mid day hd 2

 

തീവെട്ടിക്കൊള്ളയുമായി കേരള ബജറ്റ്. ഡീസല്‍, പെട്രോള്‍ വില രണ്ടു രൂപ വര്‍ധിപ്പിച്ചു. മദ്യത്തിനു വിലകൂട്ടി. വാഹന നികുതിയും വര്‍ധിപ്പിച്ചു. വൈദ്യുതി തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. വാണിജ്യ- വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയും വര്‍ധിപ്പിച്ചു. ഭൂനികുതിയും കെട്ടിട നികുതിയും വിവിധ അപേക്ഷാ ഫീസുകളും കൂട്ടി. വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ചുമത്തുന്നത്. കുടുംബ ബജറ്റ് തകര്‍ക്കുന്ന ബജറ്റ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഇന്ധന നിരക്കു വര്‍ധനയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധം.

രണ്ടു ലക്ഷം വിലയുള്ള പുതിയ മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റ തവണ നികുതി രണ്ടു ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമുണ്ടാക്കും. അഞ്ചു മുതല്‍ 15 വരെ ലക്ഷം രൂപയുള്ള വാഹനങ്ങള്‍ക്കു രണ്ടു ശതമാനമാണു നിരക്കു വര്‍ധന. അഞ്ചു ലക്ഷം രൂപ വരെയും 15 ലക്ഷത്തിനു മുകളിലും വിലയുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനമാണു വര്‍ധന. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വാഹനവിലയുടെ ഒറ്റത്തവണ നികുതി അഞ്ചു ശതമാനായി കുറച്ചു. ആറു മുതല്‍ 20 വരെ ശതമാനം തുകയാണ് ഈടാക്കിയിരുന്നത്. പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ സെസ് വര്‍ദ്ധിപ്പിച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് 100 രൂപ, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 200 രൂപ, മീഡിയം മോട്ടോര്‍ വാഹനം 300 രൂപ, ഹെവി മോട്ടോര്‍ വാഹനം 500 രൂപ എന്നീ നിരക്കിലാണു വര്‍ധിപ്പിച്ചത്.

ആയിരം രൂപവരെയുള്ള മദ്യത്തിന് 20 രൂപയും ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണി മൂല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ 30 ശതമാനംവരെ കൂട്ടും. കെട്ടിടം നിര്‍മാണത്തിനുള്ള അപേക്ഷയ്ക്കും പെര്‍മിറ്റിനുമുള്ള ഫീസ് വര്‍ധിപ്പിച്ചു. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കു പ്രത്യേക സെസ്. പണയാധാരങ്ങള്‍ക്ക് നൂറു രൂപ സര്‍ച്ചാര്‍ജ്. കെട്ടിട നികുതി വര്‍ധിപ്പിച്ചു. ഒന്നിലേറെ വീടുള്ളവര്‍ക്ക് അധിക നികുതി. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു.

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ല. തദ്ദേശ പദ്ധതി വിഹിതം ഉയര്‍ത്തി 8,828 കോടിയാക്കി ഉയര്‍ത്തി. ലൈഫ് മിഷന്‍ പദ്ധതിക്കായി 1436.26 കോടി രൂപ. ഇതുവരെ 3,22,922 വീടുകള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് പദ്ധതിക്കായി ആറ് മാസത്തിനിടെ 405 കോടി രൂപ അനുവദിച്ചു. 480 ആശുപത്രികളില്‍ സേവനം ലഭിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ. 10 കോടി തൊഴില്‍ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്ക്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കും.

സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി രൂപ. മെയ്ക്ക് ഇന്‍ കേരള പദ്ധതിക്കായി 1000 കോടി രൂപ അധികമായി അനുവദിക്കും. സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പ്. ഇതിനായി പിപിപി മോഡല്‍ കമ്പനി രൂപീകരിക്കാന്‍ 50 കോടി രൂപ. വിനോദസഞ്ചാര മേഖലക്ക് 362.15 കോടി അനുവദിച്ചു. തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങള്‍ക്കായി എട്ടു കോടി. അന്തര്‍ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി രൂപ. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടി രൂപ. ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും.

പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടിരൂപ. കെ ഫോണിന് 100 കോടി രൂപ. സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.5 കോടി. ടെക്‌നോ പാര്‍ക്കിന് 26 കോടി രൂപയും ഇന്‍ഫോപാര്‍ക്കിന് 35 കോടി രൂപയും മാറ്റിവച്ചു. വിഴിഞ്ഞം തുറമുഖത്തിനു ചുറ്റും വ്യവസായി ഇടനാഴി. കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. വന്യ ജീവികള്‍ ജനവാസമേഖലയിലേക്കു കടക്കുന്നത് തടയാന്‍ രണ്ടു കോടി രൂപ. വന്യജീവി ആക്രമണങ്ങളിലെ നഷ്ട പരിഹാര തുക വര്‍ധിപ്പിക്കും.

സംസ്ഥാന ബജറ്റില്‍ ശബരിമല മാസ്റ്റര്‍ പ്ലാനിനു 30 കോടി. എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കല്‍ വികസനത്തിന് രണ്ടര കോടി രൂപയും വകയിരുത്തി.

കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിച്ചെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവകാശപ്പെട്ടു. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം ഈ വര്‍ഷം 85,000 കോടി ആകും. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡി വിഹിതം 600 കോടിയാക്കി.

കേരളം കടക്കെണിയില്‍ അല്ലെന്നു ധനമന്ത്രി. കേന്ദ്ര ധന നയം പ്രതികൂലമാണ്. വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്. എന്നാല്‍ കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേല്‍പ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസ്ത്രീയമായ നികുതി വര്‍ദ്ധനയാണ് ബജറ്റിലുള്ളത്. വിലക്കയറ്റം രൂക്ഷമായിരിക്കേ പെട്രോളിനും ഡീസലിനും സെസ് ചുമത്തിയത് ജനങ്ങളെ കൊള്ളയടിക്കലാണ്. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരം തുടങ്ങുമെന്നും സതീശന്‍.

ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കുമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യങ്ങളാണ് ഇവിടെ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കിഫ്ബി വായ്പകളുടെ ദുരന്തമാണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്‍ജിനില്‍ തീ പിടിച്ചതിനാലാണ് വിമാനം തിരിച്ചിറക്കിയത്.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ബജറ്റ് ചര്‍ച്ചയാകും. ആലപ്പുഴയിലെ പാര്‍ട്ടിയിലുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്. പാലക്കാട്, തൃക്കാക്കര എന്നിവിടങ്ങളിലെ സംഘടനാ വിഷയങ്ങള്‍ അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും.

സിപിഐ നിര്‍ണായക നിര്‍വാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കളുടെ കൂറ് മാറ്റവും പാര്‍ട്ടിക്കുണ്ടായ വീഴ്ചയും യോഗം ചര്‍ച്ച ചെയും.

സ്‌കൂളിലെ അടിപിടിക്കേസില്‍ പ്രതിയായ മകനെ രക്ഷിക്കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ ശല്യം ചെയ്ത പോലീസ് എസ്‌ഐക്കു സസ്‌പെന്‍ഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്‌ഐ എന്‍ അശോക് കുമാറിനെയാണ് സസ്‌പെന്‍ഡു ചെയ്തത്.

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബി എല്‍ റാവില്‍ ഒരു വീട് തകര്‍ത്തു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്.

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യുവാവ് കുത്തേറ്റു മരിച്ചു. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്.

നാട്ടില്‍നിന്ന് അവധി കഴിഞ്ഞു മടങ്ങിയെത്തിയ പ്രവാസി മലയാളി റിയാദ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്.

ആറ്റിങ്ങലില്‍ 15 കിലോ കഞ്ചാവുമായി ആറ്റിങ്ങല്‍ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെ എക്‌സൈസ് പിടികൂടി.

അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമജന്മഭൂമി കോംപ്ലക്‌സ് ബോംബിട്ട് തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. രാംകോട്ട് സ്വദേശിയായ മനോജ് എന്നയാള്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സുരക്ഷ ശക്തമാക്കി.

‘ശങ്കരാഭരണം’ ഫെയിം തെലുങ്ക് സംവിധായകന്‍ കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ് ഹൈദരാബാദിലെ വസതിയില്‍ അന്തരിച്ചു. 91 വയസായിരുന്നു.

മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓര്‍ച്ചയില്‍ മദ്യഷോപ്പുകള്‍ക്കു മുന്നില്‍ പശുക്കളെ കെട്ടി ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം. മദ്യം വര്‍ജിച്ച് പാല്‍ കുടിയ്ക്കൂവെന്നും ഉമാ ഭാരതി ആഹ്വാനം ചെയ്തു.

മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും ആര്‍എസ്എസിന്റേയും തട്ടകമായ നാഗ്പൂരിലെ അഞ്ചിടത്തു നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിനാണ് വിജയം.

രണ്ടര മാസത്തിനിടെ ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍നിന്ന് കണ്ടെത്തിയത് 348 മൊബൈല്‍ ഫോണുകള്‍. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും ഫോണുകള്‍ കണ്ടെടുത്തത്.

മദ്ധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിലെ ടെകോളൂക്കയിലെ 40,000 പേരെ പാര്‍പ്പിക്കാവുന്ന ജയില്‍ ആരംഭിച്ചു. ല്‍ ഏഴു മാസത്തിനിടെ സൈന്യവും പൊലീസും ഏതാണ്ട് 62,000 ത്തിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ജയിലാണ് ഇത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *