വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ എന്തു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്ന സ്ഥിതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്താല്‍ അധ്യാപകരാകാം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാസ്‌പോര്‍ട്ടാണ് എസ്എഫ്‌ഐ മെമ്പര്‍ഷിപ്പെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
ഒന്നര ആഴ്ചത്തെ വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. മന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീകര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം പുറത്തെടുത്തത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ അച്ചടക്ക നടപടിയെക്കുറിച്ചും വ്യാജ ഡിഗ്രി വിവാദത്തിലും പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജില്ലാ കമ്മിറ്റിക്കു ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ട സിപിഎം നേതാവ് പി പി ചിത്തരഞ്ജന്‍. അച്ചടക്ക നടപടിയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനു മാനേജുമെന്റ് ക്വാട്ടയില്‍ സീറ്റു നല്‍കാന്‍ സിപിഎം നേതാവാണു ശുപാര്‍ശ ചെയ്തതെന്ന് എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. ശുപാര്‍ശ ചെയ്ത നേതാവിന്റെ പേര് വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നിഖിലിനെതിരെ കോളേജ് മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നിഖില്‍ തോമസ് പാര്‍ട്ടിയോടു കാണിച്ചത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍. അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷന്‍ പറഞ്ഞു.
മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ കാര്‍ യാത്രക്കാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍. ആന റോഡില്‍ നില്‍ക്കുന്നതു കണ്ടു ഭയന്ന് റോഡരികില്‍ ഒതുക്കിയ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ പൂണ്ടുപോയി. ഇതോടെ വാഹനം പിറകോട്ടെടുക്കാനാവാത്ത സ്ഥിതിയായി. കാട്ടാന പാഞ്ഞടുത്തടെ കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടി മറ്റു വാഹനങ്ങളുടെ മറവില്‍ നിന്നാണു രക്ഷപ്പെട്ടത്.
തിരുവനന്തപുരത്തെ വിനോദ സഞ്ചാരകേന്ദ്രമായ പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു. കല്ലാര്‍ ഗോള്‍ഡന്‍ വാലി വരെ മാത്രമേ വലിയ വാഹനങ്ങള്‍ അനുവദിക്കൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മഴ മൂലം മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാലാണ് തീരുമാനം.
വടകരയില്‍ ചെന്നൈ – മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ അഞ്ചു കിലോ കഞ്ചാവ് പിടികൂടി.
ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ എടക്കര മുപ്പിനി സ്വദേശി റെന്‍സന്‍ (19) ആണ് മരിച്ചത്. മലപ്പുറം കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ എടമല വളവില്ലാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എ.കെ.ജി. നഗറില്‍ താമസിക്കുന്ന കല്ലായി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ വിജീഷാണ് (27) മരിച്ചത്. കുന്നംകുളം ചൊവ്വന്നൂരില്‍ കൊടുവായൂര്‍ ക്ഷേത്രം റോഡിലാണ് അപകടമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. രാവിലെ പ്രത്യേക വിമാനത്തില്‍ യാത്ര തിരിച്ച മോദിയെ ന്യൂയോര്‍ക്കില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ സ്വീകരിക്കും. നാളെ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ചടങ്ങില്‍ മോദി പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും മോദി കൂടികാഴ്ച നടത്തും.
അതിര്‍ത്തിയില്‍ സമാധാനം പുലരാതെ ചൈനയുമായുള്ള നല്ല ബന്ധം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ആഗോള തലത്തില്‍ ഇന്ത്യക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ലഭിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.
നികുതി വരുമാനത്തില്‍ വന്‍ വര്‍ധന. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നെറ്റ് ഡയറക്ട് ടാക്‌സ് ഇനത്തില്‍ 3.80 ലക്ഷം കോടി രൂപ ലഭിച്ചെന്ന് കേന്ദ്ര ധനമന്ത്രാലയം. 2023- 24 ഏപ്രില്‍ – ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ടാണിത്. 11 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കലാപം തുടരുന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭരണം തുടരാനാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. പ്രധാനമന്ത്രി മോദി അമിത് ഷായുമായും ജെപി നഡ്ഡയുമായും സംസാരിച്ചു.
അറ്റ്‌ലാന്റ്റിക് സമുദ്രത്തില്‍ 1912 ല്‍ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചു വിനോദസഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായി. മുങ്ങിക്കപ്പലിനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുകയാണ്. കാനഡയില്‍നിന്നു യാത്ര തിരിച്ച കപ്പലാണ് കാണാതായത്.