മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ ബസിനു തീ പിടിച്ച് 25 പേര്‍ വെന്തുമരിച്ചു. എട്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരില്‍നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ രാജി നാടകത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ബീരേന്‍ സിംഗ് രാജി വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നെന്നു ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി നേതാക്കളുടെ നാടകമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മണിപ്പൂരില്‍ സ്‌കൂളുകള്‍ക്കുള്ള അവധി ഈ മാസം എട്ടു വരെ നീട്ടി. ഒരു പ്രദേശത്തിന്റെ നിയന്ത്രണം ഒരു സേനയ്ക്കു മാത്രമാക്കി മാറ്റാന്‍ തീരുമാനം.
ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സിഗ്‌നലിംഗ്, ട്രാഫിക് ഓപ്പറേഷന്‍സ് വിഭാഗത്തിനു വീഴ്ചയെന്ന് റെയില്‍വേ സുരക്ഷ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്ക് അറ്റകുറ്റപ്പണിക്കുശേഷം ട്രെയിന്‍ കടത്തി വിടുന്നതിനു മുമ്പു ചെയ്യേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും റെയില്‍ ബോര്‍ഡിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരില്‍ 52 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണവും. വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിനു പിറകേയാണ് ഇഡിയും വിവരണശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും പരിശോധിക്കും.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കള്ളക്കേസില്‍ കുടുക്കിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്കു നേരത്തെത്തന്നെ സ്ഥലംമാറ്റിയെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കു മര്‍ദ്ദനം. ഹൗസ് സര്‍ജന്‍ ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍, ജോസനീല്‍ എന്നിവരെ അറസ്റ്റു ചെയ്തു.
കൊല്ലം തെക്കുംഭാഗത്ത് അര്‍ദ്ധരാത്രിയില്‍ ടോള്‍ പ്ലാസാ ജീവനക്കാരനായ ഫെലിക്‌സ് ഫ്രാന്‍സിസിനെ (24) മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ കേസ്. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് യുവാവിനെ പൊലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ മര്‍ദ്ദിച്ചെന്നാണ് കേസ്.
ക്വാറി നടത്താന്‍ രണ്ടു കോടി രൂപ ആവശ്യപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. തന്റേയും മറ്റൊരാളുടെയും വീട് കൈമാറാനും പരാതി പിന്‍വലിക്കാനും രണ്ടു കോടി നല്‍കണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി എം രാജീവന്‍ ക്വാറി കമ്പനി പ്രതിനിധിയോട് ആവശ്യപ്പെട്ടാണു ശബ്ദസന്ദേശം.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം കുന്നത്തുനാട്ടില്‍ എ, ഐ ഗ്രൂപ്പു പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. മണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഐ വിഭാഗം നേതാവ് സലിം കെ മുഹമ്മദിന് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എ സ്ഥാനാര്‍ത്ഥി പി.എച്ച്. അനൂപിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് ആരോപണം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കള്‍ വിമര്‍ശിച്ചു.
ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ മൂന്നുമാസം കൂടി നീട്ടി. ജൂണ്‍ 30 നു മുന്‍പ് സ്ഥാപിക്കണമെന്ന നിര്‍ദേശം തിരുത്തി സെപ്റ്റംബര്‍ 30 നകം സ്ഥാപിക്കണമെന്നാക്കി. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ബസുകളിലും ഫെബ്രുവരി 28 നു മുന്‍പ് ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു ആദ്യ തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഇടുക്കി, പത്തനംതിട്ട, മണ്ഡലങ്ങള്‍കൂടി ആവശ്യപ്പെടുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. അധിക സീറ്റിന്റെ കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ജോസ് കെ മാണി വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കൊല്ലാന്‍ വാടകക്കൊലയാളികളെ അയച്ച പാര്‍ട്ടിയാണു സിപിഎം എന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. തൊഴിലാളി വര്‍ഗത്തിനൊപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘത്തിനൊപ്പം സഞ്ചരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. കുടുംബസമേതം നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ച നേതാവ് റഷ്യയില്‍ വാഗ്നര്‍ സംഘത്തിനു സമാനമായ സ്വകാര്യ പടയാളിസംഘത്തെ വാടകക്കെടുത്തിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ അയച്ചെന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുമെന്നു പ്രതീക്ഷയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം. ശക്തിധരനെ അറിയില്ലെങ്കിലും ഇന്ന് അദ്ദേഹത്തെ വിളിച്ചു നന്ദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡ്‌സിട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. സിയാദ് കോക്കര്‍ മാറുന്ന ഒഴിവിലേക്കാണ് ലിസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
എവര്‍ഷൈന്‍ മണി ആണ് സെക്രട്ടറി. മുരളി മൂവീസ് ഉടമ വി പി മാധവന്‍ നായര്‍ ട്രഷറര്‍.
റോഡ് ക്യാമറകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന മട്ടന്നൂര്‍ ആര്‍ ടി ഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെത്തുടര്‍ന്ന് നടപടി.
വീട്ടുകാര്‍ രാവിലെ ജോലിക്കു പോയി വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ വീടിനു മുന്നിലെ ഗേറ്റ് കാണാനില്ല. പരാതിപ്പെട്ടതോടെ മണിക്കൂറുകള്‍ക്കകം ഗേറ്റ് മോഷ്ടാക്കളെ പിടികൂടി. ഒളരിക്കര ശാന്തിനഗറില്‍ കോലാടി വീട്ടില്‍ ഷിജോ ( 31), നെല്ലിക്കുന്ന് തുണ്ടപ്പറമ്പില്‍ ബിനോയ് ( 36) എന്നിവരെയാണ് പിടിയിലായത്. മുളങ്കുന്നത്തുകാവ്, വെളപ്പായ റോഡ് എന്നിവിടങ്ങളില്‍നിന്ന് ഇരുമ്പു ഗേറ്റുകള്‍ മോഷ്ടിച്ച് ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ തട്ടിപ്പുകാരെ ജയിലില്‍ അടക്കും. പാറ്റ്‌നയിലെ ബിജെപി പൊതുയോഗത്തിലാണ് ഇങ്ങനെ പ്രസംഗിച്ചത്. പ്രതിപക്ഷ ഐക്യത്തെ നീക്കം നേതാക്കളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണെന്നും അമിത് ഷാ പരിഹസിച്ചു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ എന്‍ഡിഎയിലും പ്രതിഷേധം. ഇന്ത്യയെന്ന ആശയത്തിനു വിരുദ്ധമാണ് ഏകീകൃത സിവില്‍ കോഡെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലും എന്‍പിപി ബിജെപിയുടെ സഖ്യകക്ഷിയാണ്.സിവില്‍ കോഡ് നടപ്പാക്കിയാല്‍ എം എല്‍ എ മാരുടെ വീടുകള്‍ക്കും, ഓഫീസുകള്‍ക്കും തീയിടുമെന്ന് നാഗാലാന്‍ഡ് പബ്ലിക് റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പ് ഭീഷണി മുഴക്കിയിട്ടുണ്ട്.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ. ബിജെപിയുടെ കുഴലൂത്തുകാരനായ ഗവര്‍ണര്‍ എപ്പോഴും ജനഹിതത്തിനും സംസ്ഥാനത്തിന്റെ താല്പര്യത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിഎംകെ ഉന്നതധികാരസമിതി അംഗം ടി. കെ. എസ്. ഇളങ്കോവന്‍ ആരോപിച്ചു.