ആലുവയില്‍ അഞ്ചു വയസുകാരിയെ അതിഥി തൊഴിലാളി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സാഹചര്യത്തില്‍ , അതിഥി തൊഴിലാളികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകള്‍ തൊടാതെയായിരിക്കും നിയമനിര്‍മ്മാണം. ഓണത്തിനുമുമ്പ് അതിഥി ആപ്പ് പ്രവര്‍ത്തനം തുടങ്ങും. ഓരോ തൊഴിലാളിയുടെയും വിവരങ്ങള്‍ ശേഖരിക്കും. അതിഥി തൊഴിലാളിയുടെ നാട്ടിലെ പൊലിസ് സര്‍ട്ടിഫിക്കറ്റും ലേബര്‍ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഇതോടെ തൊഴിലാളികളുടെ വരവ് കുറയുമെന്നും മന്ത്രി പറഞ്ഞു.
ആലുവായില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരി പെണ്‍കുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണു സംസ്കാരം. കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലിയാണ് എത്തിയത്.
ആലുവായിലെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ലെന്ന പ്രചാരണം ശരിയല്ലെന്നു കേരള പോലീസ്. വൈകുന്നേരം ഏഴിനു പരാതി ലഭിച്ചതു മുതല്‍ ഊര്‍ജിതമായ അന്വേഷണം നടത്തി. പക്ഷേ, വൈകുന്നേരം അഞ്ചരയോടെ കൊലപാതകം നടന്നിരുന്നു. പരാതി ലഭിച്ചയുടനേ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷിച്ചു പുലര്‍ച്ചെ പ്രതിയെ പിടികൂടി. എന്നാല്‍ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാനായില്ലെന്നത് ഓരോ പൊലീസുദ്യോഗസ്ഥനും വേദനയാണെന്ന് കേരള പൊലീസ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ‘കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്.. എന്ന കുറിപ്പിലൂടെ പോലീസ് പറഞ്ഞു.
വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ടി.കെ. ഹംസ രാജിവയക്കുന്നു. മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതമൂലമാണു രാജിനീക്കം.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഐ ജി ലക്ഷ്മണ ഹൈക്കോടതിയില്‍ ഉന്നയിച്ച ആരോപണം വളരം ഗുരുതരമാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എംപി. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ തിരിച്ചടിയാണിത്. ശിവശങ്കരന് രണ്ടുമാസം കൂടി ജയിലില്‍ കിടന്നാല്‍ ഇതിലപ്പുറവും പുറത്തുവരും. മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവിനെ കൊന്നെന്നു മൊഴി നല്കിയ അഫ്സാന ഇന്നു ജയില്‍ മോചിതയാകും. കലഞ്ഞൂര്‍ സ്വദേശിയായ ഭര്‍ത്താവ് നൗഷാദിനെ കൊന്നു കുഴിച്ചിട്ടെന്ന് അഫ്സാനയുടെ മൊഴിയുണ്ടെന്നു പറഞ്ഞ് പഴയ വാടക വീടിനകത്തും പുറത്തുമായി ആറിടത്തു കുഴിയെടുത്ത് പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കോടതി ജാമ്യത്തില്‍ വിടാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.
ഇസ്രയേലിലേക്കു തീര്‍ത്ഥയാത്ര പോയ സംഘത്തിലെ ഏഴു പേരെ കാണാതായി. ഇതേത്തുടര്‍ന്ന് സംഘത്തിലെ 31 പേരെ ഇസ്രയേലില്‍ തടഞ്ഞുവച്ചു. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള നാലു പേരും കൊല്ലം ജില്ലയിലെ മൂന്നു പേരുമാണു മുങ്ങിയത്. ഇവരില്‍ രണ്ടു സ്ത്രീകളുമുണ്ട്. ജോലി തേടി മുങ്ങിയതാണെന്നാണു സംശയം.
തിരുവനന്തപുരം പള്ളിക്കലില്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിലേക്കു തെന്നിവീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. വധി നൗഫിയുടെയും നവവരന് സിദ്ദിഖിന്റെയും മൃതദേഹമാണു കിട്ടിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചു മുങ്ങി മരിച്ച അന്‍സിലിന്റെ മൃതദേഹം ഇന്നലെത്തന്നെ കിട്ടിയിരുന്നു.
യുപിയില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതശരീരം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും രണ്ടു യുവാക്കളും അറസ്റ്റില്‍. റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ സാലിയുടെ മകന് ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന് സ്റ്റെഫിന് (19) എന്നിവരെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധമെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം നല്കി പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ചെമ്പഴന്തി സ്വദേശി വിഷ്ണു ആണ് പിടിയിലായത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. പുനര്‍ വിവാഹത്തിനുളള വൈവാഹിക പംക്തി വഴി പരിചയപ്പെട്ട പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണമായിരുന്നു. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തേക്ക് അയച്ചത്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ തീപിടിത്തം. നൂറിലേറെ രോഗികളെ മാറ്റി. സാഹിബോഗിലുള്ള രാജസ്ഥാന് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.
മണിപ്പൂരിലേക്ക് അനധികൃതമായി കുടിയേറിയ മ്യാന്മര് പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് മണിപ്പൂര്‍, മിസോറാം സര്‍ക്കാരുകള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. മണിപ്പൂരിലെ വംശീയ കലാപത്തിനു പിറകില്‍ മ്യാന്മറില്നിന്നുള്ള കുടിയേറ്റക്കാര്‍ക്കു പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കേയാണ് വിവരശേഖരണം.