കുടിശ്ശികയായ 1,600 കോടി രൂപയുടെ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ സിവില്‍ സപ്ലൈസ് വില്പനശാലകള് അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ. 800 കോടി രൂപയുടെ കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെണ്ടറില്‍ പോലും പങ്കെടുക്കുന്നില്ല. വിലവര്‍ദ്ധനയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. വിപണിയിലെ വില മാറ്റത്തിനനുസരിച്ച് വില മാറ്റണമെന്ന നിര്‍ദേശമാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചിരിക്കുന്നത്.
ബിജെപി സംഘടിപ്പിക്കുന്ന ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ പ്രസംഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്ക്കു തൃശൂരിലെത്തും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗമാണു തൃശ്ശൂരിലേക്കു പോകുക. കുട്ടനെല്ലൂര്‍ ഗവണ്മെന്റ് കോളജ് ഗ്രൗണ്ടിലെ താത്കാലിക ഹെലിപാഡില്‍ ഇറങ്ങുന്ന അദ്ദേഹം റോഡ് മാര്‍ഗം തൃശൂര്‍ സ്വരാജ് റൗണ്ടിലെത്തും. ഈ യാത്ര റോഡ് ഷായാക്കി മാറ്റും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്കു ശേഷം നടക്കുന്ന സ്ത്രീശക്തി സമ്മേളനത്തില്‍ മോദി സംസാരിക്കും. മോദി ഇന്ന് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടില്‍ തൂത്തുക്കുടി വിമാനത്തവാളം അടക്കം 19,500 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
പുതുവത്സര രാവില്‍ പൊലീസുകാര്‍ വാഹനങ്ങള്‍ നശിപ്പിച്ചശേഷം യുവാക്കള്‍ക്കെതിരെ കേസെടുത്തതായി പരാതി. പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കള്‍ക്കുമെതിരെയാണ് വാഹനങ്ങള്‍ നശിപ്പിച്ചതിനപോലീസ് കേസെടുത്തത്.
ഏതെങ്കിലും ഒരു വിരുന്നില്‍ പങ്കെടുത്തതുകൊണ്ട് ഇല്ലാതാകുന്നതല്ല ക്രൈസ്തവരുടെ വിശ്വാസവും നിലപാടുകളുമെന്ന് കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത. മണിപ്പൂര്‍ വിഷയം വളരെ മുമ്പുതന്നെ ഉത്തരവാദിത്വപ്പെട്ടവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ക്ഷണിച്ചാല്‍ പോകേണ്ടത് ഉത്തരവാദിത്വമാണ്. വിരുന്നിനു പോയി മണിപ്പൂര്‍ വിഷയം ഉന്നയിച്ച് അലങ്കോലമുണ്ടാക്കണമെന്നതു ചിലരുടെ രാഷ്ട്രീയ മോഹങ്ങളാണ്. മന്ത്രി സജി ചെറിയാന്റെ അധിക്ഷേപത്തെക്കുറിച്ചു മെത്രാപ്പോലീത്ത പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബിജെപിയുടെ കാപട്യമാണു സജി ചെറിയാന് തുറന്നുകാട്ടിയതെന്നു മന്ത്രിമാരായ വാസവും അബ്ദുറഹ്മാനും ന്യായീകരിച്ചു. സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് ജില്ലയില്‍നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്കു പ്രയാണം ആരംഭിച്ചു. യാത്രാമധ്യേ എല്ലാ ജില്ലകളിലും സ്വീകരണം നല്‍കുന്നുണ്ട്.
ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന് സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസെടുത്തു. നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ആബിദ ഭായ്ക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്.
നവകേരള സദസില്‍ നല്കിയ പരാതിക്കു പരിഹാരം തേടി രോഗിയായ വയോധികന് പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുനെല്ലായ് കനാല്‍ പുറംപോക്കില്‍ താമസിക്കുന്ന ചിദംബരനാണ് സമരം ചെയ്യുന്നത്. ലോട്ടറി വിറ്റു ജീവിച്ചിരുന്ന ചിദംബരന് 2013 ലുണ്ടായ അപകടത്തില്‍ ഇടുപ്പ് എല്ലിനും മൂത്രസഞ്ചിക്കും പരിക്കേറ്റതോടെ അടിവയറ്റില്‍ ട്യൂബിറക്കിയാണ് ജീവിക്കുന്നത്.
ബിജെപിയെ ഭയമില്ലെന്ന് ടി എന്‍ പ്രതാപന് എംപി. ബി ജെ പിയുടെയും ആര് എസ് എസിന്റെയും വര്‍ഗീയ വിഷവിത്തുകള്‍ കേരളത്തില്‍ മുളയ്ക്കില്ല. ആറ് കൊല്ലം രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി തൃശൂരിനു വേണ്ടി എന്താണ് ചെയ്തതെന്ന് പറയണമെന്നും പ്രതാപന്.
തൃശൂരില്‍ സുരേഷ് ഗോപിക്കു വോട്ടഭ്യര്‍ത്ഥിച്ച് ബിജെപിയുടെ ചുവരെഴുത്ത്. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പീടികപ്പറമ്പിലാണ് ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടത്.
മകരവിളക്കിനു ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല.
14 നു വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി അമ്പതിനായിരമാണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് നാല്പതിനായിരം പേര്‍ക്കു മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനാകൂ. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല.
ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജ്കുട്ടിക്കും അഞ്ചു പശുക്കളെ നല്‍കുമെന്ന് മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അ?ഗസ്റ്റിനും. കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാര്‍ സഹായ വാഗ്ദാനം നല്‍കിയത്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള പശുക്കള്‍ക്കൊപ്പം ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നല്‍കും. കുട്ടിക്കര്‍ഷകര്‍ക്കു ധനസഹായവുമായി നടന് ജയറാമും എത്തി. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനു മാറ്റിവച്ച പണം നല്‍കുകയാണെന്ന് ജയറാം പറഞ്ഞു. മമ്മുട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ടു ലക്ഷം നല്‍കുമെന്നും ജയറാം അറിയിച്ചു.
ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് കാല് താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയില്‍ കാല് കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. ആലുവ സ്വദേശികളായ ഫര്ഹാന് , ഷമീം എന്നിവര്‍ക്കാണ് ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിക്കേറ്റത്.
പാലക്കാട് ധോണിയില്‍ കാട്ടാനയുടെ വിളയാട്ടം. ഇന്നലെ രാത്രി 11 ന് ഇറങ്ങിയ ആന നാട്ടുകാരെ ഓടിക്കുകയും ഒരു വീടിന്റെ മുന്‍വശം തകര്‍ക്കുകയും ചെയ്തു. ഒടുവില്‍ വനപാലകരെത്തിയാണ് ആനയെ കാട് കയറ്റിയത്.
കൊടുവള്ളിയില്‍ പെയിന്രിംഗ് ജോലിക്കിടെ താഴെവീണ് പരിക്കേറ്റയാള്‍ മരിച്ചു. കിഴക്കോത്ത് പന്നൂര് കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന് അബ്ദുല്‍ റസാഖ് (49) ആണ് മരിച്ചത്.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരമാ വിഗ്രഹത്തിന്റെ രൂപം തെരഞ്ഞെടുത്തു. പ്രശസ്ത ശില്പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്പം ഒരുക്കിയത്. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജപ്പാനില്‍ തിങ്കളാഴ്ച മാത്രം 155 ഭൂചലനമുണ്ടായി. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെയാണിത്. ഇന്നലെ പുലര്‍ച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഇഷികാവയില്‍ തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ലീ ജേ മ്യുങ്ങിന് കുത്തേറ്റു. ബുസാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഓട്ടോഗ്രാഫ് ചോദിച്ചെത്തിയയാളാണ് ലീ ജേ മ്യുങ്ങിന്റെ കഴുത്തില്‍ കുത്തിയത്.