ലോകം പ്രതീക്ഷയര്‍പ്പിച്ച രാജ്യമായി ഇന്ത്യ വളര്‍ന്നുവെന്നും അതിനു കാരണം ദൃഢനിശ്ചയമുള്ള സര്‍ക്കാരാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു. സ്ത്രീകളും യുവജനങ്ങളും രാജ്യത്തെ നയിക്കണം. അതിര്‍ത്തികളില്‍ ഇന്ത്യ ശക്തമാണ്. ഭീകരതയെ ധീരമായി നേരിടുന്ന സര്‍ക്കാരാണിത്. കാഷ്മീരില്‍ സമാധാനം കൊണ്ടുവന്നു. അഴിമതി അവസാനിപ്പിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ അവതരിപ്പിക്കുന്ന ബജറ്റ് ജനകീയ ബജറ്റാകുമന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യം ഇന്ത്യ, ആദ്യം പൗരന്മാര്‍ എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നല്ലതാണ് കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബദ്ധം പരിശോധിക്കാന്‍ കേരള സര്‍വ്വകലാശാല. വിദഗ്ധ സമിതിയെ നിയോഗിക്കും. ചങ്ങമ്പുഴയുടെ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന തെറ്റിനു പുറമേ, കോപ്പിയടി വിവാദവും ഉയര്‍ന്നു. രണ്ടു പരാതികളും അന്വേഷിക്കും.
പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ തട്ടിപ്പ്. ഒരു മാസത്തിനകം 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി. സോഫ്റ്റ് വെയറിലും കൃത്രിമം നടത്തി. ഓഫീസ് അറ്റന്‍ഡര്‍ ലിനയെ പ്രതിയാക്കിയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടെന്നും പണം തിരിച്ചുപിടിക്കുമെന്നും ബോര്‍ഡ് വിശദീകരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍ കോട്ടയം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന് രാജിവച്ചതിനു പിറകേയാണ് അടൂരും രാജിവച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ച ഡയറക്ടര്‍ക്കെതിരേ ജാതി അധിക്ഷേപ ആരോപണം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണു രാജി.
ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലിലൂടെ വനിത ഡോക്ടര്‍ക്കു മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. തൃശൂര്‍ സ്വദേശി ശുഹൈബിനെയാണ് (21) ആറന്മുള പൊലീസ് പിടികൂടിയത്.
തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്.
ഗുണ്ടാ-മാഫിയ ബന്ധം ആരോപിക്കപ്പെട്ട പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്റ്റേഷനിലെ പോലീസുകാരനുമാ വൈ. അപ്പുവിനെ എആര്‍ ക്യാമ്പിലേക്കു മാറ്റി. നഗരൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ സതീശ്, പാറശാല സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ദീപു എന്നിവരെയും എആര്‍ ക്യാമ്പിലേക്കു മാറ്റി.
കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്കു വീണ യുവതിയെ രക്ഷപ്പെടുത്തിയത് മുടി മുറിച്ച്. കുറിച്ചി സ്വദേശിനി അമ്പിളിയാണു ബസിനടിയിലേക്കു വീണത്. യുവതിയുടെ മുടി ടയറിനടിയില്‍ കുടുങ്ങി. ഇതോടെയാണ് മുടിമുറിച്ച് രക്ഷിച്ചത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്.
കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ വീട്ടമ്മ മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) യാണു മരിച്ചത്. റംലയുടെ മകന്റെ മൂന്നുവയസുള്ള മകന്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു.
മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളര്‍ത്തുനായയെ പുലി ആക്രമിച്ചു കൊന്നു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പൊന്മുടികോട്ടയിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. രാവിലെ മുതല്‍ ബത്തേരി ആയിരംകൊല്ലി റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്.
റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി ട്രെയിന്‍ വൈകിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെയാണ് ( 19) കണ്ണൂര്‍ ആര്‍പിഎഫ് പിടികൂടിയത്.
മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴില്‍വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ചു വരെ നീട്ടി. ഇത്തവണ 19 മേഖലകളിലെ തൊഴില്‍ മികവിനാണ് പുരസ്‌കാരം നല്‍കുക.
മുംബൈയിലെ കേരളാ ഹൗസിനു ജപ്തി ഭീഷണി. താനെയിലെ സിവില്‍ കോടതി നോട്ടീസ് നല്‍കി. ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ് കിട്ടിയിട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരായില്ല. കേരള ഹൌസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെതിരായ കേസിലാണ് ജപ്തി.
വിമാനത്തില്‍ ക്യാബിന്‍ ക്രൂ അംഗത്തെ ഇടിയ്ക്കുകയും മുഖത്ത് തുപ്പകയും ചെയ്ത അര്‍ദ്ധ നഗ്നയായി നടക്കുകയും ചെയ്ത ഇറ്റാലിയന്‍ യാത്രക്കാരിയെ അറസ്റ്റു ചെയ്തു. അബുദാബിയില്‍നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍. മദ്യലഹരിയിലായിരുന്ന 45 കാരി ഫ്ളയര്‍ പൗള പെറൂച്ചിയോ എക്കണോമി ക്ലാസ് ടിക്കറ്റുമായി ബിസിനസ് ക്ലാസ് സീറ്റിലാണ് ഇരുന്നത്. ഇക്കണോമി ക്ലാസിലേക്കു മാറണമെന്നു ക്രൂ ആവശ്യപ്പെട്ടതോടെ പ്രകോപിതയാകുകയായിരുന്നു. ഒടുവില്‍ സീറ്റില്‍ കെട്ടിയിട്ടാണ് യാത്രക്കാരിയെ മുംബൈയില്‍ എത്തിച്ചത്.
ദുബായില്‍നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള എമിറേറ്റ്‌സ് വിമാനം 13 മണിക്കൂര്‍ പറന്നശേഷം തിരിച്ചിറങ്ങിയത് ദുബായ് വിമാനത്താവളത്തില്‍തന്നെ. ഇറങ്ങേണ്ടിയിരുന്ന ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് വിമാനത്താവളത്തില്‍ വെള്ളപ്പൊക്കമുണ്ടായതിനാലാണ് ലാന്‍ഡു ചെയ്യാനാകാതെ തിരിച്ചിറങ്ങിയത്.