സംസ്ഥാനത്ത് ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞെന്ന അവകാശവാദവുമായി വ്യവസായ മന്ത്രി പി രാജീവ്. പദ്ധതി ആരംഭിച്ച 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 ഡിസംബര്‍ 29 വരെ 2,01,518 സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചെന്നാണ് മന്ത്രിയുടെ വാദം. 12,537 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 4,30,089 പേര്‍ക്കു തൊഴില്‍ ലഭിച്ചു. പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ മൂന്നിലൊന്നും വനിതാ സംരംഭകരുടേതാണെന്നും മന്ത്രി രാജീവ് പറയുന്നു.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്‌നുകളുമായി നാലാമത്തെ കപ്പല്‍ എത്തി. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെന്‍ ഹുവ 15 ആണ് രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമായി എത്തിയത്. ഈ ക്രെയിനുകള്‍കൂടി സ്ഥാപിക്കുന്നതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്‌നുകളും 11 യാര്‍ഡ് ക്രെയ്‌നുകളുമാകും. ഇവ പ്രവര്‍ത്തനസജ്ജമാക്കിയ ശേഷമായിരിക്കും കൂടുതല്‍ ക്രെയിനുകള്‍ എത്തിക്കുക.
നാളെ രാത്രി എട്ടു മുതല്‍ ഒന്നാം തീയതി രാവിലെ ആറുവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പെട്രോള്‍ പമ്പുകള്‍ക്കുനേരെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണ സാധ്യത കൂടുതലുള്ള പുതുവല്‍സര രാത്രിയില്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പമ്പുകള്‍ മാര്‍ച്ചു മാസം മുതല്‍ രാത്രി പത്തു വരെ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത്തവണ തൃശൂരില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. സുരേഷ് ഗോപി കഴിഞ്ഞ തവണ തോറ്റിട്ടും തൃശൂരില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. ടിഎന്‍ പ്രതാപന്‍ ജനത്തിനായി ഒന്നും ചെയ്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഞെട്ടിത്തോട് വന മേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടെന്ന വിവരം പുറംലോകത്തെ അറിയിച്ചത് കബനിദളം കമാന്റര്‍ സിപി മൊയ്തീനും സംഘവുമാണെന്ന് പോലീസ്. വയനാട് തിരുനെല്ലിയിലാണ് സിപി മൊയ്തീന്റെ നേതൃത്വത്തില്‍ കവിതയുടെ മരണത്തില്‍ പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റര്‍ പതിച്ചത്.
പൊലീസില്‍ നിയമനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സിയുടെ സിവില്‍ പൊലിസ് റാങ്ക് പട്ടികയിലുള്ളവര്‍ നവകേരള സദസ്സിന് നല്‍കിയ പരാതി കൈമാറിയത് ലൈഫ് മിഷനും തൊഴില്‍ വകുപ്പിനും, സൈനിക ക്ഷേമ വകുപ്പിനും. പരാതിയുടെ പുരോഗതി അറിയാന്‍ ഉദ്യോഗാര്‍ത്ഥി വിളിച്ചപ്പോള്‍ പരാതി കിട്ടിയ വിവരം പോലും ഈ വകുപ്പുകള്‍ക്കില്ല. ഏഴു ബറ്റാലയിനുകളിലേക്കുള്ള പൊലിസ് നിയമന പട്ടികക്കുള്ള കാലാവധി തീരാന്‍ ഇനി മൂന്നു മാസമേയുള്ളൂ.
രാജ്ഭവനില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവായത് അഞ്ചു ലക്ഷം രൂപ. രാജ്ഭവന്റെ ആവശ്യമനുസരിച്ച് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരുന്നു. ചടങ്ങിനുശേഷം ചായ സല്‍ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.
ശബരിമലയില്‍ മകരവിളക്ക് തീര്‍ഥാടനത്തിന് എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം നടത്താനും അഭിഷേകം നടത്താനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കി.
കേരളത്തെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന ഇടമാക്കിയത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തി ആയാലും വിഭക്തി ആയാലും അതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് വൈക്കം സത്യാഗ്രഹം ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. വെള്ളത്തുണിയില്‍ മഞ്ഞപ്പൊടി മുക്കിയാണ് ഉപയോഗിക്കേണ്ടത് എന്ന് ഗുരു പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണമെന്ന് ശ്രീ നാരായണധര്‍മ്മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ. പിണറായി വിജയന്‍ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പൂജാരിമാരായി ഈഴവ വിഭാഗത്തെയും പ്രവേശിപ്പിച്ചത് രണ്ടാം വിപ്ലവമാണ്. ശബരിമല, ഗുരുവായൂര്‍ പോലെയുള്ള ക്ഷേത്രങ്ങളിലും മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൃദ്രോഗം ബാധിച്ച് ആശുപത്രിയില്‍ കിടന്ന അമ്മയ്ക്ക് ഭക്ഷണം എത്തിക്കാന്‍ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ കോഴിക്കോട് അത്തോളിയില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു പിറകേ അമ്മ മരിച്ചു. ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ലിനീഷ് കുമാറിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. അറിഞ്ഞുള്ള മനോവിഷമം കാരണമാണ് അമ്മ മരിച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയതിനായിരുന്നു അറസ്റ്റ്. ആശുപത്രിയിലുള്ള അമ്മയ്ക്കു ഭക്ഷണം കൊടുക്കാന്‍ വീട്ടില്‍ വന്നതാണെന്നും ഭക്ഷണം കൊടുത്തശേഷം വരാമെന്നു പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്നാണു പരാതി.
