ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചയ്ക്കു കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നാലായിരം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടത്തിനു ശേഷം മറൈന്‍ ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസംഗിച്ച് ഡല്‍ഹിക്കു മടങ്ങും. ഗുരുവായൂരിലും തൃപ്രയാറിലും ഹെലികോപ്റ്റര്‍ ഇറങ്ങി ക്ഷേത്രത്തിലേക്കു റോഡു മാര്‍ഗം പോയ മോദിയെ കാണാന്‍ റോഡിനിരുവശത്തും ബോരിക്കേഡുകള്‍ക്കു പിറകില്‍ അനേകായിരങ്ങള്‍ കാത്തു നിന്നു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലിപാഡില്‍ ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ഇവിടെ വസ്ത്രം മാറി മുണ്ടും മേല്‍മുണ്ടും ധരിച്ച ശേഷം അദ്ദേഹം ഇലക്ട്രിക് വാഹനത്തിലാണ് ക്ഷേത്രത്തിലേക്കെത്തിയത്. ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി ഗുരുവായൂരപ്പനു ദാരുശില്‍പം സമര്‍പ്പിച്ചു. ഒേരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചു. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് ദേവസ്വം പ്രസിഡന്റ് പൊഫ.വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തിനുശേഷം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തി വസ്ത്രം മാറിയശേഷം പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനു പോയി.
ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷി നിര്‍ത്തി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്കു വരന്‍ ശ്രേയസ് മോഹന്‍ താലികെട്ടി. താലികെട്ടു സമയം മോദി കൂപ്പുകൈകളുമായി നിന്നു. വധൂവരന്മാര്‍ക്കു മുല്ലപ്പൂകൊണ്ടുള്ള വരണമാല്യം കൈമാറിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാദങ്ങളില്‍ നമസ്‌കരിച്ച വധൂവരന്മാരെ മോദി ശിരസില്‍ കൈവച്ച് അനുഗ്രഹിച്ചു. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്കു പോസു ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീരാം എന്ന് ആര്‍പ്പുവിളിച്ചു. വേദിക്കു തൊട്ടു താഴെ നിന്നിരുന്ന ഉറ്റവരായ ബന്ധുക്കളേയും മറ്റും സുരേഷ് ഗോപി മോദിക്കു പരിചയപ്പെടുത്തി. പ്രധാനമന്ത്രിക്കുവേണ്ടി ശക്തമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമയിലെ വന്‍ താരനിരയും വിവാഹത്തിന് എത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ടും നടത്തി. ക്ഷേത്ര കുളത്തിലെത്തി അരിയും മലരും നല്‍കിയാണ് പ്രധാനമന്ത്രി മീനൂട്ട് വഴിപാട് നടത്തിയത്. കേരളീയ വേഷത്തിലാണു ക്ഷേത്ര ദര്‍ശനം നടത്തിയത്. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലുണ്ടായിരുന്നു. മടങ്ങുന്നതിനിടെ വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ ഇടക്കിടെ വന്നതുകൊണ്ട് ബിജെപിക്കു വോട്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി കേരളത്തില്‍ അപ്രസക്തമാണ്. കേരളത്തിന്റേത് മതേതര മനസാണെന്നും ജനങ്ങള്‍ക്കു കോണ്‍ഗ്രസിലാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യം യുഡിഎഫ് ചച്ച ചെയ്തു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തദാഹിയാണെന്നും കുഞ്ഞുങ്ങളുടെ ചോര കാണുമ്പോള്‍ ആഹ്ലാദിക്കുന്ന സാഡിസ്റ്റാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
വ്യക്തിനിയമ പ്രകാരം നേടുന്ന വിവാഹമോചന വിവരം വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനം വേണമെന്ന് ഹൈക്കോടതി. നിയമസഭ ആവശ്യമായ നടപടി സ്വീകരിക്കണം. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താന്‍ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂവെന്നു കോടതി ചൂണ്ടിക്കാട്ടി.
ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ തിക്കിത്തിരക്കി എത്തിയതാണ് നാലു പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പോലീസ് ഹൈക്കോടതിയില്‍. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആയിരം പേര്‍ക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. ഓഡിറ്റോറിയത്തിലെ പടികളുടെ നിര്‍മിതിയില്‍ പിഴവുകളുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിത സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി.
പീരുമേട് കരടിക്കുഴി അയ്യപ്പ കോളജിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നു ഗര്‍ത്തത്തിലേക്കു തെന്നി മാറി അപകടം. കുമളില്‍നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ അഞ്ചു മണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് ഭാഗ്യംകൊണ്ടു മാത്രമാണു താഴേക്കു മറിയാതിരുന്നത്.
സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. സത്താര്‍ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നല്‍കുമെന്നും സമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ ഭാര്യ വന്നേരി സ്വദേശിനി ഹസീന(35)ക്കെതിരെയാണ് കേസ്. മകളേയും കൂട്ടി ഹസീന കിണറില്‍ ചാടുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തമിഴ്‌നാട്ടിലെത്തും. ചെന്നൈയില്‍ ഖേലോ ഇന്ത്യ ഗെയിംസ് മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രം സന്ദര്‍ശിക്കും. രാമനാഥപുരം രാമേശ്വരം ക്ഷേത്രത്തിലും ദര്‍ശനം നടത്തും.
പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക വിലക്ക് നീട്ടി. രാജ്യത്തെ സാമ്പത്തിക രംഗത്തിന് അഭികാമ്യമല്ലാത്ത പ്രവര്‍ത്തങ്ങള്‍ സ്ഥാപനം ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക്. സിപിആര്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു.
ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ ഇസ്രയേല്‍ ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് കടത്തിവിടാന്‍ അനുവദിക്കും.
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ബലൂചി ഭീകര സംഘടനയായ ജെയ്ഷ് അല്‍-അദലിന്റെ രണ്ട് താവളങ്ങള്‍ക്കുനേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. വടക്കന്‍ ഇറാഖിലും സിറിയയിലും മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പാകിസ്ഥാനിലേക്കുള്ള ആക്രമണം. കനത്ത തിരിച്ചടി നല്‍കുമെന്നും പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി.