mid day hd 24

 

മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. എല്ലാ എംപിമാരും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് വിപ്പ് നല്‍കി. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ലോക്‌സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം. ഇതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ പ്ലസ് വണ്ണിനു 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്. 53 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. പാലക്കാടും വയനാട്ടും നാലു വീതവും കോഴിക്കോട് 11, കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്.

ഓഗസ്റ്റ് മാസത്തെ ശമ്പളം, പെന്‍ഷന്‍ ചെലവുകള്‍ക്കു പണം കണ്ടെത്താനാകാതെ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കി. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതിനാല്‍ ഇനി വായ്പയെടുക്കാവുന്ന തുക 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് 8000 കോടി രൂപ വേണ്ടിവരും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതോടെയാണ് ഖജനാവ് കാലിയായത്.

മൈക്ക് കേസില്‍ സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനു നിര്‍ദേശം നല്‍കി. ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് ആരോ കേബിളില്‍ മനപൂര്‍വം ചവിട്ടിപ്പിടിച്ചതുകൊണ്ടാണെന്നു പോലീസ് സംശയിക്കുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌റേറ്റില്‍ പരിശോധന നടത്തണമെങ്കില്‍ കേസെടുക്കണമെന്നതു കൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണു പോലീസിന്റെ വിശദീകരണം.

മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മൈക്കിന് തകരാറുണ്ടായതിനെ ആസൂത്രിതമെന്നു ആരോപിച്ച് കേസെടുപ്പിച്ച മുഖ്യമന്ത്രി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളുമെല്ലാം പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുന്നതെന്നു സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മൈക്ക് തകരാറിലായതിനു കേസെടുത്ത ഈ നാട് കേരളമാണോ ഉത്തരകൊറിയ ആണോയെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. അദ്ഭുതപ്പെടുത്തുന്ന നടപടികളാണ് പോലീസിന്റേതെന്നും ഹസന്‍.

മൈക്ക് കേടായതിനു കേസെടുത്ത മുഖ്യമന്ത്രിക്കു സമനില തെറ്റിയോയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേസ് ഉടന്‍ പിന്‍വലിക്കണം. മൈക്കിനെതിരെ കേസെടുക്കുമോ എന്നാണ് അറിയേണ്ടത്. കേട്ടു കേള്‍വി ഇല്ലാത്ത കര്യങ്ങളാണ് പോലീസിനെക്കൊണ്ടു ചെയ്യിക്കുന്നതെന്നും സുരേന്ദ്രന്‍.

മൈക്ക് തകരാറിലായതിനു എടുത്ത കേസ് പിന്‍വലിക്കണമെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളുടെ സംഘടന. മൈക്ക് ഹൗളിംങ്ങ് വന്നതിന് മൈക്കു സെറ്റ് ഉപകരണങ്ങള്‍ക്കും മൈക്ക് ഉടമയ്ക്കും എതിരെ കേസെടുത്തതിലും ഉപകരണങ്ങള്‍ പിടിച്ചെടുത്തതിലും സംഘടന പ്രതിഷേധിച്ചു.

കള്ളുഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്ന മദ്യനയത്തിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ബാര്‍ ലൈസന്‍സ് ഫീസ് അഞ്ചു ലക്ഷം രൂപ വര്‍ധിപ്പിച്ച് 35 ലക്ഷം രൂപയാക്കി. സംസ്ഥാനത്തു മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും മദ്യനയത്തില്‍ പറയുന്നു.

പോക്‌സോ കേസില്‍ കെ സുധാകരനെതിരായ വിവാദ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിനു കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയാണ് പോലീസ് തള്ളിയത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലോക്കോ റണ്ണിംഗ് റൂമില്‍ ലോക്കോ പൈലറ്റ് മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്‌കരന്‍ (52) ആണ് മരിച്ചത്. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഓടിക്കാനുള്ള ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരില്‍ എത്ത മുറിയില്‍ വിശ്രമിച്ചതായിരുന്നു.

രാത്രി പതിനൊന്നിന് പട്രോളിംഗ് നടത്തുന്നതിനിടെ നിര്‍ത്തിയിട്ട പൊലീസ് വാഹനം മദ്യ ലഹരിയില്‍ തട്ടിയെടുത്തുകൊണ്ടുപോയി പറപ്പിച്ച വിരുതനെ പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് പരശുവയ്ക്കല്‍ സ്വദേശി ഗോകുല്‍ കടത്തിക്കൊണ്ടുപോയത്. പൊലിസുകാര്‍ ബൈക്കില്‍ പിന്‍തുടരുന്നതു കണ്ട ഗോകുല്‍ ആലമ്പാറയിലെ മതിലില്‍ വാഹനം ഇടിച്ചാണു വാഹനം നിര്‍ത്തിയത്.

മുട്ടില്‍ മരംമുറിക്കേസില്‍ ഓരോ മരത്തിന്റെയും വില നിശ്ചയിക്കാന്‍ വനംവകുപ്പ് വൈകിയതിനാലാണ് റവന്യൂ വകുപ്പിന്റെ നടപടികള്‍ വൈകിയതെന്ന് വയനാട് ജില്ലാ കളക്ടര്‍. നടപടികളെല്ലാം പൂര്‍ത്തിയാക്കി മരങ്ങളുടെ വില സംബന്ധിച്ച റിപ്പോര്‍ട്ട് ഉടനേ കൈമാറുമെന്നും അറിയിച്ചു.

കാസര്‍കോട് കരിന്തളത്ത് ശ്വാസതടസം അടക്കമുള്ള ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡല്‍ റസന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്.

വേണ്ടി വന്നാല്‍ നിയന്ത്രണരേഖ മറിക്കടക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാകിസ്ഥാന് മുന്നിറിയിപ്പു നല്‍കി. കാര്‍ഗില്‍ വിജയ് ദിവസത്തിന്റ ഭാഗമായി ധീര സൈനികരെ സ്മരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീര സൈനികരുടെ സ്മാരകത്തില്‍ പ്രതിരോധമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.

കേന്ദ്ര മന്ത്രിയെ വീഡിയോ കോളില്‍ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചവരെയാണ് രാജസ്ഥാനില്‍നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്.

എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസില്‍ ഹരിയാന മുന്‍ മന്ത്രി ഗോപാല്‍ ഗോയല്‍ കാണ്ഡ ഉള്‍പ്പെടെ രണ്ടുപേരെ ഡല്‍ഹി ഹൈക്കോടതി കുറ്റമുക്തരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്. എയര്‍ ഹോസ്റ്റസ് മറ്റു കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒരു മാസത്തിലേറെയായി ഓഫീസിലേക്ക് എത്താത്ത വിദേശകാര്യ മന്ത്രിയെ ചൈന മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി. വിദേശകാര്യമന്ത്രി ക്വിന്‍ ഗ്യാഗിനെയാണ് പ്രസിഡന്റ് നീക്കിയത്. ചൈനീസ് രാഷ്ട്രീയത്തിലെ പുതിയ താരമായി വളരുന്ന നേതാവായിരുന്നു പുറത്താക്കപ്പെട്ട ക്വിന്‍ ഗ്യാംഗ്.

ട്വിറ്ററിന്റെ ലോഗോ നീക്കം ചെയ്യുന്നത് പൊലീസ് തടഞ്ഞു. ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിനു മുകളിലെ നീലക്കിളി ലോഗോ നീക്കം ചെയ്യാന്‍ ക്രെയിന്‍ ഉപയോഗിക്കാന്‍ അനുമതി തേടാത്തതാണു തടയാന്‍ കാരണം. കെട്ടിടമുടമയും വാടക കിട്ടാത്തതിനു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *