പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് ഗവര്‍ണറുടെ റിപ്പബ്‌ളിക് ദിന പ്രസംഗം. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തിയശേഷമായിരുന്നു പ്രസംഗം. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് റിപ്പബ്‌ളിക് ദിനാശംസകള്‍ എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. ലോകത്തിനു പ്രചോദനമായി. നവകേരളം പദ്ധതികള്‍ അടിസ്ഥാന സൗകര്യമേഖലയെ മെച്ചപ്പെടുത്തി. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി.
സൈനിക ശക്തി വിളംബരം ചെയ്ത സൈനിക പരേഡോടെ രാജ്യത്തിന്റെ 74 ാം റിപ്പബ്‌ളിക് ദിനാഘോഷം. ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് എന്ന പഴയ രാജ്പഥില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിച്ചു. റിപ്പബ്‌ളിക് ദിന പരേഡില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസിയാണ് മുഖ്യാതിഥി. ഈജിപ്തില്‍നിന്ന് എത്തിയ സേനയും പരേഡില്‍ പങ്കെടുത്തു. മനോഹരമായ 23 ഫ്‌ളോട്ടുകളും ദൃശ്യവിരുന്നേകി.
റിപ്പബ്ലിക് ദിന പരേഡ് അടക്കമുള്ളവ നടത്തണമെന്ന തെലുങ്കാന ഹൈക്കോടതി ഉത്തരവു പാലിക്കാതെ തെലുങ്കാന സര്‍ക്കാര്‍. പരേഡ് ഗ്രൗണ്ട്‌സില്‍ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഭവന്‍ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. മുഖ്യമന്ത്രി പങ്കെടുത്തില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് റിപ്പബ്‌ളിക് ദിന പരേഡും ഗാര്‍ഡ് ഓഫ് ഓണറും നിര്‍ബന്ധമായും വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കെ റെയില്‍ അടക്കമുള്ള കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികള്‍ നടപ്പാക്കാന്‍ ഡല്‍ഹിയിലെ അര നൂറ്റാണ്ടുകാലത്തെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ചുമതലയേറ്റ കെ.വി തോമസ്. കേരള ഹൗസില്‍ നടന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമൂലം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യമേഖലകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കാനാകുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു ധനമന്ത്രി. രാജ്യത്തെ ജനാധിപത്യവും ഫെഡറല്‍ സംവിധാനവും അട്ടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നുണ്ട്. മതനിരപേക്ഷതയും ഭീഷണിയിലാണ്. മന്ത്രി പറഞ്ഞു.
പാലക്കാട് ധോണിയില്‍നിന്നു പിടികൂടിയ പിടി സെവന്‍ ആനയുടെ ശരീരത്തില്‍ ചെറിയയിനം 15 വെടിയുണ്ടകളുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ആനയെ തുരത്താന്‍ ആരെല്ലാമോ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചിട്ടുണ്ട്. ആന അടക്കമുള്ള വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ പ്രതികാരത്തോടെ പ്രതികരിക്കുമെന്നും മന്ത്രി.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗത്തില്‍ ഇ എന്‍ ഷീജയുടെ ‘അമ്മമണമുള്ള കനിവുകള്‍’, കവിതാ വിഭാഗത്തില്‍ മനോജ് മണിയൂരിന്റെ ചിമ്മിനിവെട്ടവും പുരസ്‌കാരം നേടി. വൈജ്ഞാനികം- ഡോ. വി രാമന്‍കുട്ടി (എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രം – ഡോ. മുഹമ്മദ് ജാഫര്‍ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാല്‍), ജീവചരിത്രം/ആത്മകഥ – സുധീര്‍ പൂച്ചാലി (മാര്‍ക്കോണി), വിവര്‍ത്തനം/പുനരാഖ്യാനം – ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ഓസിലെ മഹാമാന്ത്രികന്‍), ചിത്രീകരണം- പി.വൈ. സുധീര്‍ (ഖസാക്കിലെ തുമ്പികള്‍), നാടകം- ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ (കായലമ്മ) എന്നിവരാണ് പുരസ്‌കാരങ്ങള്‍ നേടിയത്.
വിദ്യാര്‍ഥി പരിഷത്ത് കാലം മുതല്‍ തന്റെ കഴിവ് തിരിച്ചറിഞ്ഞത് ആര്‍എസ്എസാണെന്ന് പത്മശ്രീ നേടിയ ചരിത്രകാരനായ ഡോ. സി.ഐ. ഐസക്. മലബാര്‍ കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനി പട്ടികയില്‍നിന്ന് ഒഴിവാക്കിയത് ചരിത്ര വസ്തുതകള്‍ കണക്കിലെടുത്താണെന്നും അതിന്റെ പേരിലല്ല പുരസ്‌കാരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു സഹായം തേടി ആരു വിളിച്ചാലും വനം ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വനവകുപ്പിലെ ഉദ്യോഗസ്ഥര്‍ എംഎല്‍എമാര്‍ വിളിച്ചാല്‍പോലും ഫോണെടുക്കില്ലെന്നു വ്യാപക പരാതിയുണ്ടെന്നും മന്ത്രി പറഞ്ഞു. .
ഇടുക്കി നെടുംകണ്ടത്ത് മകളെ പീഡിപ്പിച്ചതിനു പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുന്നതിനിടെ കസ്റ്റഡിയില്‍നിന്നു രക്ഷപെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് രണ്ടു മണിയോടെ ഇയാളുടെ വീടിനു സമീപത്തുനിന്നാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. നേരത്തെ രണ്ടു തവണ പൊലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും അതിവേഗം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ് ബഷീറിനെ(55)യാണ് മലപ്പുറം പിടികൂടിയത്. 2019 മുതല്‍ അയല്‍വാസിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ചു മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ഡല്‍ഹി സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാല എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ, എന്‍എസ്‌യുഐ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു. ജാമിയ മിലിയില്‍ സര്‍വകലാശാല അധികൃതരും പൊലീസും ചേര്‍ന്ന് പ്രദര്‍ശനം തടഞ്ഞിരുന്നു.
ഇന്ത്യ ഉള്‍പെടെ ലോകമെങ്ങും ആവിഷ്‌കാര, മാധ്യമ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്ത്വങ്ങള്‍ക്കു പ്രസക്തിയുണ്ടെന്ന് അമേരിക്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി വിവാദമായിരിക്കേയാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ടുമെന്റ് നിലപാടു വ്യക്തമാക്കിയത്.