ഇടതുമുന്നണി നേതൃയോഗം ഇന്നു മൂന്നരയ്ക്ക് തിരുവനന്തപുരം എകെജി സെന്ററില്‍. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനവും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളും ചര്‍ച്ച ചെയ്യാനാണു യോഗം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും.
ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു. കേസില്‍ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരെ കുറ്റവിമുക്തരാക്കിയ മുന്‍ എഡിജിപി വിജയ് സാക്കറെയുടെ ഉത്തരവുകള്‍ ഡിജിപി പുന:പരിശോധിക്കുന്നു. ഗുരുതര കുറ്റകൃത്യത്തിന് പിരിച്ചുവിട്ട ഇന്‍സ്‌പെക്ടറെയും ബലാല്‍സംഗ കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടറെയും കുറ്റവിമുക്തരാക്കിയ റിപ്പോര്‍ട്ടുകളാണു പുനപരിശോധിക്കുന്നത്. ക്രമിനല്‍ കേസുകളിലെ പ്രതികളായതിനാല്‍ പിരിച്ചുവിടാന്‍ പൊലിസ് ആസ്ഥാനത്ത് 59 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിരുന്നു. കൊലപതാകശ്രമം, ബലാല്‍സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടികളാണു മുന്‍ എഡിജിപി വിജയ് സാഖറെ ലഘൂകരിച്ചത്.
ബ്രഹ്‌മപുരത്തെ ബയോമൈനിംഗില്‍ കരാര്‍ കമ്പനി തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാര്‍ കമ്പനി നീക്കം ചെയ്തിരുന്നില്ല. ബ്രഹ്‌മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ബയോംമൈനിംഗില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ നല്‍കിയതെന്നും ആരോപണം.
ബ്രഹ്‌മപുരത്ത് ഇന്നത്തോടെ തീയണക്കാനാകുമെന്നു മന്ത്രി പി രാജീവ്. കോര്‍പറേഷന്‍ മാലിന്യ സംഭരണ രീതി പരിശോധിക്കേണ്ടതുണ്ട്. ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ഉറവിട മാലിന്യ സംസ്‌കരണം സജീവമാക്കും. ഫ്‌ളാറ്റുകളില്‍ മാലിന്യ സംസ്‌കരണ സൗകര്യം വേണം. കരാര്‍ കമ്പനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
ബ്രഹ്‌മപുരത്തെ തീ കെടുത്താന്‍ രാത്രിയും ശ്രമം തുടരുമെന്ന് മേയര്‍ അനില്‍കുമാര്‍. ആരോഗ്യ വിഭാഗം കൂടുതല്‍ ശക്തമായി ഇടപെടും. 52 ഹിറ്റാച്ചികള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം പഠിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയില്‍ മാലിന്യ നീക്കം സുഗമമാക്കും. ജില്ലാ കളക്ടര്‍, എംഎല്‍എ, മേയര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിനുശേഷം മേയര്‍ പറഞ്ഞു.
രാജ്യത്ത് ഇടതു പാര്‍ട്ടികള്‍ ശോഷിച്ചുവരികയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ മാത്രമായി ഇടതു കക്ഷികള്‍ ചുരുങ്ങി. മുസ്ലീം ലീഗിന് 75 വര്‍ഷം കൊണ്ട് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചെന്ന് 75 ാം വാര്‍ഷികാഘോഷം ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി മതനിരപേക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കും. ആശയ പ്രചാരണത്തിന് ഇലക്ട്രോണിക്, നവ മാധ്യമങ്ങളുടെ ഉപയോഗം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വില്‍ക്കുകയാണെന്ന് ഇ.പി ജയരാജന്റെ കുടുംബം ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് 9199 ഓഹരി വില്‍ക്കുന്നത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയും ഓഹരികളാണുള്ളത്.
ഈ മാസം 26, 27 തീയതികളില്‍ സംസ്ഥാനത്ത് ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. 26 ന് തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം ഷൊര്‍ണൂര്‍ മെമു, എറണാകുളം ഗുരുവായൂര്‍ എക്‌സ്പ്രസ്, 27 ന് കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിന്‍ സര്‍വ്വീസുകളാണു റദ്ദാക്കിയത്.
എഴു കള്ളനോട്ടുകളുമായി കൃഷി ഓഫിസര്‍ അറസ്റ്റില്‍. ആലപ്പുഴ എടത്വ കൃഷി ഓഫിസര്‍ എം. ജിഷമോളാണ് അറസ്റ്റിലായത്.
മദ്യപിച്ച് അടിയുണ്ടാക്കിയതിന് പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു അടിപിടി. ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ജി. ഗിരി, ജോണ്‍ ഫിലിപ്പ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
വയനാട്ടിലേക്കു സ്ഥലംമാറ്റിയ എറണാകുളം കളക്ടര്‍ രേണുരാജ് പുതിയ കളക്ടര്‍ക്കു ചുമതല കൈമാറാന്‍ എത്തിയില്ല. യാത്രയയപ്പിനും രേണുരാജ് വന്നില്ല. എന്‍എസ്‌കെ. ഉമേഷ് എറണാകുളം കളക്ടറായി ചുമതലയേറ്റു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയില്‍. ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്കു മാറ്റി. അലര്‍ജിയുള്ള ചുമമരുന്നു നല്‍കിയതാണ് പ്രശ്‌നമായത്. അപകടത്തില്‍ പരിക്കേറ്റാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്.
സിപിഎം സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സ്ത്രീകള്‍ പാന്റ്‌സും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളേപ്പോലെ നടന്നു സമരം ചെയ്യുന്നത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നു കഴിഞ്ഞ ദിവസം പറഞ്ഞതു വിവാദമായിരിക്കേ, തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ഗോവിന്ദന്‍ ആരോപിച്ചു.
സ്ത്രീ – പുരുഷ സമത്വത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം. സ്ത്രികളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങള്‍ക്ക് തര്‍ക്കമില്ല. ഗോവിന്ദന്‍ പറഞ്ഞു.മൂന്നാറിലെ ജനവാസമേഖലയില്‍ ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാന്‍ കൂടു നിര്‍മ്മിക്കാനുള്ള 29 യൂക്കാലി മരത്തടികള്‍ ഇറക്കിയതിനു നോക്കുകൂലി വേണമെന്ന് വനംവകുപ്പിനോട് ചുമട്ടുതൊഴിലാളി യൂണിയനുകള്‍. വനസംരക്ഷണ സമിതിക്കാരെക്കൊണ്ട് തടിയിറക്കിയതിനെതിരേയാണ് തൊഴിലാളി യൂണിയനുകള്‍ തര്‍ക്കമുന്നയിച്ചത്.
ചെന്നൈയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ 60 ലക്ഷം രൂപ മുടക്കി സ്‌പെഷല്‍ ട്രെയിന്‍. 17 സ്ലീപ്പര്‍ കോച്ച്, മൂന്ന് എ.സി. കോച്ച് എന്നിവയാണ് ഈ ചാര്‍ട്ടേഡ് ട്രെയിനിലുള്ളത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയെ വിദേശത്ത് അപമാനിച്ചെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിയുടെ മകന്‍. രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകന്‍ അനിരുദ്ധാണ് ഇങ്ങനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ അടുത്തയാളാണ് അനിരുദ്ധ്.
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഒഡീഷയില്‍ കാലില്‍ ക്യാമറയും ചിപ്പും ഘടിപ്പിച്ച ചാരപ്രാവിനെ കണ്ടെത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ തീരത്ത് പ്രാവിനെ കണ്ടെത്തിയതായി മത്സ്യ തൊഴിലാളികളാണ് പൊലീസിനെ അറിയിച്ചത്. ചാര പ്രവര്‍ത്തനത്തിന്റെ ഭാഗമാണോയെന്നു പരിശോധിക്കുകയാണെന്ന് പൊലീസ്.
വനിതാ ദിനത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ നടത്തിയ ഔറത്ത് റാലിയില്‍ പൊലീസും സ്ത്രീകളും തമ്മില്‍ ഏറ്റുമുട്ടി. പ്രസ് ക്ലബ്ബ് പരിസരത്ത് സ്ത്രീകളും ട്രാന്‍സ്‌ജെന്ററുകളും റാലിയില്‍ സമ്മേളിച്ചതോടെ പോലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
മധ്യാഹ്ന വാര്‍ത്തകള്‍
