കിഫ്ബിയില്‍നിന്ന് എടുത്ത വായ്പയ്ക്കു കെ ഫോണ്‍ തിരിച്ചടയ്‌ക്കേണ്ടത് വര്‍ഷം നൂറു കോടി രൂപ. 350 കോടി രൂപയുടെ ബിസിനസ് ലഭിച്ചാലേ ഇത്രയും തുക തിരിച്ചടയ്ക്കാനാകൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ കിഫ്ബിയില്‍നിന്ന് 1,011 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ബില്ലിംഗിനു തടസമുണ്ടായതുമൂലം സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു. ഇന്നലെ മുതല്‍ റേഷന്‍ വിതരണത്തില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു.
കെഎസ്ഇബി വഴി നടപ്പാക്കുന്ന 6,375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ കിഫ്ബി വായ്പാ ബാധ്യതയില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി. സര്‍ക്കാര്‍ വായ്പയെടുത്ത് സര്‍ക്കാര്‍ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കരാര്‍. കിഫ്ബി ബാധ്യതകളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കടമെടുപ്പു പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണു പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍നിന്നു പിന്മാറാന്‍ കാരണം.
ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തില്‍ ഉപേക്ഷിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്നു പോലീസ്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണായത്. വിവിധ സ്ഥലങ്ങളില്‍ െകാണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖല സമ്മേളനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? ബാലന്‍ ചോദിച്ചു.
ലോക കേരള സഭയ്ക്കുവേണ്ടിയുള്ള പണപ്പിരിവ് സുതാര്യമാണെന്ന് അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. സമ്മേളന നടത്തിപ്പിനുള്ള ഭാരിച്ച ചെലവിനു പണം കണ്ടെത്താന്‍ മറ്റു മാര്‍ഗമില്ലെന്നും സംഘാടക സമിതി.
കാട്ടിറച്ചിയുമായി പിടികൂടിയെന്നാരോപിച്ച് ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒമ്പതു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളി. 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയ ശേഷം ജോലിയില്‍ പ്രവേശിതച്ചിരുന്നു. പ്രതിയായ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുലിന് ജാമ്യം ലഭിച്ചിട്ടില്ലെങ്കിലും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനാല്‍ സര്‍വീസില്‍ പ്രവേശിച്ചിരുന്നു.
കെ ഫോണ്‍ പദ്ധതിയില്‍ എസ്ആര്‍ഐടിക്ക് അനുകൂലമായി ടെണ്ടര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍വ്വീസ് പ്രൊവൈഡര്‍ ആകണമെങ്കില്‍ എസ്ആര്‍ഐടിയുടെ സോഫ്ട് വെയര്‍ ഉപയോഗിക്കണമെന്നാണ് കെ ഫോണിന്റെ പുതിയ ടെണ്ടര്‍ മാനദണ്ഡം. കണ്‍സോര്‍ഷ്യം പങ്കാളിയായ എസ്ആര്‍ഐടിക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെന്നിരിക്കെ രണ്ടു തവണയാണ് ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടര്‍ നടപടികള്‍ കെ ഫോണ്‍ ഉപേക്ഷിച്ചത്.
കോഴിക്കോട് ചേവായൂരില്‍ സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസി ബാബുവിനെ വെട്ടിയ സംഭവത്തില്‍ സാലുദീന്‍ എന്ന മറ്റൊരു അന്തേവാസി അറസ്റ്റിലായി.
ഗുസ്തിതാരങ്ങളുടെ സമരത്തിനു പിന്തുണയുമായി ബിജെപി എംപിമാരും. മഹാരാഷ്ട്രയില്‍ നിന്നുള്ള എംപി പ്രിതം മുണ്ടെയാണ് ഗുസ്തി താരങ്ങള്‍ക്കു പിന്തുണ അറിയിച്ചത്. നേരത്തെ, ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിലെ പ്രതിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് എംപി തിങ്കളാഴ്ച അയോധ്യയില്‍നിന്ന് നടത്താനിരുന്ന ജന്‍ ചേതന മഹാറാലി മാറ്റിവച്ചു. റാലി നടത്തുന്നതിനോടു ബിജെപിയിലെ ഏതാനും നേതാക്കള്‍ വിയോജിപ്പു പ്രകടിപ്പിച്ചതിനാലാണ് പിന്മാറ്റം.
മുസ്ലിം ലീഗ് മതേതരപ്പാര്‍ട്ടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപിയെ എതിര്‍ക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലേയെന്നു ന്യൂയോര്‍ക്കിലെ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് രാഹുലിന്റെ മറുപടി.
അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ സംയുക്ത പ്രതിപക്ഷ സഖ്യം ജയിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ”അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ച് ആളുകളെ അത്ഭുതപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. വാഷിംഗ്ടനിലെ നാഷനല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ദുരാഗ്രഹവും സ്വര്‍ഥതാല്‍പര്യങ്ങളുമാണ് ഇത്തരം നടപടികള്‍ക്കു പിന്നില്‍. യുഎസിലുള്ള രാഹുല്‍ ഗാന്ധി, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ വേദിയില്‍ കമിഴ്ന്നടിച്ചുവീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കൊളറാഡോയില്‍ എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ബിരുദദാന ചടങ്ങിനിടെയാണു സംഭവം. പരിക്കുകളില്ല. വീഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.