സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മെട്രോമാന് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് വൈകാതെത്തന്നെ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം തേടിയശേഷമാകും ചര്‍ച്ച. കാര്യമായ ഭൂമി ഏറ്റെടുക്കല്‍ ഇല്ലാത്ത പദ്ധതിക്ക് എതിര്‍പ്പുകള്‍ കുറവായിരിക്കും. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.
ഐഎസ്ആര്റോയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരും. കരുത്തനായ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കുന്നത്. വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിനു ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.
കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ചു പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. ട്രാഫിക് നിയമം ലംഘിച്ച് എത്തിയ പൈലറ്റ് വാഹനത്തിനെതിരേ പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ എത്തിയ ആംബുലന്‍സ് ഡ്രൈവറെ പൊലിസ് ഭീഷണിപ്പെടുത്തി. മന്ത്രി സഞ്ചരിക്കുന്ന റോഡിലൂടെ വന്നു തടസമുണ്ടാക്കിയതിനു കേസെുക്കുമെന്നാണു ഭീഷണി. തന്റെ ആംബുലന്‍സ് കൊണ്ടുപോയി കുപ്പത്തൊട്ടിയില്‍ എറിയണമെന്ന് അധിക്ഷേപിച്ചെന്നും ആംബുലന്‍സ് ഡ്രൈവര്‍.
ഇന്നും നാളെയും വ്യാപകമായ മഴയ്ക്കു സാധ്യത. മണ്‍സൂണ്‍ പാത്തിക്കു പുറമേ, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നണ്ട്. ഞായറാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടും.
ബിജെപി യുമായുള്ള അവിഹിത ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെ റയിലിലുള്ള ഒത്തുതീര്‍പ്പെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണ്. കെ.വി. തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമാണ്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്. ചെറിയാന് ഫിലിപ്പ് പറഞ്ഞു.
ഇടത് എംഎല്‍എ പി.വി ശ്രീനിജനില്‍നിന്ന് പണം വാങ്ങിയത് കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആന്റോ ജോസഫാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്.ആന്റോ ജോസഫും പിവി ശ്രീനിജനും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവരാതിരിക്കാനാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്കെതിരെ നിയമനടപടികള്‍ നടത്തുന്നതെന്നും വിപി സജീന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നാലു വയസുകാരിയെ കടിച്ച നായ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അവയവദാനം വാഗ്ദാനം ചെയ്ത് രോഗികളില്‍നിന്നും ബന്ധുക്കളില്‍നിന്നും പണം തട്ടിയ യുവാവ് പിടിയില്‍. കരള്‍ നല്‍കാമെന്ന പേരില്‍ പണം തട്ടിയതിന് കാസര്‍ഗോഡ് ബലാല് വില്ലേജ് പാറയില്‍ വീട്ടില്‍ സബിന്‍ പി കെ (25) ആണ് ചേരാനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി സെല്ലിനകത്ത് മരിച്ച സംഭവത്തില്‍ മറ്റൊരു അന്തേവാസി സ്ത്രീ അറസ്റ്റിലായി. കഴിഞ്ഞ നവംബര്‍ 29 നാണ് ശൂരനാട് സ്വദേശി സ്മിത കൊല്ലപ്പെട്ടത്. മറ്റൊരു അന്തേവാസിയായ സജിത മേരിയെയാണ് അറസ്റ്റ് ചെയ്തത്. അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നു പോലീസ് പറയുന്നു.
കണ്ണൂര്‍ കൂത്തുപറമ്പില്‍ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ ബന്ധുവായ സൈനികന് അറസ്റ്റില്‍. പിണറായി വെണ്ടുട്ടായി സ്വദേശി അരുണ്‍ കുമാറാണ് പിടിയിലായത്. പന്നിയോറയിലെ ജാനകിയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ച് വീഴ്ത്തിയാണ് മൂന്ന് പവന് മാല കവര്‍ന്നത്.
വൈക്കത്ത് കള്ളു ഷാപ്പില് പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിനെ കുത്തിക്കൊന്നത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്. കൊലപാതകത്തിനു സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസുകാരന് ആത്മഹത്യ ചെയ്തു. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷാണ് മരിച്ചത്.
ഹരിയാനയില്‍ നിന്ന് മുംബൈയിലേക്കു കൊണ്ടുപോകവേ കാണാതായ ട്രെയിന്‍ എന്ജിന് മൂന്നു മാസത്തിനുശേഷം മുംബൈയിലെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതോടെയാണ് ഒളിപ്പിച്ച കമ്പനിക്കാര്‍തന്നെ എന്ജിന് മുംബൈയിലെത്തിച്ചത്. കരാറുകാരന് തുക കൈമാറാത്തതിനെത്തുടര്‍ന്ന് ഉപകരാറുകാരന്‍ ട്രെയിന്‍ എന്ജിന് സ്ഥലത്തെത്തിക്കാതെ ഒളിപ്പിക്കുകയായിരുന്നു.
ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ചാ സംഘം കൊലപ്പെടുത്തി. മദനപ്പള്ളിയിലെ നരീം രാജശേഖര്‍ റെഡ്ഡിയെയാണ് കൊന്ന് പണം അപഹരിച്ചത്. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.