പുതുവത്സര ആഘോഷത്തിന് ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍. ആര്‍ഡിഒ ഉത്തരവ് അംഗീകരിക്കില്ല. എല്ലാ സര്‍ക്കാര്‍ അനുമതിയും നേടിയാണ് ഒരുക്കങ്ങള്‍ നടത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബനഡിക്റ്റ് പറഞ്ഞു.
കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നല്‍കിയ ലാബുകള്‍ക്ക് പത്തനംതിട്ട ജില്ലാ ഉപഭോക്ത തര്‍ക്കപരിഹാര കമ്മീഷന്‍ പിഴ ചുമത്തി. അടൂര്‍ കെയര്‍ സ്‌കാന്‍സ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്‌കാന്‍സിനുമാണ് പിഴ ചുമത്തിയത്. 1,79,000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നല്‍കണമെന്നാണ് വിധി.
കൂടാതെ 25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നല്‍കാനും ഉത്തരവിട്ടു.
മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി. മോഹനകൃഷ്ണന്‍ അനുസ്മരണത്തിനു ഗവര്‍ണറെ ക്ഷണിച്ചതില്‍ പരസ്യ പ്രതികരണം അരുതെന്ന് കെപിസിസി. പ്രതിഷേധിച്ച മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടാണു സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്.
വയനാട് ജില്ലയിലെ നടവയലില്‍ അവശ നിലയില്‍ കണ്ടെത്തിയ പുലിയെ വനംവകുപ്പ് അധികൃതര്‍ വലയിട്ട് പിടികൂടി. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികില്‍സ ആരംഭിച്ചിട്ടുണ്ട്.
ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. കോയമ്പത്തൂരില്‍ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രന്റെയും മകള്‍ നിവേദ (21) ആണ് മരിച്ചത്.
തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ചായക്കടയിലേക്കു ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ചു ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. സിമന്റ് ലോറിയാണ് ചായക്കടയിലേക്ക് കയറിയത്. സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ഈ രണ്ടു വാഹനങ്ങളിലും ഉണ്ടായിരുന്നവരാണ് മരിച്ചത്.
രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പുതുക്കിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 15,700 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു.
അയോധ്യ ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമന്‍ ഹിന്ദുവിന്റേതു മാത്രമല്ല എല്ലാവരുടെയുമാണ്. വെറുപ്പ് മാറ്റിവച്ച് മതസൗഹാര്‍ദത്തിന്റെ അവസരമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കരികിലെ സ്‌ഫോടനത്തില്‍ ടൈമര്‍ ഉപയോഗിച്ചെന്നു ഫോറന്‍സിക് കണ്ടെത്തല്‍. 12 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്‍എസ്ജി പരിശോധന പൂര്‍ത്തിയാക്കി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസെടുത്തത് അജ്ഞാതര്‍ക്കെതിരെയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ആരെന്ന് ഇനിയും കണ്ടെത്താനായില്ല. ഭീകരാക്രമണമാണെന്നാണ് ഇസ്രയേല്‍ പറയുന്നത്.
പൊലീസ് സംരക്ഷണം ലഭിക്കാനായി സ്വന്തം വീടിനുനേരെ ആക്രമണം നടത്തിയ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്‌നാട് ഘടകം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകന്‍ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവന്‍ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
ബിഹാറില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന പഴയ വിമാനം റോഡിനു നടുവില്‍ മോത്തിഹരിയിലെ പാലത്തിനിടിയില്‍ കുടുങ്ങി. ഇതോടെ ഈ മേഖലയില്‍ ഗതാഗതം മുടങ്ങി. മുംബൈയില്‍നിന്ന് ആസാമിലേക്ക് കൊണ്ടുപോവുകയായിരുന്ന വിമാനമാണു പാലത്തില്‍ കുടങ്ങിയത്.
കര്‍ണാടകയില്‍ അടച്ചുപൂട്ടി കിടന്ന വീട്ടില്‍ അഞ്ചു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു.
കനേഡിയന്‍ ഗുണ്ട നേതാവ് ലഖ്ബീര്‍ സിംഗ് ലാംഡയെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് പ്രഖ്യാപനം. 2021 ല്‍ പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരായ ആക്രമണത്തില്‍ ലഖ്ബീര്‍ സിങിനും പങ്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി.