‌ന ദൃശ്യ വിവാദം. വീഡിയോ കോളില്‍ യുവതിയുടെ നഗ്‌നത കാണുന്ന കായംകുളത്തെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ദൃശ്യം പ്രചരിക്കുന്നു. കായംകുളത്തെ സിപിഎമ്മിന്റെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ചിത്രം പ്രചരിക്കുന്നുത്. ബാലസംഘം വേനല്‍ത്തുമ്പി എന്ന പേരില്‍ നടത്തുന്ന കലാജാഥയുടെ കണ്‍വീനറാണ് വിവാദത്തില്‍ ഉള്‍പ്പെട്ട നേതാവ്.

കൊല്ലം ജില്ലയിലെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ‘എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കര്‍ സ്ഥലത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കിഫ്ബി നിര്‍മ്മിച്ച സമുച്ചയത്തിന് 56.91 കോടി രൂപയാണ് ചെലവായത്.

ആലപ്പുഴ കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കരാറുകാരനു വീഴ്ചയില്ലെന്ന് പിഡബ്ല്യുഡി എന്‍ജീനീയറുടെ റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളിയായ ജോയ് ആണ് കലുങ്ക് നിര്‍മാണത്തിനു കുഴിച്ച കുഴിയില്‍ രാത്രി പത്തുമണിയോടെ വീണു മരിച്ചത്. ഒരു മണിക്കൂര്‍ മുമ്പ് ഇരുവശത്തും അപായ ബോര്‍ഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചത് വകവെയ്ക്കാതെ ജോയ് മുന്നോട്ട് പോയതാണ് അപകട കാരണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദേശീയതലത്തില്‍ വനിതാ സംഘടനകള്‍ പ്രക്ഷോഭത്തിന്. എഐഡിഡബ്ല്യു, ദേശീയ മഹിളാ ഫെഡറേഷന്‍, ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സംയുക്തമായി പ്രതിഷേധ പരിപാടികള്‍ നടത്തും. ഇതിനായി സംഘടനകളുടെ നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്നതായി എന്‍എഫ്ഡബ്ല്യുഐ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു. ബ്രിജ് ഭുഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകസഭാ സ്പീക്കര്‍ക്ക് വീണ്ടും കത്ത് നല്‍കുമെന്നും ആനിരാജ പറഞ്ഞു.

തീവ്രവാദം വച്ചുപൊറുപ്പിക്കില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യോഗത്തില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ ബ്ലോഗറുമായ അഗസ്ത്യ ചൗഹാന്‍ (25) ബൈക്ക് ഡിവൈഡറിലിടിച്ച് മരിച്ചു. സൂപ്പര്‍ ബൈക്ക് മുന്നൂറു കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. യൂട്യൂബില്‍ 12 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള അഗസ്ത്യ ആഗ്രയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെട്ടത്.

മനുഷ്യക്കടത്ത് ഏജന്റ് പിടിയിലായി. തമിഴ്‌നാട് സ്വദേശി ബാഷ യെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കുവൈറ്റിലേക്കുള്ള മനുഷ്യക്കടത്തിനായി തമിഴ്‌നാട് സ്വദേശികളായ ഏഴു സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ച കേസിലെ ഏജന്റാണിയാള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.

ഒരു വര്‍ഷം മുന്‍പ് നാഗര്‍കോവില്‍ തിട്ടുവിള കുളത്തില്‍ വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസ്സുകാരനെ കൊലപ്പെടുത്തിയതിനു സുഹൃത്തായ 14 കാരനെ തമിഴ്‌നാട് െൈക്രെം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2022 മെയ് എട്ടിനാണ് നാഗര്‍കോവില്‍ ഇറച്ചകുളത്തെ ബന്ധുവീട്ടില്‍ എത്തിയ വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ആശുപത്രി റോഡില്‍ മുഹമ്മദ് നസീം സുജിത ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദ്(12) സമീപത്തെ കുളത്തില്‍ മരിച്ചത്.

ഗര്‍ഭപാത്രത്തിലിരിക്കെ കുഞ്ഞിനു തലച്ചോറില്‍ ശസ്ത്രക്രിയ. അമേരിക്കയിലാണ് ചരിത്രം കുറിച്ച ഈ ശസ്ത്രക്രിയ നടത്തിയത്. തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴല്‍ വികസിക്കാത്ത പ്രശ്‌നം പരിഹരിക്കാനാണു ശസ്ത്രക്രിയ നടത്തിയത്. ഇങ്ങനെയൊരു ശസ്ത്രക്രിയ ലോകത്ത് തന്നെ ആദ്യമായാണ് നടന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നു ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കും. ബിസിസിഐ തയാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം നേടി. അഹമ്മദാബാദ്, നാഗ്പൂര്‍, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, ലഖ്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ഇന്‍ഡോര്‍, ബെംഗളൂരു, ധര്‍മ്മശാല, ചെന്നൈ എന്നിവയാണ് മറ്റു വേദികള്‍.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *