അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനന്‍സാണെങ്കില്‍ മുഖ്യമന്ത്രി രാജ് ഭവനില്‍ എത്തി വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണ്. ഗവര്‍ണര്‍ ഒപ്പുവച്ചില്ലെന്ന് വഴിനീളെ പറഞ്ഞു നടന്നിട്ടു കാര്യമില്ല. കണ്ണൂര്‍ വിസിയുടെ പുനര്‍നിമയനത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒമ്പതു തവണയാണ് ഇടപെട്ടത്. ഗവര്‍ണര്‍ പറഞ്ഞു.
തൃശൂര്‍ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടര്‍ പ്രതാപന്‍ 126 കോടി രൂപയുടെ നികുതി വെട്ടിപ്പു കേസില്‍ റിമാന്‍ഡില്‍. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു കേരള ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പ്രതാപനെ അറസ്റ്റു ചെയ്തത്. തൃശൂര്‍ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണു പ്രതാപന്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്തായ ഡോക്ടര്‍ വിവാഹത്തില്‍നിന്നു പിന്മാറിയതുമൂലമെന്നു റിപ്പോര്‍ട്ട്. വെഞ്ഞാറമൂട് സ്വദേശിനി ഡോ. എ.ജെ. ഷഹന എന്ന 26 കാരിയാണു മരിച്ചത്. എല്ലാവര്‍ക്കും വേണ്ടതു പണമാണെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഫര്‍ഹാസ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവം കാസര്‍കോട് അഡീഷണല്‍ മുനിസിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും. മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് നടപടി.
കൊല്ലം ഏരൂരില്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികള്‍ ഇയാള്‍ക്കെതിരേ പരാതിപ്പെട്ടിരുന്നു.
മണ്ണാര്‍ക്കാട് പുല്ലിശേരി സ്വദേശി സൗദിയില്‍ ബംഗാളിയുടെ കുത്തേറ്റു മരിച്ചു. ചേരിക്കപ്പാടം സെയ്ദിന്റെ മകന്‍ അബ്ദുള്‍ മജീദ് എന്ന 44 കാരനാണു മരിച്ചത്.
രാജസ്ഥാനിലെ രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷന്‍ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ഇന്നു ഹര്‍ത്താല്‍. കര്‍ണിസേനയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഗുട്പത് വന്ത് സിംഗ് പന്നു. ഈ മാസം 13 ന് മുമ്പ് ആക്രമിക്കുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെയുള്ള ഭീഷണി. പാക് ചാരസംഘമായ ഐഎസ്ഐയുടെ സഹായത്തോടെ ആക്രമിക്കുമെന്നാണു വിഡിയോയില്‍ പറയുന്നത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പൊതുമേഖലയും സ്വകാര്യ മേഖലയും ചേര്‍ന്ന് ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങള്‍ നടത്തിയാല്‍ വന്‍ മുന്നേറ്റമുണ്ടാക്കും. ഗ്ലോബല്‍ ടെക്‌നോളജി സമ്മിറ്റില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി പരീക്ഷയ്ക്കിടെ സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കിടെ ടെയ്ലെറ്റില്‍ പോകണമെന്നു പറഞ്ഞു പരീക്ഷാഹാളില്‍നിന്നു പുറത്തുപോയി കെട്ടിടത്തിനു മുകളില്‍നിന്നു ചാടുകയായിരുന്നു.