നാളെ ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയും പങ്കെടുക്കും. സുപ്രീം കോടതി വിധി മറികടന്ന് ഡല്‍ഹിയിലെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കൈയടക്കിക്കൊണ്ട് പുറത്തിറക്കിയ
ഓര്‍ഡിനന്‍സിനെതിരായ ആം ആദ്മി പാര്‍ട്ടിയുടെ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിറകേയാണ് ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷ ഐക്യവേദിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം എന്‍ഡുഎ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്. 20 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനു കളമൊരുക്കാന്‍ കൂടിയാണു ഇരുപക്ഷവും യോഗം ചേരുന്നത്.
കെ റെയിലിനു ബദലായി താന്‍ മുന്നോട്ടു വച്ച പദ്ധതിയോട് സി പി എമ്മിനും സര്‍ക്കാരിനും താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്‍. കെ റെയിലിനേക്കാള്‍ ചെലവ് കുറയും. പാരിസ്ഥിതിക പ്രശ്‌നങ്ങളും കുറവ്. ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലവും വളരെ കുറവാണ്. സര്‍ക്കാര്‍ ഇതുവരെ ബന്ധപ്പെടാത്തതു മുഖ്യമന്ത്രിയ്ക്ക് തിരക്കും ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതിനാലാകും. ബിജെപി പിന്തുണയ്ക്കുന്നതുകൊണ്ട് സിപിഎമ്മിന് താത്പര്യം ഇല്ലാതാകില്ല. നാടിന് ഉപകാരമായതിനാലാണ്
ബിജെപി ബദല്‍ പദ്ധതിയെ പിന്തുണയ്ക്കുന്നത്. ശ്രീധരന്‍ പറഞ്ഞു.
പച്ചക്കറി ലോറിയിലെ അഴിഞ്ഞുവീണ കയര്‍ കാലില്‍ കുരുങ്ങി കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുലര്‍ച്ചെ കോട്ടയം സംക്രാന്തിയില്‍ മുരളി എന്ന അമ്പതുകാരനാണു മരിച്ചത്. കാലില്‍ കയര്‍ കുടുങ്ങിയതിനെതുടര്‍ന്ന് റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചുകൊണ്ടു പോയി. മുരളിയുടെ ഒരു കാല്‍ അറ്റുപോയി. ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലും ലോറിയിലെ കയര്‍ കുരുങ്ങിയിരുന്നു. സംഭവത്തില്‍ ലോറിടേയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് സിപിഎം നടത്തിയ സെമിനാര്‍ താന്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നേരത്തെ ഏറ്റ പരിപാടിയില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്. ഇടതു മുന്നണി കണ്‍വീനര്‍ പങ്കെടുക്കേണ്ട പരിപാടി അല്ല. അനാവശ്യ വിവാദങ്ങളുണ്ടാക്കിയതാണ്. താനും മനുഷ്യനല്ലേ. ഇടതു മുന്നണി യോഗം 22 നു ചേരുന്നുണ്ട്. മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയിലാണ്. തിരുവനന്തപുരത്ത് പോകുമ്പോള്‍ മുഖ്യമന്ത്രിയെ കാണാറുണ്ട്. ജയരാജന്‍ പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ പൊളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ബിജെപി ഏജന്റുമാരാണ്. വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചു. ബിജെപിക്കു സംസ്ഥാനത്തു കളമൊരുക്കാനാണ് അവരുടെ ശ്രമം. റിയാസ് പറഞ്ഞു.
സിപിഎം സംഘടിപ്പിച്ച ഏക സിവില്‍കോഡ് സെമിനാറില്‍ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. ആലോചനാ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും അന്നും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഖദീജ മുംതാസ് പറഞ്ഞു.
തിരുവനന്തപുരം മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങളില്‍ മരിച്ചവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും വികാര്‍ ജനറല്‍ ഫാ.യൂജിന്‍ പെരേരക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പള്ളികളില്‍ പ്രതിഷേധദിനം ആചരിച്ചു. കേരളാ ലാറ്റിന്‍ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ദിനാചരണം.
കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ അതിക്രമത്തിന്റെ പേരില്‍ പൊലീസ് പിടികൂടി ലോക്കപ്പിലിട്ട കെഎസ് യു പ്രവര്‍ത്തകരെ എംപിയും എംഎല്‍എമാരും ചേര്‍ന്നു പുറത്തിറക്കിക്കൊണ്ടുപോയി. ബെന്നി ബഹനാന്‍ എം.പിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവര്‍ത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ഏഴു വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ സുഹൃത്തിന്റെ മുഖം നിര്‍മിച്ച് വീഡിയോ കോള്‍ ചെയ്ത് നാല്‍പതിനായിരം രൂപ തട്ടിയെടുത്തെന്നു പരാതി. കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്‌ന്റെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു.
തൃശൂര്‍ വാഴക്കോട് കാട്ടാനയെക്കൊല്ലാന്‍ വൈദ്യുതാഘാതമേല്‍പ്പിച്ച കമ്പികളും ആനക്കൊമ്പു മുറിച്ചെടുത്ത വെട്ടുകത്തിയും കണ്ടെടുത്തെന്നു വനം വകുപ്പ്. സ്ഥലമുടമ വാഴക്കോട് മണിയഞ്ചിറ റോയിയുടെ റബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഒരു കൊമ്പിന്റെ പകുതി മുറിച്ചുകടത്തി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലായ പട്ടിമറ്റം താമരച്ചാലില്‍ അഖിലിനെ ചോദ്യംചെയ്തപ്പോഴാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
തൃശൂര്‍ വരന്തരപ്പിള്ളിയില്‍ യുവാവ് മരിച്ചതു ഭാര്യയുടെ കുത്തേറ്റാണെന്നു പോലീസ്. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ നിഷ അറസ്റ്റിലായി. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയായ നിഷയുടെ ഫോണ്‍ വിളികളില്‍ സംശയം തോന്നി വിനോദ് വഴക്കിടാറുണ്ട്. ഫോണ്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിഷയുടെ കൈപിടിച്ച് തിരിച്ചപ്പോള്‍ നിഷ സമീപത്തിരുന്ന കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.
പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പത്തനംതിട്ട അടൂരില്‍ കാമുകന്‍ അടക്കം ആറു പേര്‍ പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇവര്‍ ഒളിവിലായിരുന്നു.
പൊന്നാനിയില്‍ ദേശീയ പാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയില്‍ വീണ് ജീപ്പ് മറിഞ്ഞു അഞ്ചു പേരടങ്ങിയ കുടുംബത്തിന് പരിക്കേറ്റ സംഭവത്തില്‍ ജീപ്പ് ഓടിച്ച ഗൃഹനാഥനെതിരെ പൊലീസ് കേസ്. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനെതിരേ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് ആരോപിച്ചാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. മുന്നറിയിപ്പു സ്ഥാപിക്കാതെ റോഡില്‍ കുഴിയെടുത്ത ദേശീയ പാത അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു അഷറഫ് പോലീസിനെ സമീപിച്ചിരുന്നു.
വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം കിട്ടി. കോട്ടത്തറ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ജൈന്‍ സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന എന്ന 32 കാരിയാണു മകള്‍ ദക്ഷയെയും കൊണ്ട് പുഴയിലേക്കു ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ രക്ഷിച്ചെങ്കിലും ഇന്നലെ മരിച്ചു.
ഫയര്‍ സ്റ്റേഷനില്‍ ജീവനക്കാരെല്ലാം കൂര്‍ക്കംവലിച്ചുറങ്ങുന്നു. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി ഡോ. സഞ്ജീവ് കുമാര്‍ പട്‌ജോഷി പാലക്കാട്ടെ സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ട കാഴ്ചയാണിത്. പാറാവുകാരന്‍ പോലും സ്റ്റേഷനില്‍ ഇല്ലായിരുന്നു. ഫയര്‍ ഫോഴ്‌സ് മേധാവി അയച്ച സന്ദേശം അഗ്നിശമന സേനാംഗങ്ങളുടെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു.