mid day hd 7

 

സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിനെതിരേ ഡല്‍ഹി ജന്തര്‍ മന്ദറില്‍ കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും നടത്തുന്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ തടയുകയാണ്. ഒരു പുതിയ സമരത്തിന് തുടക്കമാണിത്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം. ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. പാവങ്ങളുടെ വീട് തങ്ങളുടെ ഔദാര്യമാണെന്ന് ബ്രാന്‍ഡ് ചെയ്യാനാവില്ല. മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ പത്തരയോടെ കേരള ഹൗസില്‍നിന്നു മാര്‍ച്ചു നടത്തിയാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് എത്തിയത്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കളും ഡിഎംകെ, ആംആദ്മി പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാന സര്‍ക്കാര്‍തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 57,800 കോടി രൂപ കേന്ദ്രത്തില്‍നിന്നു കിട്ടാനുണ്ടെന്ന പ്രചാരണം വെറും നുണയാണ്. കേരളത്തില്‍ നികുതി പിരിവ് പരാജയമാണ്. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. സര്‍ക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഒഴിവാക്കി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങളില്‍നിന്നു തന്നെ ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.

വിദേശ സര്‍വ്വകലാശാലകള്‍ ആരംഭിക്കാമെന്ന ശുപാര്‍ശ ബജറ്റില്‍ നല്‍കിയത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അല്ലെന്ന് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍. നയരൂപീകരണത്തിനായി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടില്ലെന്നും രാജന്‍ ഗുരുക്കള്‍.

പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കടാംപൊയിലിലുള്ള പിവിആര്‍ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് നല്‍കി. കേസ് ഇന്നു പരിഗണിക്കാനിരിക്കേയാണ് തിടുക്കത്തില്‍ ലൈന്‍സന്‍സ് നല്‍കിയത്. അപേക്ഷ പൂര്‍ണമല്ലെന്നും വേണ്ട രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ലൈസന്‍സ് നല്‍കാതിരിക്കുകയായിരുന്നു.

ആറു മാസമായി മുടങ്ങിയ പെന്‍ഷന്‍ ആവശ്യപ്പെട്ട് റോഡിലിരുന്നു പ്രതിഷേധിച്ച് 90 വയസുകാരി. ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്താണ് പൊന്നമ്മ എന്ന വയോധിക ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം പ്രതിഷേധിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പൊന്നമ്മയെ അനുനയിപ്പിച്ച് തിരിച്ചയച്ചു.

തമിഴ്നാട്ടില്‍നിന്നു ബൈക്കില്‍ അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കെത്തിയ ദമ്പതിമാരെ കാട്ടാന ആക്രമിച്ചു. കോയമ്പത്തൂരില്‍ കണ്ണിമാര്‍ നഗര്‍ പൊന്നുചാമി മകന്‍ സുരേഷ് (45), ഭാര്യ സെല്‍വി (40)എന്നിവര്‍ക്കു പരിക്കേറ്റു. അതിരപ്പിള്ളിയില്‍നിന്ന് തിരികെ പോകുന്നവഴി ഷോളയാര്‍ വ്യൂ പോയന്റിന് സമീപത്തെ വളവിലായിരുന്നു ബൈക്ക് യാത്രക്കാരെ കാട്ടാന ആക്രമിച്ചത്.

ഓടിക്കൊണ്ടിരുന്ന വേണാട് എക്‌സ്പ്രസില്‍നിന്ന് പുറത്തേക്കു ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. കൊല്ലം പന്മന സ്വദേശിയായ അന്‍സാര്‍ ഖാനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ തില്ലങ്കേരിയില്‍ കുട്ടികളെ പേടിപ്പിച്ച് ഓടിച്ച തെയ്യത്തിനു നാട്ടുകാരുടെവക അടി. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരില്‍ ചിലര്‍ തല്ലിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി നിലനിര്‍ത്തുമെന്നു റിസര്‍വ് ബാങ്ക്. ധന നയ യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തുടര്‍ച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു. പണപ്പെരുപ്പം കുറയുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

സ്‌ട്രോംഗ് റൂമില്‍നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചുകൊണ്ടുപോയത് വിലപ്പെട്ട എന്തോ സൂക്ഷിച്ച ബ്രീഫ് കെയ്‌സെന്ന് കരുതിയാണെന്ന് യുവാക്കള്‍. പൂനെയിലെ സസ്വാദില്‍നിന്ന് ഒരു വോട്ടിങ് മെഷീന്‍ മോഷ്ടിച്ച പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. സ്‌ട്രോങ് റൂമിന്റെ ചുമതലക്കാരായ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റു ചെയ്തു.
ലക്‌നൗ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന മംഗലാപുരം സ്വദേശിയായ ഫാദര്‍ ഡൊമിനിറ് പിന്റുവാണ് അറസ്റ്റിലായ പുരോഹിതന്‍. അദ്ദേഹത്തിന് പുറമെ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും പിടിയിലായി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *