ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിമി രാജ്യത്തിന്റെ ദേശീയതയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയും അന്താരാഷ്ട്ര ഇസ്ലാമിക ക്രമം നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ്. അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23 നകം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജപ്തി നടപടികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധന. പൊലീസുകാരുടെയും എസ്‌ഐമാരുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടു വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു ഡിജിപി നിര്‍ദ്ദേശം നല്‍കി. പോലീസിനു രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈഎസ്പി ഗുണ്ടാ സംഘങ്ങളുടെ മദ്യവിരുന്നില്‍ പങ്കെടുത്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള സമയക്രമം അംഗീകരിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോര്‍ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. പ്രീ സ്‌കൂള്‍, 1, 3, 5, 7, 9 ക്‌ളാസുകള്‍ക്ക് 2024- 25 അക്കാദമിക വര്‍ഷവും 2, 4, 6, 8, 10 ക്‌ളാസുകള്‍ക്ക് 2025-26 അക്കാദമിക വര്‍ഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി.
തൃശൂര്‍ കോര്‍പറേഷന്‍ പാട്ടത്തിനു നല്‍കിയ ഗസ്റ്റ് ഹൗസ് മന്ദിരത്തിന്റെ ചില ഭാഗങ്ങള്‍ നവീകരിക്കാനെന്ന പേരില്‍ വാടകക്കാരന്‍ പൊളിച്ചത് വിവാദമായി. വാടകക്കാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്. ഒത്തുകളി ആരോപിച്ച് പ്രതിപക്ഷം സമരവും ആരംഭിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടിലെ ബിനി ടൂറിസ്റ്റ് ഹോമിന്റെ പുതിയ വാടകക്കാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഓസ്‌കറിന്റെ ഉടമ ജിനീഷാണു നവീകരണത്തിനായി ചില ചുമരുകള്‍ പൊളിച്ചത്. നേരത്തെ അബ്കാരിയായ വി.കെ അശോകനായിരുന്നു വാടകയ്ക്ക് എടുത്തിരുന്നത്. ഒരു കോടി രൂപ അഡ്വാന്‍സും മാസം ഏഴുലക്ഷം രൂപ വാടകയ്ക്കുമാണു പുതിയ കരാര്‍. 29 ലക്ഷം രൂപയുടെ ആദ്യ ഗഡു അടച്ചതിനു പിറകേയാണ് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചത്.
തൃശൂര്‍ കോര്‍പറേഷനിലെ അരണാട്ടുകരയിലെ പാടം നികത്താന്‍ ബൈക്ക് റേസ് മത്സരം സംഘടിപ്പിച്ചും തട്ടിപ്പ്. ബൈക്ക് റേസിനുള്ള ട്രാക്കിനെന്ന പേരില്‍ 600 ലോഡ് മണ്ണാണ് പാടത്തു നിറച്ചത്. ഈ മണ്ണ് നീക്കം ചെയ്തിട്ടില്ല. മണ്ണ് മാറ്റാന്‍ ജില്ലാ കലക്ടര്‍ മത്സരത്തിന്റെ സംഘാടകര്‍ക്കു നോട്ടീസ് നല്‍കി. രണ്ടു സ്വകാര്യ വ്യക്തികളുടെ എട്ടേക്കര്‍ ഭൂമിയിലായിരുന്നു മത്സരം.
പാല നഗരസഭ ചെയര്‍മാന്‍ ആരാകണമെന്നു സിപിഎം തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പ്രാദേശികമായ കാര്യമാണ്. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ബിനു പുളിക്കകണ്ടത്തെ ചെയര്‍മാനാക്കാന്‍ സിപിഎം തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയോഗം വൈകുന്നേരം ആറിന്. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ച ഏക കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനാണു സിപിഎം ആദ്യം ആലോചിച്ചത്. എതിര്‍പ്പ് ഉയര്‍ന്നതോടെ നേതൃനിരയില്‍ ധാരണയുണ്ടാക്കിയെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടി തലത്തില്‍ തീരുമാനിക്കാനാണു യോഗം.
പാലാ നഗരസഭ ചെയര്‍മാന്‍ തര്‍ക്കത്തില്‍ തീരുമാനമെടുക്കേണ്ടതു സിപിഎമ്മാണെന്നും സിപിഎമ്മിന്റെ തീരുമാനം ഘടകകക്ഷികള്‍ അംഗീകരിക്കുമെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു.
വടക്കന്‍ പറവൂരിലെ മറ്റൊരു ഹോട്ടലില്‍നിന്ന് പഴകിയ അല്‍ഫാം പിടികൂടി. കുമ്പാരി ഹോട്ടല്‍ അടപ്പിച്ചു. 68 പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ പറവൂരിലെ മജ്‌ലിസ് ഹോട്ടലിലെ പാചകക്കാരന്‍ ഹസൈനാരെ കസ്റ്റഡിയിലെടുത്തു. മജ്‌ലിസ് ഹോട്ടലുടമ ഒളിവിലാണ്.
പോപ്പുലര്‍ ഫ്രണ്ട് കേസില്‍ കൊല്ലത്ത് എന്‍ഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പ്രവര്‍ത്തകന്‍ നിസാറുദ്ദീന്റെ വീട്ടിലാണ് പരിശോധന. ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാത ശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് മരിച്ചത്. ഉത്തരവാദിത്വമുള്ള ഡോക്ടര്‍ യഥാസമയം ശസ്ത്രക്രിയ നടത്താതിരുന്നതുമൂലമാണ് മരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചു. ഗര്‍ഭിണിയ നാലു ദിവസംമുമ്പേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. ഇന്നലെ വൈകിട്ട് ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയെ ആക്രമിക്കുകയും സ്റ്റേഷന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്ത മദ്യപസംഘം അറസ്റ്റില്‍. ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനു കസ്റ്റഡിയിലെടുത്ത എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് അക്രമം നടത്തിയത്.
കോഴിക്കോട് കല്ലാച്ചിയില്‍ ഉത്സവത്തിനിടെ പൊലീസിനുനേരെ ആക്രമണ നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശികളായ ഷിജില്‍, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. അക്രമികള്‍ പൊലീസ് വാഹനം തകര്‍ത്തിരുന്നു. പരിക്കേറ്റ പോലിസുകാര്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടി.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് പൊലീസ് ഉടുമുണ്ട് ഉപയോഗിച്ച് തുങ്ങിമരിക്കാന്‍ ശ്രമിച്ചത്.
പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക മറന്നുവച്ചെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നടത്തിയ സിറ്റിംഗിലാണ് ഇങ്ങനെ അറിയിച്ചത്.
നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരിയില്‍നിന്ന് മൂവായിരം രൂപ തട്ടിയ വിരുതനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബറാണ് പിടിയിലായത്. പുത്തൂര്‍ ചെറുകുന്നത്തെ വ്യാപാരിയെയാണ് ് പ്രതി കബളിപ്പിച്ച്ത്.
ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ ആദിവാസിയായ ഗര്‍ഭിണിക്കു ഗുരുതര പരിക്ക്. വീഴ്ചയുടെ ആഘാതത്തില്‍ ഏഴു മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് വീണ് പരിക്കേറ്റ് ആശുപത്രിയിലായത്.
കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്.
വൈകി എത്തിയ കുട്ടികളെ സ്‌കൂള്‍ കാമ്പസിലേക്കു പ്രവേശിപ്പിക്കാതെ സ്‌കൂള്‍ അധികൃതര്‍ പുറത്തു നിര്‍ത്തി ഗേറ്റ് അടച്ചുി. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവം. ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് അകത്തു പ്രവേശിപ്പിക്കാതിരുന്നത്.
കണ്ണൂര്‍ നഗരത്തില്‍ തനിച്ചു താമസിക്കുന്ന വയോധികയുടെ വീടിനു തീയിട്ട അയല്‍വാസിയെ അറസ്റ്റു ചെയ്തു. പാറക്കണ്ടിയിലെ സതീഷ് എന്ന ഉണ്ണിയെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ പന്ന്യന്നൂരില്‍ തിറ മഹോത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിന് രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എം.കെ അതുല്‍, പി.കെ അനില്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്.
ബസില്‍ യാത്രക്കാരിയുടെ മാല അപഹരിച്ചു രക്ഷപെടാന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് മധുര സ്വദേശിനി ഭഗവതി (37) യെയാണ് യാത്രക്കാര്‍ പിടികൂടി ആറ്റിങ്ങല്‍ പൊലീസിനു കൈമാറിയത്.
തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ഇന്നു വൈകുന്നേരം വന്‍ ശക്തിപ്രകടനം. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയാണ് ബിആര്‍എസ്സിന്റെ ശക്തിപ്രകടന റാലി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
തമിഴ്‌നാട് ഗവര്‍ണര്‍ രവിക്കു ഡല്‍ഹിയില്‍ വാതില്‍ തുറക്കാതെ ബെജപിയും കേന്ദ്ര സര്‍ക്കാരും. ഗവര്‍ണറുടെ നടപടികളോടു ബിജെപി കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാണാനാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ എത്തിയതെങ്കിലും സന്ദര്‍ശന സമയം അനുവദിച്ചിട്ടില്ല.
വിയറ്റ്‌നാം പ്രസിഡന്റ് നുയെന്‍ ഷ്വാന്‍ ഫുക്ക് രാജിവച്ചു. കൊവിഡ് കിറ്റുകള്‍ വിതരണം ചെയ്തതില്‍ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേയാണ് രാജി. ആരോപണവിധേയരായ രണ്ട് ഉപപ്രധാനമന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു. അഴിമതിയുടെ ഉത്തരവാദിത്തം പ്രസിഡന്റിനും ഉണ്ടെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് നുയെന്‍ ഷ്വാന്‍ ഫുക്ക് രാജിവച്ചത്.